ദിലീപ് കേസ് ധര്‍മജന് പാര; മത്സരിപ്പിക്കരുതെന്ന ആവശ്യവുമായി പ്രാദേശിക യുഡിഎഫ് നേതൃത്വം

 ദിലീപ് കേസ് ധര്‍മജന് പാര;  മത്സരിപ്പിക്കരുതെന്ന  ആവശ്യവുമായി പ്രാദേശിക യുഡിഎഫ് നേതൃത്വം

കോഴിക്കോട്: ബാലുശേരി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പട്ടികയിലുള്ള നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിക്കെതിരെ പ്രാദേശിക നേതൃത്വം കെപിസിസിക്ക് പരാതി. ബാലുശേരിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗമാണ് താരത്തെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുള്ളത്.

ധര്‍മജനെ മത്സരിപ്പിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസ് എതിരാളികള്‍ ചര്‍ച്ചയാക്കും. ഇതിന് മറുപടി പറയേണ്ട വരും. ഇത് യുഡിഎഫിന് ആക്ഷേപമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് മണ്ഡലം കമ്മിറ്റി രംഗത്തെത്തിയിട്ടുള്ളത്. ബാലുശേരി കോ ഓപ്പറേറ്റീവ് കോളേജില്‍ ചേര്‍ന്ന യുഡിഎഫ് യോഗമാണ് ഐകകണ്ഠ്യേന ധര്‍മജനെ മണ്ഡലത്തില്‍ നിര്‍ത്തരുതെന്ന് ആവശ്യപ്പെട്ടത്. കെ.പി.സി.സി. അംഗങ്ങളടക്കം യോഗത്തില്‍ പങ്കെടുത്തിരുന്നു.

ധര്‍മജന്‍ ബോള്‍ഗാട്ടിയെ പോലെ ഒരാളെ കെട്ടിയിറക്കുന്നത് യുഡിഎഫിന് ആക്ഷേപകരമാണ്. നടിയെ ആക്രമിച്ച കേസിലടക്കം യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് മറുപടി പറയേണ്ട ബാധ്യതയുണ്ടാക്കും. ബാലുശേരി പോലുള്ള ഒരു മണ്ഡലം പിടിച്ചെടുക്കണമെങ്കിലും രാഷ്ട്രീയ പരിചയമുള്ള ഒരാള്‍ വേണമെന്നും പരാതിയില്‍ പറയുന്നു.

ഇതിനിടെ മണ്ഡലത്തിലെ പൗരപ്രമുഖരേയും പാര്‍ട്ടയിലെ തന്നെ മുതിര്‍ന്ന നേതാക്കളേയും കണ്ട് ധര്‍മ്മജന്‍ ആശയ വിനിമയം നടത്തിയിരുന്നു. മുസ്ലിം ലീഗിന്റെ വേദികളിലും ധര്‍മജന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ധര്‍മ്മജന് ഏകദേശ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.

ധര്‍മ്മജന്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുമെന്ന സൂചന ലഭിച്ചപ്പോള്‍ തന്നെ ഈ വിഷയം ഇടത് അനുഭാവികള്‍ സാമുഹ്യ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചാ വിഷയമാക്കിയിരുന്നു. നടി ആക്രമണക്കേസിലെ പ്രതിയായ ദിലീപിനെ ധര്‍മജന്‍ അന്ന് പരസ്യമായി പിന്തുണച്ചത് ഏറെ വിവാദമായിരുന്നു.

ദിപീല് ജയിലില്‍ കിടന്നപ്പോള്‍ താനും ഭാര്യയും മക്കളും നിലത്ത് പായ് വിരിച്ചാണ് കിടന്നതെന്ന ധര്‍മജന്റെ പ്രസ്താവനയും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ദിലീപിന് ജാമ്യം ലഭിച്ചപ്പോള്‍ ജയില്‍ പരിസരത്ത് നടത്തിയ വൈകാരികമായ രംഗങ്ങളുണ്ടാക്കിയും ധര്‍മജന്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഈ രംഗങ്ങള്‍ ഉള്‍പ്പടെ രാഷ്ട്രീയ എതിരാളികള്‍ സാമുഹ്യ മാധ്യമങ്ങളിലൂടെ മണ്ഡലത്തില്‍ സജീവമായി പ്രചരിപ്പിക്കുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പാര്‍ട്ടി മറുപടി പറയേണ്ടി വരണമെന്ന് ചൂണ്ടിക്കാട്ടി മണ്ഡലം കമ്മറ്റി രംഗത്ത് എത്തിയത്. ഇതോടെ ധര്‍മജന്റെ കാര്യത്തില്‍ വീണ്ടു വിചാരത്തിന് ഒരുങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.