തിരുവനന്തപുരം: കേരളത്തിലെ പൊറോട്ട പ്രേമികള്‍ ആകാംഷയോടെ ഉറ്റുനോക്കിയ പൊറോട്ടയും ഗ്രേവിയും തര്‍ക്കത്തില്‍ നിര്‍ണായക വഴിത്തിരിവ്. പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നല്‍കിയില്ലെന്ന ഉപഭോക്താവിന്റെ പരാതി മതിയായ തെളിവുകളില്ലാതെ തള്ളിക്കളഞ്ഞ എറണാകുളം ജില്ലാ ഫോറത്തിന്റെ മുന്‍ ഉത്തരവ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ റദ്ദാക്കി.
വിഷയം വീണ്ടും പരിഗണിക്കാനും നിയമപ്രകാരം തുടര്‍നടപടികളുമായി മുന്നോട്ട് പോകാനും ജില്ലാ കമ്മീഷന് സംസ്ഥാന കമ്മീഷന്‍ നിര്‍ദേശം നല്‍കി. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ട ജില്ലാ ഫോറം, ഈ വിഷയത്തില്‍ അനുകൂലമായ സമീപനമല്ല സ്വീകരിച്ചതെന്ന് സംസ്ഥാന കമ്മീഷന്‍ നിരീക്ഷിച്ചു.
2024 നവംബര്‍ ഒന്‍പതിനാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എറണാകുളം സ്വദേശിയും ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനുമായ ഷിബു എസ്. സുഹൃത്തിനൊപ്പം കോലഞ്ചേരിയിലെ പേര്‍ഷ്യന്‍ ടേബിള്‍ എന്ന റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. പൊറോട്ടയും ബീഫ് ഫ്രൈയും ഓര്‍ഡര്‍ ചെയ്ത ഇവര്‍ക്ക് റെസ്റ്റോറന്റ് അധികൃതര്‍ ഗ്രേവി നല്‍കാന്‍ കൂട്ടാക്കിയില്ല. പൊറോട്ടയ്ക്കൊപ്പം ചാറ് നല്‍കുന്നത് പൊതുവായ പതിവാണെന്നിരിക്കെ, ഹോട്ടലിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടിക്കെതിരെ ഷിബു അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് നവംബര്‍ 20 ന് താലൂക്ക് സപ്ലൈ ഓഫീസര്‍ റെസ്റ്റോറന്റില്‍ പരിശോധന നടത്തുകയും ഇവര്‍ ഗ്രേവി നല്‍കിയില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് സേവനത്തില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ച് ഷിബു ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. എന്നാല്‍ പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നല്‍കാന്‍ റെസ്റ്റോറന്റിന് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധ കരാര്‍ ബാധ്യതയുമില്ലെന്ന് ചൂണ്ടിക്കാട്ടി 2025 മെയ് 19 ന് ജില്ലാ കമ്മീഷന്‍ ഈ പരാതി തള്ളി. ഇതിനെതിരെ ഷിബു നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ജസ്റ്റിസ് ബി. സുധീന്ദ്ര കുമാര്‍, അംഗം കെ.ആര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്.
ജില്ലാ കമ്മീഷന്റെ ഉത്തരവ് രണ്ട് പ്രധാന കാരണങ്ങളാല്‍ നിലനില്‍ക്കില്ലെന്ന് സംസ്ഥാന കമ്മീഷന്‍ കണ്ടെത്തി. ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിര്‍ദേശിച്ചിട്ടുള്ള 21 ദിവസത്തെ സമയപരിധി കഴിഞ്ഞാണ് ജില്ലാ കമ്മീഷന്‍ പരാതി തള്ളിയത്. 2025 ഏപ്രില്‍ 25 ന് ഫയല്‍ ചെയ്ത പരാതി മെയ് 19 നാണ് തള്ളിയത്. അതിനാല്‍ നിയമപരമായി ഈ പരാതി സ്വീകരിക്കപ്പെട്ടതായി കണക്കാക്കണം എന്നാണ് സംസ്ഥാന കമ്മീഷന്‍ കണ്ടെത്തല്‍.
ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കൊപ്പം ഗ്രേവി വിളമ്പുന്നത് പണ്ട് മുതലേയുള്ള ഒരു പതിവാണോ, അത് റെസ്റ്റോറന്റുകളുടെ പരോക്ഷമായ ബാധ്യതയാണോ എന്നത് പൂര്‍ണമായും തെളിവുകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ട കാര്യമാണ്. തുടക്കത്തില്‍ തന്നെ ഇതില്‍ വിധി പറഞ്ഞ ജില്ലാ കമ്മീഷന്‍ നടപടി അകാലത്തിലുള്ളതും നീതീകരിക്കാനാവാത്തതുമാണെന്നും സംസ്ഥാന കമ്മീഷന്‍ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ പരാതികള്‍ നിയമപരമായി പരിഹരിക്കാന്‍ വേണ്ടി സ്ഥാപിച്ചിട്ടുള്ളതാണ് ഉപഭോക്തൃ കമ്മീഷനുകള്‍. എന്നിട്ടും ഈ വിഷയത്തില്‍ ഉപഭോക്താവിന് അനുകൂലമായ ഒരു സമീപനം സ്വീകരിക്കുന്നതില്‍ ജില്ലാ കമ്മീഷന് വീഴ്ച പറ്റിയെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
സംസ്ഥാന കമ്മീഷന്റെ പുതിയ ഉത്തരവോടെ കേസ് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ പൊറോട്ടയ്ക്കൊപ്പം ഗ്രേവി നല്‍കുന്നത് ഹോട്ടലുകളുടെ ബാധ്യതയാണോ എന്നതില്‍ വിശദമായ വാദ പ്രതിവാദങ്ങളും തെളിവെടുപ്പും നടക്കും. കേസ് വീണ്ടും പരിഗണിക്കുന്നതിനായി ജൂലൈ എട്ടിന് ജില്ലാ കമ്മീഷന് മുന്നില്‍ ഹാജരാകാന്‍ പരാതിക്കാരനോട് സംസ്ഥാന കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന ഭക്ഷണ പ്രേമികളെ സംബന്ധിച്ച് ഹോട്ടലുകളിലെ സേവന നിലവാരത്തെയും ഉപഭോക്തൃ അവകാശങ്ങളെയും നിര്‍ണയിക്കുന്ന ഒന്നായി ഈ കേസിന്റെ വിധി മാറിയേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.