ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ റസ്റ്ററന്റിലുണ്ടായ വന്‍ തീപ്പിടുത്തത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരില്‍ 11 പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി മാളവ്യ നഗറിലെ 'ലെമണ്‍ ഗ്രീന്‍ റസ്റ്ററന്റി'ലാണ് തീപ്പിടിത്തമുണ്ടായത്.
ഇന്ന് രാവിലെ 8.50 ഓടെയാണ് ഒന്നിലേറെ നിലകളുള്ള ലെമണ്‍ ഗ്രീന്‍ റസ്റ്ററന്റില്‍ തീപ്പിടിത്തമുണ്ടായതെന്നാണ് വിവരം. എന്നാല്‍ 9.45 ഓടെയാണ് തീപ്പിടിത്തത്തെക്കുറിച്ച് വിവരം ലഭിച്ചതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് അധികൃതര്‍ പറഞ്ഞു. വിവരമറിഞ്ഞയുടന്‍ നെഹ്റു പ്ലേസ് ഫയര്‍ സ്റ്റേഷനില്‍നിന്നുള്ള സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
പിന്നീട് ഫയര്‍ സര്‍വീസിന്റെ കൂടുതല്‍ യൂണിറ്റുകളും സ്ഥലത്തെത്തി. മണിക്കൂറുകള്‍ക്കുള്ളില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. തീപ്പിടത്തത്തിന്റെ കാരണം വ്യക്തമല്ല.
റസ്റ്ററന്റിനകത്ത് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ വരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായും സ്ഥലത്ത് പരിശോധന തുടരുകയാണെന്നും ഫയര്‍ സര്‍വീസ് അധികൃതര്‍ പറഞ്ഞു.
തീ പിടുത്തത്തില്‍ മരിച്ചവരില്‍ അധികവും വിദേശികളാണെന്ന വിവരങ്ങളുണ്ട്. മരിച്ചവരില്‍ മിക്കവരും ദക്ഷിണാഫ്രിക്കന്‍ സ്വദേശികളാണെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതി പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. അതിനിടെ, വിദേശികളായ സ്ത്രീകളടക്കമുള്ളവര്‍ തീപിടുത്തമുണ്ടായ റസ്റ്ററന്റ് കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.