രാത്രി യാത്രയ്ക്ക് നിരോധനം. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി
കോഴിക്കോട്: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കില്‍ ഉള്‍പ്പെട്ട മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് റിപ്പോര്‍ട്ട്. സ്ഥിതിഗതികള്‍ ഗുരുതരമായതിനെ തുടര്‍ന്ന് വിലങ്ങാട് ഉള്‍പ്പെടെയുള്ള അപകട സാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളെ ഉടന്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ എം.എസ് മാധവിക്കുട്ടി അടിയന്തര ഉത്തരവിട്ടു.
വിലങ്ങാട്, വാളൂക്ക്, മലയങ്ങാട്, ഉരുട്ടി, പന്നിയേരി തുടങ്ങിയ പ്രദേശങ്ങളിലെ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍, കുത്തനെയുള്ള ചരിവുകളിലുള്ളവര്‍, മുമ്പ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ക്ക് സമീപമുള്ളവര്‍ എന്നിവരെ ഉടനടി മാറ്റും. വിലങ്ങാട് മേഖലയിലെ മലയോര റോഡുകളിലൂടെ രാത്രി ഏഴ് മുതല്‍ രാവിലെ ആറ് വരെ അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ യാത്ര ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു.
മാറ്റിത്താമസിപ്പിക്കലിന്റെ ചുമതല വടകര ആര്‍.ഡി.ഒ (നോഡല്‍ ഓഫീസര്‍), വടകര തഹസില്‍ദാര്‍ (അസി. നോഡല്‍ ഓഫീസര്‍) എന്നിവര്‍ക്ക് നല്‍കി. വാണിമേല്‍, നരിപ്പറ്റ ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ ഉടന്‍ സജ്ജമാക്കും.
അപകട മേഖലകളിലുള്ളവര്‍ അധികൃതരുടെ നിര്‍ദേശങ്ങളോട് പൂര്‍ണമായി സഹകരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കുക, വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ 2005 ലെ ദുരന്തനിവാരണ നിയമ പ്രകാരം കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.