മാഡ്രിഡ്: സ്വകാര്യ ഭക്തിയിൽ നമ്മെത്തന്നെ ചുരുക്കരുതെന്നും നമ്മുടെ സഹോദരീസഹോദരന്മാർ, കുടുംബങ്ങൾ, ദാരിദ്ര്യമനുഭവിക്കുന്നവർ, കഷ്ടപ്പെടുന്നവർ, പ്രതീക്ഷ നഷ്ടപ്പെട്ടവർ എന്നിവർക്ക് സേവനം ചെയ്യാൻ വിശുദ്ധ കുർബാനയിൽ നിന്ന് ശക്തി സ്വീകരിക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ. സ്പെയിനിൻ്റെ മുൻകാലങ്ങളിലെ മതവിശ്വാസം മ്യൂസിയത്തിൽ സൂക്ഷിക്കാനുള്ളതല്ല പിന്നെയോ, ഇന്നും ഫലം ഉളവാക്കേണ്ട വിശ്വാസത്തിൻ്റെ ഒരു പാഠശാലയാണെന്നും മാർപാപ്പ ഓർമ്മപ്പെടുത്തി.
സ്പെയിനിലെ അജപാലന സന്ദർശനത്തിന്റെ രണ്ടാം ദിവസം മാഡ്രിഡിന്റെ ഹൃദയഭാഗത്ത് സിബേലസ് സ്‌ക്വയറിൽ പന്ത്രണ്ട് ലക്ഷത്തിലധികം ആളുകൾ പങ്കെടുത്ത വിശുദ്ധ കുർബാനയിൽ മുഖ്യ കാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു പാപ്പാ.
കോർപ്പസ് ക്രിസ്റ്റി അഥവാ വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷിക്കുന്ന ഞായറാഴ്ച വിശുദ്ധ കുർബാനയുടെ പ്രാധാന്യം ഓർമിപ്പിച്ചുകൊണ്ടായിരുന്നു മാർപാപ്പയുടെ സന്ദേശം. കുർബാനയുടെ സ്നേഹത്തിലേക്കു മടങ്ങാൻ എല്ലാവരും തയ്യാറാകണം. കർത്താവ് സ്വന്ത ഇഷ്ടപ്രകാരം അവിടത്തെ ജീവൻ നമുക്ക് പകർന്നു തന്നതിനെ നാം ഇന്ന് പ്രത്യേകമായ വിധത്തിൽ അനുസ്മരിക്കുന്നു. നമ്മുടെ വിശ്വാസത്തിൻ്റെ കേന്ദ്രമായ വിശുദ്ധ കുർബാനയിലേക്ക് മടങ്ങാനും ദൈവത്തോടുള്ള സ്നേഹവും വിശ്വസ്തതയും നവീകരിക്കാനും വിശുദ്ധ കുർബാനയുടെ തിരുനാൾ ആഘോഷം കാരണമാകട്ടെയെന്ന് ലിയോ പാപ്പാ പറഞ്ഞു.
പരമ്പരാഗതമായി കോർപ്പസ് ക്രിസ്റ്റി ദിനത്തിൽ നടത്താറുള്ള ദിവ്യകാരുണ്യ പ്രദക്ഷിണങ്ങൾ ഉത്ഥാനം ചെയ്തവനും ഇന്നും നമ്മോടൊപ്പം സഞ്ചരിക്കുന്നവനുമായ കർത്താവിലുള്ള സ്പാനിഷ് ജനതയുടെ വിശ്വാസത്തെ വിളിച്ചോതുന്നതാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. അവിടുന്ന് ദുർബലരുടെ സമാശ്വാസവും കുടുംബങ്ങളുടെ പ്രകാശവും രോഗികളുടെ പ്രത്യാശയും കഷ്ടപ്പെടുന്നവരുടെ സമാധാനവുമാണ്. ദരിദ്രരോടും അടിച്ചമർത്തപ്പെട്ടവരോടും ഒറ്റപ്പെട്ടവരോടും ഉപേക്ഷിക്കപ്പെട്ടവരോടും തദാത്മ്യം പ്രാപിച്ച അതേ ക്രിസ്തു തന്നെയാണ് ഇന്ന് അരുളിക്കയിലെ ദിവ്യകാരുണ്യത്തിൽ തെരുവുകളിലൂടെ എഴുന്നള്ളുന്നതെന്ന് പാപ്പാ വിശദീകരിച്ചു.
ജീവിക്കുന്ന മതവിശ്വാസം
'നൂറ്റാണ്ടുകളായി ഈ രാജ്യത്തെ രൂപപ്പെടുത്തുകയും നിർവചിക്കുകയും ചെയ്ത മതവിശ്വാസം മ്യൂസിയത്തിൽ സന്ദർശിക്കേണ്ട അവസ്ഥ വരാതെ ഇന്നും ജീവിക്കുന്ന വിശ്വാസത്തിൻ്റെ പരിശീലന കേന്ദ്രമാക്കുക എന്നതാണ് ഇന്നും എന്നേക്കുമുള്ള സ്പെയിനിന്റെ ദൗത്യം' - മാർപാപ്പ വ്യക്തമാക്കി.
ദൈവം ദിവ്യകാരുണ്യത്തിൽ ഒരു യഥാർത്ഥ സാന്നിധ്യമായതുപോലെ സമൂഹത്തിലെ യാഥാർത്ഥ്യങ്ങളിലും വെല്ലുവിളികളിലും സന്നിഹിതരാകാനും പൊതു നന്മയ്ക്കു വേണ്ടി ചരിത്രനിർമ്മിതിയിൽ വ്യക്തിപരമായി സ്വയം സമർപ്പിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് പറഞ്ഞു.
ദിവ്യകാരുണ്യ ഉറവയിൽ നിന്ന് പാനം ചെയ്യുക
അവസാനമായി, ആത്മാർത്ഥമായ സ്നേഹത്തോടെ കർത്താവിലേക്കു മടങ്ങണമെന്ന് പാപ്പാ എല്ലാവരോടും ആഹ്വാനം ചെയ്തു. നമ്മുടെ ഹൃദയങ്ങളുടെ ദാഹം ശമിപ്പിക്കാൻ കർത്താവിനെ നാം അനുവദിക്കണം. അങ്ങനെ, ജീവിതപാതയിൽ മുന്നേറുകയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നീതിയുടെയും ആനന്ദത്തിന്റെയുമായ ഈ ശുദ്ധജലപ്രവാഹം സകലരിലേക്കും എത്തിക്കുകയും ചെയ്യണമെന്ന് പാപ്പാ പറഞ്ഞു.
ദിവ്യകാരുണ്യത്തിൽ നിന്നുള്ള കൃപ ചരിത്രത്തെ മാറ്റിമറിക്കുന്ന പ്രേരക ശക്തിയായി നമ്മെ രൂപാന്തരപ്പെടുത്തുന്നു. നാം കണ്ടുമുട്ടുന്നവർക്ക് പ്രത്യാശയുടെ അടയാളങ്ങളാകാൻ അത് നമ്മെ പ്രാപ്തരാക്കുന്നു. 'ദിവ്യകാരുണ്യത്തിൽ സന്നിഹിതനായിരിക്കുന്ന കർത്താവായ യേശു നിങ്ങളെയും മുറിക്കപ്പെടുന്നതും സമർപ്പിക്കപ്പെടുന്നതുമായ അപ്പമായി മാറ്റട്ടെ. അങ്ങനെ, നിങ്ങളിലും നിങ്ങളുടെ കുടുംബങ്ങളിലും നിങ്ങളുടെ രാജ്യത്തിലും പൂർണതയുള്ള ജീവൻ മുളയെടുക്കുന്നതിന് ഇടയാകട്ടെ' - ഈ വാക്കുകളോടെ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.