16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കാന്‍ യു.കെ; ടെക് ഭീമന്മാര്‍ക്ക് സ്റ്റാര്‍മറുടെ താക്കീത്

16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ വിലക്കാന്‍ യു.കെ; ടെക് ഭീമന്മാര്‍ക്ക് സ്റ്റാര്‍മറുടെ താക്കീത്

ലണ്ടന്‍: കുട്ടികളുടെ മാനസികാരോഗ്യവും ഓണ്‍ലൈന്‍ സുരക്ഷയും മുന്‍നിര്‍ത്തി 16 വയസില്‍ താഴെയുള്ളവര്‍ക്ക് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതിന് കര്‍ശനമായ നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങി യു.കെ സര്‍ക്കാര്‍. ലണ്ടന്‍ ടെക് വീക്കില്‍ സംസാരിക്കവെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ആണ് ഇത് സംബന്ധിച്ച നിര്‍ണായക സൂചനകള്‍ നല്‍കിയത്.

'നമ്മുടെ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ കൈയും കെട്ടി നോക്കിനില്‍ക്കാന്‍ സര്‍ക്കാരിനാവില്ല. ഇതൊരു അസാധ്യമായ വെല്ലുവിളിയല്ല, ലോകത്തിലെ ഏറ്റവും നൂതനമായ കമ്പനികള്‍ക്ക് ഇത് പരിഹരിക്കാന്‍ കഴിയും. അവര്‍ അതിന് തയ്യാറായില്ലെങ്കില്‍ ഞങ്ങള്‍ നിയമം മാറ്റും.'-പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ വ്യക്തമാക്കി.

കുട്ടികളുടെ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പാക്കുന്നതില്‍ പരാജയപ്പെടുകയും അശ്ലീല-അക്രമ ഉള്ളടക്കങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന വന്‍കിട ടെക് കമ്പനികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അദേഹം കര്‍ശന മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ ഫോണുകളിലും ടാബ്ലെറ്റുകളിലും നഗ്‌നചിത്രങ്ങളും മറ്റ് ഹാനികരമായ ഉള്ളടക്കങ്ങളും എത്താതിരിക്കാന്‍ കര്‍ശനമായ ഡിജിറ്റല്‍ സംവിധാനങ്ങളും പ്രായപരിശോധനയും ഏര്‍പ്പെടുത്താന്‍ ഇന്‍സ്റ്റാഗ്രാം, ടിക് ടോക്ക്, എക്‌സ് തുടങ്ങിയ പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം സാങ്കേതിക മാറ്റങ്ങളും അല്‍ഗോരിതം പരിഷ്‌കരണങ്ങളും നടപ്പിലാക്കാന്‍ ആപ്പിള്‍, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് മൂന്ന് മാസത്തെ സമയപരിധിയാണ് യു.കെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഇതില്‍ പരാജയപ്പെടുന്ന കമ്പനികള്‍ക്കെതിരെ പുതിയ നിയമ നിര്‍മാണം വഴി കര്‍ശന നടപടികളിലേക്ക് കടക്കും. നിയമങ്ങള്‍ ലംഘിക്കുന്ന സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് വന്‍ തുക പിഴ ചുമത്തുന്നതിനൊപ്പം, കമ്പനി മേധാവികള്‍ക്കെതിരെ നേരിട്ട് ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉണ്ടാകും.

കുട്ടികള്‍ സോഷ്യല്‍ മീഡിയ അഡിക്ഷനിലേക്കും അതുവഴി വലിയ മാനസിക സമ്മര്‍ദ്ദങ്ങളിലേക്കും പോകുന്നതായി ആഗോളതലത്തില്‍ പഠനങ്ങള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കം. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമാനമായ രീതിയില്‍ പ്രായപരിധി നിശ്ചയിച്ച് സോഷ്യല്‍ മീഡിയ വിലക്ക് ഏര്‍പ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യൂറോപ്പിലെ തന്നെ ഏറ്റവും ശക്തമായ നിയമ നിര്‍മാണവുമായി യു.കെയും രംഗത്തെത്തുന്നത്.

വരും ദിവസങ്ങളില്‍ തന്നെ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും നിയമത്തിന്റെ കരട് രൂപവും സര്‍ക്കാര്‍ പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.