യു.എസ് വ്യോമാക്രമണത്തിന് തിരിച്ചടി: ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ച് ഇറാന്‍; ആഗോള ഊര്‍ജ വിതരണം പ്രതിസന്ധിയിലേക്ക്

യു.എസ് വ്യോമാക്രമണത്തിന് തിരിച്ചടി: ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ച് ഇറാന്‍; ആഗോള ഊര്‍ജ വിതരണം പ്രതിസന്ധിയിലേക്ക്

ടെഹ്റാന്‍: അമേരിക്കയുമായുള്ള സൈനിക സംഘര്‍ഷം ശക്തമായതോടെ തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ പൂര്‍ണമായും അടച്ചു. ഇറാനിലെ വിവിധ നഗരങ്ങളില്‍ അമേരിക്കന്‍ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ ഈ നിര്‍ണായക നീക്കം. ഇതുവഴിയുള്ള എണ്ണ കപ്പലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വാണിജ്യ ഗതാഗതവും തടയുമെന്ന് ഇറാന്റെ സൈനിക കമാന്‍ഡ് ഔദ്യോഗികമായി അറിയിച്ചു.

വിലക്ക് ലംഘിക്കാന്‍ ശ്രമിച്ച രണ്ട് കപ്പലുകള്‍ക്ക് നേരെ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കര്‍ശന മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യോമാക്രമണം നടത്തിയത്. തങ്ങള്‍ ഇന്നലെ അവരെ ശക്തമായി ആക്രമിച്ചു. ഇന്നും അത് തുടരും. ഒരു പുതിയ കരാറില്‍ ഒപ്പിടാന്‍ ഇറാന്‍ തയ്യാറാകണമെന്നും ട്രംപ് വ്യക്തമാക്കി. തെക്കന്‍ ഇറാന്റെ തീരദേശ നഗരങ്ങളായ സിരിക്, മിനാബ്, പ്രധാന തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസ്, ഖെഷം ദ്വീപ്, ഖാര്‍ഗന്‍ എന്നിവിടങ്ങളില്‍ ശക്തമായ സ്ഫോടനങ്ങള്‍ ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു.

ഇറാന്റെ ഭാഗത്ത് നിന്നുള്ള തുടര്‍ച്ചയായ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയാണ് ഈ സൈനിക നടപടിയെന്ന് യു.എസ് വ്യക്തമാക്കി. വരും ദിവസങ്ങളിലും ആക്രമണം തുടരുമെന്നും യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നല്‍കി.

ഹോര്‍മുസില്‍ യു.എസും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം ശക്തമായതോടെ ആഗോള ഊര്‍ജ വിതരണവും സമുദ്ര വ്യാപാരവും വന്‍ പ്രതിസന്ധിയിലാകുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. തങ്ങള്‍ക്ക് നേരെ ഉണ്ടായ യു.എസ് വ്യോമാക്രമണത്തിന് തിരിച്ചടിയായി ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഈ എണ്ണക്കടത്ത് പാത പൂര്‍ണമായി അടച്ചതായി പ്രഖ്യാപിച്ച ഇറാന്‍, വിലക്ക് ലംഘിക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലിനെയും ലക്ഷ്യമിടുമെന്ന് കര്‍ശന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. എന്നാല്‍ കപ്പല്‍ ഗതാഗതം തടസമില്ലാതെ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് അമേരിക്കയുടെ വാദം.

ആക്രമണം നിര്‍ത്താന്‍ ഇറാന്‍ ഉദ്യോഗസ്ഥര്‍ തന്നോട് നേരിട്ട് ആവശ്യപ്പെട്ടതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇറാന്‍ ഭരണകൂടം ഈ വാദം പൂര്‍ണമായും നിഷേധിച്ചു. യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ ട്രംപ് നടത്തുന്ന വ്യാജ പ്രചാരണമാണിതെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്.

ഒരു ഇടവേളയ്ക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ യുദ്ധ സമാനമായ സാഹചര്യത്തിലേക്ക് മാറിയത് അന്താരാഷ്ട്ര തലത്തില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.