കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രാഷ്ട്രീയക്കളി മുറുകുന്നു. തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജി എംഎല്‍എയെ പ്രതിപക്ഷ നേതാവായി സ്പീക്കര്‍ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനര്‍ജിക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചിഹ്നമടക്കം നഷ്ടപ്പെട്ടേക്കും. പാര്‍ട്ടി ഇതോടെ പിളരുകയും ചെയ്തു.
പ്രതിപക്ഷ നേതാവാകാന്‍ 59 എംഎല്‍എമാരുടെ കത്തുമായി ഋതബ്രത ബാനര്‍ജി സ്പീക്കര്‍ രവിന്ദ്രനാഥ് ബോസിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് മമത വിഭാഗത്തെ ഒഴിവാക്കി ഋതബ്രത ബാനര്‍ജിയെ പ്രതിപക്ഷ നേതാവാക്കിയത്. ശോഭന്‍ ദേബ് ചതോപാദ്ധ്യയയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഷേക് ബാനര്‍ജി നല്‍കിയ കത്ത് സ്പീക്കര്‍ പരിഗണിച്ചില്ല.
തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന അവകാശ വാദവുമായി വിമതര്‍ രംഗത്തെത്തിയത് മമതയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ഋതബ്രത ബാനര്‍ജിയെയും സന്ദീപന്‍ സാഹയെയും തൃണമൂല്‍ നേതൃത്വം നേരത്തെ പുറത്താക്കിയിരുന്നു.
എന്നാല്‍ ആകെ 80 എംഎല്‍എമാരുള്ള പാര്‍ട്ടിയില്‍ മൂന്നില്‍ രണ്ട് ഭാഗത്തിലധികം (58 പേര്‍) അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് വിമതര്‍ അവകാശപ്പെടുന്നു. കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആവശ്യമായ പിന്തുണ ഇവര്‍ക്കുണ്ട്. ഇതോടെ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നത്തിനായി വിമതര്‍ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയും ഏറി.
നേരത്തെ, ശോഭന്‍ദേബ് ചതോപാധ്യായയെ പ്രതിപക്ഷ നേതാവായി മമതയുടെ അനന്തരവനും പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ എംഎല്‍എമാരുടെ വ്യാജ ഒപ്പ് രേഖപ്പെടുത്തിയെന്ന ആരോപണം ഉയര്‍ന്നതോടെ ഈ നിര്‍ദേശം സ്വീകരിക്കപ്പെട്ടില്ല.
ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കുകയും മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അനുമതിയോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു. അഭിഷേക് ബാനര്‍ജി ഉള്‍പ്പെടെയുള്ള പ്രമുഖരെ ഈ കേസില്‍ ചോദ്യം ചെയ്യും എന്നാണറിയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.