മസ്‌ക്കറ്റ്: ഒമാന്‍ തീരത്ത് ഹോര്‍മുസ് കടലിടുക്കിന് സമീപം ഇന്ധനക്കപ്പലിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ നാവികന്‍ മരിച്ചു. രണ്ട് ഇന്ത്യക്കാരെ കാണാതായതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. സെറ്റബെല്ലോ എന്ന കപ്പലിന് നേരെയാണ് ആക്രമണം ഉണ്ടായത്.
ആകെ 28 ജീവനക്കാരുണ്ടായിരുന്ന കപ്പലില്‍ 24 പേരും ഇന്ത്യക്കാരായിരുന്നു. കപ്പലില്‍ നിന്ന് ഒമാന്‍ നാവികസേനയുടെ സഹായത്തോടെ 21 ഇന്ത്യക്കാരേയും രക്ഷപ്പെടുത്തി. നിലവില്‍ ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം, മേഖലയിലെ സംഘര്‍ഷങ്ങളുടെ നേരിട്ടുള്ള പ്രതിഫലനമാണ് ഇതെന്നും വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കാണാതായ ഇന്ത്യക്കാര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ഒമാനിലെ സൊഹാര്‍ തുറമുഖ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്ക്, ഹോര്‍മുസ് കടലിടുക്കിന് സമീപമാണ് ഇന്ധനക്കപ്പലിന് നേരെ ആക്രമണമുണ്ടായത്. യു.എസ് നാവികസേന നടത്തിയ മിസൈല്‍ ആക്രമണമാണ് അപകടത്തിന് കാരണമെന്നാണ് അന്താരാഷ്ട്ര മാരിടൈം ഏജന്‍സികളുടെ വിലയിരുത്തല്‍. കപ്പലിന്റെ എഞ്ചിന്‍ റൂമില്‍ മിസൈല്‍ പതിച്ചതിനെത്തുടര്‍ന്ന് വലിയ രീതിയില്‍ തീപിടിത്തം ഉണ്ടാകുകയായിരുന്നു.
ഇറാനിലേക്കുള്ള കപ്പല്‍ ഗതാഗതം തടയാന്‍ ലക്ഷ്യമിട്ട് യു.എസ് നടത്തുന്ന നാവിക ഉപരോധത്തിന്റെ ഭാഗമായാണ് ഈ ആക്രമണമെന്നാണ് ബ്രിട്ടീഷ് മാരിടൈം സുരക്ഷാ സ്ഥാപനമായ ആംബ്രി വിലയിരുത്തുന്നത്. അതേസമയം അമേരിക്കന്‍ നിര്‍ദേശങ്ങള്‍ കപ്പല്‍ പാലിക്കാതിരുന്നതാണ് ആക്രമണത്തിന് കാരണമെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് സൂചിപ്പിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് എം.ടി മാരിവെക്‌സ് എന്ന മറ്റൊരു ഇന്ധനക്കപ്പലിന് നേരെയും സമാനമായ രീതിയില്‍ ആക്രമണം നടന്നിരുന്നു.
അതേസമയം അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിത ചരക്കുനീക്കം ഉറപ്പാക്കുന്നതിന് ചര്‍ച്ചകളിലൂടെ അടിയന്തര പ്രശ്‌നപരിഹാരം കണ്ടെത്തണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.