കൊച്ചി: സി.എം.ആര്‍.എല്‍-എക്‌സാലോജിക് മാസപ്പടി കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) സമന്‍സ്. ജൂണ്‍ 12 ന് കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകണം. വീണ അടക്കം ഒന്‍പത് പേര്‍ക്കാണ് ഇ.ഡി സമന്‍സ്. സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരടക്കം പട്ടികയിലുണ്ട്.
സി.എം.ആര്‍.എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശരണ്‍.എസ് കര്‍ത്ത, ചീഫ് ജനറല്‍ മാനേജര്‍ കെ.എസ് സുശേഷ് കുമാര്‍, കര്‍ത്തയുടെ ഭാര്യയും മകനുമടക്കമുള്ള കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് സമന്‍സ് അയച്ചിട്ടുള്ളത്. വിവിധ കമ്പനികളുടെ ഡയറക്ടര്‍മാരാണിവര്‍.
കേസില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലെ അനുബന്ധ രേഖകളുടെ പകര്‍പ്പ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറാന്‍ കൊച്ചിയിലെ പ്രത്യേക (പി.എം.എല്‍.എ )കോടതി ഉത്തരവിട്ടിരുന്നു. സി.എം.ആര്‍.എല്ലും ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊല്യൂഷന്‍സും തമ്മില്‍ കളളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.
രേഖകളുടെ പകര്‍പ്പ് ലഭിക്കുന്നതോടെ ചോദ്യം ചെയ്യലടക്കം തുടര്‍ നടപടികള്‍ വേഗത്തിലാകും. വീണയുടെ മൊഴിയും അക്കൗണ്ട് വിവരങ്ങളും സി.എം.ആര്‍.എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിന്റെ വിവരങ്ങളും ഉള്‍പ്പെടെ കുറ്റപത്രത്തോടൊപ്പം എസ്.എഫ്.ഐ.ഒ സമര്‍പ്പിച്ച മുഴുവന്‍ രേഖകളും നല്‍കണമെന്നാണ് നിര്‍ദേശം.
പൊതുമേഖലാ പങ്കാളിത്തമുള്ള സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന്റെ പേരിലും വായ്പയായും എക്സാലോജിക്കിന് 2.78 കോടി രൂപ കൈമാറിയതിലെ സാമ്പത്തിക വഞ്ചനയാണ് എസ്.എഫ്.ഐ.ഒ അന്വേഷിച്ചത്. തുടര്‍ന്ന് 54 വാല്യങ്ങളായി സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലെ 134 സെറ്റ് രേഖകളാണ് കോടതി നിര്‍ദേശ പ്രകാരം ഇ.ഡിക്ക് ലഭിക്കുക.
അന്വേഷണം തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയ സാഹചര്യത്തിലാണ് രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി പി.എംഎല്‍.എ കോടതിയെ സമീപിച്ചത്. ഇ.ഡിയുടെ ആവശ്യത്തെ എസ്.എഫ്.ഐ.ഒ എതിര്‍ത്തില്ല. സി.എം.ആര്‍.എല്ലിന്റെ എതിര്‍പ്പ് കോടതി പരിഗണിച്ചതുമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.