ലോകം ഇനി പന്തിനൊപ്പം: ഫിഫ ലോകകപ്പ് 2026 ന് ഇന്ന് കിക്കോഫ്: ആദ്യമായി മലയാളി താരവും കളിക്കളത്തിലേക്ക്

ലോകം ഇനി പന്തിനൊപ്പം: ഫിഫ ലോകകപ്പ് 2026 ന് ഇന്ന് കിക്കോഫ്: ആദ്യമായി മലയാളി താരവും കളിക്കളത്തിലേക്ക്

മെക്സിക്കോ സിറ്റി: കായിക ലോകം ഏതാണ്ട് നാല് വര്‍ഷമായി കാത്തിരുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് മെക്‌സിക്കോയിലെ ചരിത്ര പ്രസിദ്ധമായ ആസ്ടെക്ക സ്റ്റേഡിയത്തില്‍ കിക്കോഫ്. 23-ാമത് ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്സിക്കോ ആഫ്രിക്കന്‍ കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12:30 നാണ് മത്സരം അരങ്ങേറുന്നത്.

യു.എസ്.എ, മെക്‌സിക്കോ, കാനഡ എന്നി മൂന്ന് വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പാണിത്. ഇതാദ്യമായാണ് ലോകകപ്പില്‍ 48 ടീമുകള്‍ അണിനിരക്കുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് 2200 മീറ്ററോളം ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ആസ്ടെക്ക സ്റ്റേഡിയം ഇതോടെ ലോക ഫുട്‌ബോള്‍ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങള്‍ക്ക് വേദിയാകുന്ന ആദ്യ സ്റ്റേഡിയമെന്ന അപൂര്‍വ റെക്കോര്‍ഡും സ്വന്തമാക്കും. 1970, 1986 ലോകകപ്പുകള്‍ക്കും ഈ സ്റ്റേഡിയം തന്നെയാണ് തുടക്കം കുറിച്ചത്. ജൂലൈ 19 ന് യു.എസിലെ ന്യൂജെഴ്സിയിലാണ് കലാശപ്പോരാട്ടം നടക്കുക. ഇത്തവണ 39 ദിവസങ്ങളിലായി 16 നഗരങ്ങളിലായി ആകെ 104 മത്സരങ്ങളാണ് അരങ്ങേറുന്നത്.

മലയാളി ഫുട്‌ബോള്‍ ആരാധകര്‍ക്കും ഇത്തവണത്തെ ലോകകപ്പ് ഏറെ സവിശേഷത നിറഞ്ഞതാണ്. ഖത്തര്‍ ദേശീയ ടീമിന്റെ അന്തിമ 26 അംഗ ലോകകപ്പ് സ്‌ക്വാഡില്‍ കണ്ണൂര്‍ സ്വദേശിയായ 19 കാരന്‍ വിങ്ങര്‍ തഹ്‌സിന്‍ മുഹമ്മദ് ജംഷീദ് ഇടംപിടിച്ചിട്ടുണ്ട്. ഇതോടെ ലോകകപ്പ് വേദിയിലെത്തുന്ന ആദ്യ മലയാളി താരമെന്ന ചരിത്ര നേട്ടമാണ് തഹ്‌സിന്‍ സ്വന്തമാക്കിയത്. അസ്പയര്‍ അക്കാഡമിയിലൂടെ വളര്‍ന്ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെ പ്രമുഖ ക്ലബ്ബായ അല്‍ ദുഹൈലിനായി കളിക്കുന്ന ഈ യുവതാരം മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വലിയൊരു പ്രതീക്ഷയാണ് സമ്മാനിക്കുന്നത്. ഗ്രൂപ്പ് ബിയിലുള്ള ഖത്തറിന്റെ ആദ്യ മത്സരം ജൂണ്‍ 13 ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ്.


ഉദ്ഘാടന പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ വരുന്ന മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും ഇതിന് മുന്‍പ് 2010 ലെ ലോകകപ്പ് ഉദ്ഘാടന മത്സരത്തിലാണ് ഏറ്റുമുട്ടിയത്. അന്ന് ഇരുടീമുകളും 1-1 സമനിലയില്‍ പിരിയുകയായിരുന്നു. ഹാവിയര്‍ അഗ്യൂറോ പരിശീലിപ്പിക്കുന്ന മെക്‌സിക്കോ സ്വന്തം മണ്ണില്‍ മികച്ചൊരു ജയത്തോടെ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ആറാം ലോകകപ്പ് കളിക്കാനിറങ്ങുന്ന വിഖ്യാത ഗോള്‍കീപ്പര്‍ ഗ്വില്ലര്‍മോ ഒച്ചോവയാണ് മെക്‌സിക്കന്‍ നിരയിലെ പ്രധാന ആകര്‍ഷണം. ക്യാപ്റ്റന്‍ എഡ്സന്‍ അല്‍വാരസ് നയിക്കുന്ന പ്രതിരോധവും 17 കാരന്‍ ഗില്‍ബര്‍ട്ടോ മോറ, ഒര്‍ബിലെന്‍ പിനെഡ എന്നിവരടങ്ങുന്ന മധ്യനിരയും മികച്ചതാണ്.

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവാണിത്. ബെല്‍ജിയന്‍ പരിശീലകന്‍ ഹ്യൂഗോ ബ്രൂസിന്റെ കീഴിലിറങ്ങുന്ന ടീമിന്റെ പ്രധാന കരുത്ത് യെബോഹോ, ടാലന്റ് എംബാതെ എന്നിവരടങ്ങുന്ന മധ്യനിരയാണ്.

ഗ്രൂപ്പ് എയിലെ രണ്ടാമത്തെ മത്സരത്തില്‍ വെള്ളിയാഴ്ച രാവിലെ 7:30 ന് ദക്ഷിണകൊറിയ ചെക്ക് റിപ്പബ്ലിക്കിനെ നേരിടും. ടോട്ടനം താരം സണ്‍ ഹ്യുങ് മിന്‍ നയിക്കുന്ന കൊറിയയുടെ പന്ത്രണ്ടാം ലോകകപ്പാണിത്. ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ തോല്‍വിയറിയാതെ മുന്നേറിയ ഏക ടീമെന്ന ആത്മവിശ്വാസവുമായാണ് അവര്‍ വരുന്നത്. മറുവശത്ത് നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ചെക്ക് റിപ്പബ്ലിക് ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടുന്നത്. മെക്സിക്കോയിലെ എസ്റ്റാഡിയോ ഗ്വാഡലജാര സ്റ്റേഡിയത്തിലാണ് ഈ ആവേശപ്പോരാട്ടം നടക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.