വിവാഹം ബന്ധം വേര്‍പെടുത്തുന്നില്ല; ആശ്രിത നിയമനത്തിന് വിവാഹിതരായ പെണ്‍മക്കള്‍ക്കും അര്‍ഹതയെന്ന് സുപ്രീം കോടതി

വിവാഹം ബന്ധം വേര്‍പെടുത്തുന്നില്ല; ആശ്രിത നിയമനത്തിന് വിവാഹിതരായ പെണ്‍മക്കള്‍ക്കും അര്‍ഹതയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വിവാഹം കഴിഞ്ഞതുകൊണ്ട് മാത്രം ഒരു മകള്‍ക്ക് മാതാപിതാക്കളുടെ ആശ്രിത നിയമനത്തിനുള്ള അര്‍ഹത ഇല്ലാതാകുന്നില്ലെന്ന് സുപ്രീം കോടതി. വിവാഹിതരായ പെണ്‍മക്കളെ കുടുംബം എന്ന നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കുന്നത് ഭരണഘടനാ വിരുദ്ധവും അന്യായവുമാണെന്ന് കോടതി വ്യക്തമാക്കി.

അലഹാബാദ് ഹൈക്കോടതിയുടെ മുന്‍ വിധികള്‍ റദ്ദാക്കിക്കൊണ്ട് ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ആലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്.

വിവാഹം കഴിയുന്നതോടെ ഒരു മകള്‍ സ്വന്തം കുടുംബവുമായുള്ള ബന്ധം പൂര്‍ണമായി ഉപേക്ഷിക്കുന്നു എന്ന ധാരണ ലിംഗ വിവേചനപരമായ ചിന്താഗതിയുടെ ഭാഗമാണ്. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണ്. സമകാലിക സാമൂഹിക സാഹചര്യങ്ങളില്‍ പല വിവാഹിതരായ പെണ്‍മക്കളും മാതാപിതാക്കളോടൊപ്പം താമസിക്കുകയോ, അവരെ സംരക്ഷിക്കുകയോ അല്ലെങ്കില്‍ അവരെ ആശ്രയിക്കുകയോ ചെയ്യുന്നുണ്ട്.

വിവാഹിതനായ ഒരു മകനെ കുടുംബത്തിന്റെ പരിധിയില്‍ നിലനിര്‍ത്തുകയും മകളെ ഒഴിവാക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ 14, 15(1) അനുച്ഛേദങ്ങളുടെ ലംഘനമാണ്. ആശ്രിതത്വം എന്നത് ലിംഗ ഭേദത്തിന്റെ അടിസ്ഥാനത്തിലല്ല. മറിച്ച് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് പരിശോധിക്കേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശിലെ ഒരു റേഷന്‍ കട ഡീലറായ മാതാവിന്റെ മരണത്തെത്തുടര്‍ന്ന്, മകളായ കുല്‍സും നിഷ ആശ്രിത ക്വാട്ടയില്‍ ലൈസന്‍സിനായി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ വിവാഹിതയായ പെണ്‍കുട്ടി യുപി സര്‍ക്കാരിന്റെ നിയമപ്രകാരം കുടുംബം എന്ന നിര്‍വചനത്തില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതര്‍ അപേക്ഷ തള്ളി. ഇതിനെതിരെ നല്‍കിയ ഹര്‍ജി അലഹാബാദ് ഹൈക്കോടതിയും നിരസിച്ചതോടെയാണ് യുവതി സുപ്രീം കോടതിയെ സമീപിച്ചത്.

വിവാഹിതയാണെങ്കിലും യുവതി സ്വന്തം ഗ്രാമത്തില്‍ താമസിച്ച് മാതാവിനെയും ഭിന്നശേഷിക്കാരിയായ സഹോദരിയേയും പരിചരിച്ചു വരികയായിരുന്നു. കേസ് പരിഗണിച്ച സുപ്രീം കോടതി യുവതിക്ക് അനുകൂലമായി ഉത്തരവിടുകയും നാലാഴ്ചയ്ക്കകം ലൈസന്‍സ് അനുവദിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

ആശ്രിത ക്വാട്ടയുടെ ലക്ഷ്യം മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ആശ്വാസം നല്‍കുക എന്നതാണ്. ഇതില്‍ ആശ്രിതത്വത്തിനാണ് മുന്‍ഗണന നല്‍കേണ്ടത്. അവിടെ വിവാഹ പ്രായം അല്ലെങ്കില്‍ വിവാഹ പദവി എന്നത് മാനദണ്ഡമാക്കുന്നത് യുക്തി ശൂന്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

ബോംബെ, കര്‍ണാടക, കല്‍ക്കട്ട ഹൈക്കോടതികളുടെ സമാനമായ പുരോഗമന പരമായ വിധികള്‍ ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ ഈ പുതിയ ഉത്തരവ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.