ചിരിയുടെ തിരശീല വീണു; നടന്‍ സലിം കുമാര്‍ അന്തരിച്ചു

ചിരിയുടെ തിരശീല വീണു; നടന്‍ സലിം കുമാര്‍ അന്തരിച്ചു

കൊച്ചി: മലയാളിക്ക് ചിരിയുടെ വസന്തകാലം സമ്മാനിച്ച പ്രിയ നടന്‍ സലിം കുമാര്‍ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്ന അദേഹത്തിന് പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ കുടുകൂടെ ചിരിപ്പിക്കുകയും ഗൗരവമേറിയ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഈറനണിയിക്കുകയും ചെയ്ത ഒരു യുഗത്തിനാണ് ഇതോടെ തിരശീല വീഴുന്നത്.

മിമിക്രി വേദികളിലൂടെയാണ് സലിം കുമാര്‍ കലാരംഗത്ത് ചുവടുറപ്പിക്കുന്നത്. കൊച്ചിന്‍ കലാഭവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ സമിതികളിലൂടെ ജനപ്രിയനായി മാറിയ അദേഹം പിന്നീട് ടെലിവിഷന്‍ രംഗത്തും തുടര്‍ന്ന് സിനിമയിലുമെത്തി. ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. മൂന്ന് പതിറ്റാണ്ടോളം നീണ്ട കരിയറില്‍ തമിഴ്, ബംഗാളി ചിത്രങ്ങളുള്‍പ്പെടെ മുന്നൂറിലധികം സിനിമകളില്‍ അദേഹം വേഷമിട്ടു. വെറുമൊരു നടന്‍ എന്നതിനപ്പുറം മികച്ച സംവിധായകന്‍, എഴുത്തുകാരന്‍ എന്നി നിലകളിലും അദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

2000 ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ എന്ന ചിത്രത്തിലെ കള്ളന്‍ വേഷമാണ് സലിം കുമാറിന്റെ സിനിമാ ജീവിതത്തില്‍ വഴിത്തിരിവായത്. ഈ പ്രകടനം കണ്ടാണ് സംവിധായകരായ റാഫി-മെക്കാര്‍ട്ടിന്‍ ടീം അദേഹത്തെ തെങ്കാശിപ്പട്ടണത്തിലേക്ക് ക്ഷണിക്കുന്നത്. ആ ചിത്രം വന്‍ വിജയമായതോടെ മലയാള സിനിമയിലെ ഒഴിച്ചു കൂടാനാകാത്ത ഹാസ്യ സാന്നിധ്യമായി സലിം കുമാര്‍ മാറി.
മലയാളികളുടെ ദൈനംദിന ജീവിതത്തിലെ ചിരിയും ട്രോളുകളും ഇന്നും സലിം കുമാറിന്റെ ഡയലോഗുകളില്ലാതെ പൂര്‍ത്തിയാകാറില്ല.

പുലിവാല്‍ കല്യാണത്തിലെ മണവാളന്‍, മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരിലാല്‍, ചതിക്കാത്ത ചന്തുവിലെ ഡാന്‍സ് മാസ്റ്റര്‍ വിക്രം, മീശമാധവനിലെ വക്കീല്‍ മുകുന്ദനുണ്ണി തുടങ്ങിയ കഥാപാത്രങ്ങള്‍ തലമുറകളെ ഭേദിച്ച് ഇന്നും പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ടിരിക്കുന്നു.

അതേസമയം തന്നെ അച്ഛനുറങ്ങാത്ത വീട്, പെരുമഴക്കാലം, ഗ്രാമഫോണ്‍ എന്നി ചിത്രങ്ങളിലൂടെ ക്യാരക്ടര്‍ റോളുകളിലും തനിക്ക് തിളങ്ങാനാകുമെന്ന് അദേഹം തെളിയിച്ചു.

2005 ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി. 2010 ല്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അബൂക്ക എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും ഒരേവര്‍ഷം സ്വന്തമാക്കി അദേഹം മലയാളത്തിന്റെ അഭിമാനമായി. 2012 ല്‍ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരവും നേടി. 2017 ല്‍ അദേഹം സംവിധാനം ചെയ്ത ആദ്യ ചിത്രമായ കറുത്ത ജൂതന്‍ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന് അര്‍ഹമായിരുന്നു.

1969 ഒക്ടോബര്‍ പത്തിന് എറണാകുളം ജില്ലയിലെ ചിറ്റാറ്റുകരയില്‍ ഗംഗാധരന്റെയും കൗസല്യയുടെയും ഇളയ മകനായാണ് ജനനം. ഭാര്യ: സുനിത. യുവനടന്‍ ചന്തു, ആരോമല്‍ എന്നിവരാണ് മക്കള്‍.

സലിം കുമാറിന്റെ വിയോഗത്തില്‍ ചലച്ചിത്ര-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.