ഒമാന്‍ തീരത്തെ യുഎസ് ആക്രമണം: കൊല്ലപ്പെട്ട ഇന്ത്യന്‍ നാവികരുടെ എണ്ണം മൂന്നായി; അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു

ഒമാന്‍ തീരത്തെ യുഎസ് ആക്രമണം: കൊല്ലപ്പെട്ട  ഇന്ത്യന്‍ നാവികരുടെ എണ്ണം മൂന്നായി; അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി  പ്രതിഷേധമറിയിച്ചു

ന്യൂഡല്‍ഹി: ഒമാന്‍ തീരത്തിന് സമീപം ഇന്ധന ടാങ്കറിന് നേരെ അമേരിക്കന്‍ സൈന്യം നടത്തിയ ആക്രമണത്തിന് പിന്നാലെ കാണാതായ രണ്ട് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതോടെ മരണം മൂന്നായി. ഒരാള്‍ കൊല്ലപ്പെട്ടതായി നേരത്തെ വിവരം ലഭിച്ചിരുന്നു.

സംഭവത്തില്‍ ഇന്ത്യ യുഎസ് ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനെ വിളിച്ചു വരുത്തി 'ശക്തമായ പ്രതിഷേധം' രേഖപ്പെടുത്തി. വിദേശകാര്യ മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി നാഗരാജ് നായിഡു, അമേരിക്കന്‍ പ്രതിനിധി ജേസണ്‍ മീക്സിനെയാണ് വിളിച്ചു വരുത്തിയത്. തുടര്‍ന്ന് ഇന്ത്യ ആക്രമണത്തെ ശക്തമായി അപലപിക്കുകയും കപ്പലിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കപ്പലിന് നേരെ തങ്ങളുടെ സൈന്യം ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വാദം. ഈ ടാങ്കര്‍ ഇറാനില്‍ നിന്നുള്ള എണ്ണയാണ് കൊണ്ടു പോയിരുന്നതെന്നും യുഎസ് അവകാശപ്പെടുന്നു.

ആക്രമണം നടക്കുന്ന സമയത്ത് കപ്പലില്‍ 24 ഇന്ത്യന്‍ ജീവനക്കാരുണ്ടായിരുന്നതായി മന്ത്രാലയം അറിയിച്ചു. ഇതില്‍ 21 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായും മന്ത്രാലയം വ്യക്തമാക്കി. പശ്ചിമേഷ്യയില്‍ വീണ്ടും ആക്രമണങ്ങള്‍ നടക്കുന്നതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.

നൂറ് ദിവസമായി തുടരുന്ന സംഘര്‍ഷം മനുഷ്യ ദുരിതം കൂട്ടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ആഗോള തലത്തില്‍ ഉര്‍ജ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ഇത് ബാധിക്കുകയാണ്. എല്ലാ കക്ഷികളും ചേര്‍ന്നുള്ള നയതന്ത്ര നീക്കത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.