"ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം"; പൂക്കളും പുസ്തകങ്ങളും ദേശീയ പതാകകളുമായി ജന്തർമന്തറിൽ സിജെപി പ്രതിഷേധം


ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം തലസ്ഥാനത്ത് ആരംഭിച്ചു. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സ്ഥാപക പ്രസിഡന്റ് അഭിജീത് ദിപ്കെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം തുടരുകയാണ്.

വിവിധയിടങ്ങളിൽ നിന്നായി ആയിരത്തിൽ അധികംപേർ ജന്തർമന്തറിലെ സമരത്തിൽ അണിചേർന്നിട്ടുണ്ട്. പൂക്കളും പുസ്തകങ്ങളും ദേശീയ പതാകകളുമായാണ് പാറ്റകൾ പ്രതിഷേധത്തിനായി ജന്തർമന്തറിൽ എത്തിക്കൊണ്ടിരിക്കുന്നത്.

യുഎസിൽ നിന്നെത്തിയ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ അടക്കം നേതാക്കൾ ജന്തർ മന്തറിലുണ്ട്. പാറ്റകൾ വരുന്നു, ധർമ്മേന്ദ്ര പ്രധാൻ പോവുന്നു എന്ന മുദ്രാവാക്യമാണ് ഇപ്പോൾ ജന്തർമന്തറിൽ മുഴങ്ങുന്നത്.

പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാ​ഗമായി ദേശീയ തലസ്ഥാനത്തെ പ്രധാന സ്ഥലങ്ങളിൽ പൊലീസിനെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽനിന്നുള്ള ആളുകളാണ് പ്രതിഷേധത്തിനെത്തിയത്.

വിദ്യാർഥികൾ, യുവാക്കൾ, രക്ഷിതാക്കൾ ഉൾപ്പെടെ ഒട്ടേറെപ്പേരാണ് ജന്തർ മന്ദറിലെത്തിയത്. കോക്ക്റോച്ച് മുഖം മൂടി ധരിച്ചും, കോക്ക്റോച്ച് ടി ഷർട്ട് അണിഞ്ഞും, അംബേദ്‌കർ ചിത്രം കയ്യിലേന്തിയും, പുസ്തകങ്ങളും പൂക്കളും പ്ലക്ക്കാർഡുകളുമായും ആയിരങ്ങൾ ജന്തർമന്തറിൽ ഒത്തുകൂടി. എല്ലാവർക്കും ഒരേ ആവശ്യം ഒരേ മുദ്രാവാക്യം.

വിദ്യാഭ്യാസ മേഖലയിൽ നിരന്തരം ആവർത്തിക്കുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം. രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്ന് സമരത്തെ അഭിസംബോധന ചെയ്തു അഭിജീത് ദിപ്കെ പറഞ്ഞു.

സിപിഐ നേതാവ് ആനി രാജ, എസ്എഫഐ നേതാവ് ഐഷേ ഘോഷ് തുടങ്ങി വിവിധ സംഘടനാ നേതാക്കളും സമരത്തിന് പിന്തുണ അറിയിച്ചു സമര വേദിയിലെത്തിയിട്ടുണ്ട്.

ഇതിനിടെ സിജെപിയുടെ സമരത്തിന് സമാന്തരമായി ഹിന്ദുത്വ സംഘടനകളുടെ സമരവും ജന്തർമന്തറിൽ നടന്നു. സിജെപി ദേശ വിരോധികൾ എന്നാരോപിച്ചായിരുന്നു പ്രതിഷേധം .ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

പാറ്റകളെ കൊല്ലുന്ന ഹിറ്റ് സ്പ്രേയുമായി സമരവേദിയിൽ എത്തിയ ഡൽഹി സ്വദേശിയെയും പൊലീസ് നീക്കം ചെയ്തു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ഛത്രപതി സംഭാജി നഗറിലെ ദിപ്കെയുടെ വീടിനു മുന്നിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.