ഇന്ധന വില കുറയും: ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി കേന്ദ്രം പൂര്‍ണമായി ഒഴിവാക്കി

ഇന്ധന വില കുറയും: ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ എക്‌സൈസ് ഡ്യൂട്ടി കേന്ദ്രം പൂര്‍ണമായി ഒഴിവാക്കി

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്നതിനിടെ ആശ്വാസകരമായ പ്രഖ്യാപനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ധന വില കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുമായി ഉയര്‍ന്ന അളവില്‍ എഥനോള്‍ കലര്‍ത്തിയ പെട്രോളിന്റെ സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി പൂര്‍ണമായും ഒഴിവാക്കി. ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കി.

പെട്രോളില്‍ 22 ശതമാനം മുതല്‍ 30 ശതമാനം വരെ എഥനോള്‍ കലര്‍ത്തിയ ഇന്ധനത്തിനാണ് നികുതി ഇളവ് ലഭിക്കുക. ഇതോടെ വരും ദിവസങ്ങളില്‍ പമ്പുകളില്‍ ഇത്തരം ഇന്ധനങ്ങള്‍ക്ക് വില കുറയുമെന്നാണ് സൂചന. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇന്ധന മിശ്രിതങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഫ്‌ളെക്‌സ് ഫ്യൂവല്‍ വാഹനങ്ങള്‍ക്കായി അടുത്തിടെ E85 പെട്രോള്‍ (85 ശതമാനം എഥനോള്‍ അടങ്ങിയത്) പുറത്തിറക്കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ, തങ്ങളുടെ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 90 ശതമാനത്തോളമാണ് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത്.

ഇറാനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെത്തുടര്‍ന്ന് തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് അടഞ്ഞതും ആഗോള വിപണിയില്‍ ബാരലിന് 100 ഡോളറിന് മുകളിലേക്ക് ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഇന്ത്യയുടെ എണ്ണ വിതരണത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

രാജ്യത്ത് കഴിഞ്ഞ ആഴ്ചകളില്‍ ഇന്ധന വിലയില്‍ ലിറ്ററിന് 7:50 രൂപയോളം വര്‍ധനവ് ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കുന്ന എഥനോളിന്റെ ഉപയോഗം കൂട്ടുന്നത് വഴി എണ്ണ ഇറക്കുമതി ചെലവ് കുറയ്ക്കാനും വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും പുതിയ തീരുമാനം സഹായിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.