ന്യൂഡല്‍ഹി: ഒടിടി പ്ലാറ്റ്ഫോമുകളിലെ റിലീസുകളുടെ ഉള്ളടക്കം പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീം കോടതി. ചില പ്ലാറ്റ്ഫോമുകള്‍ പോണോഗ്രഫി പോലും പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് 'താണ്ഡവ്' വെബ്‌സീരീസിനെതിരായ കേസില്‍ ജാമ്യം നിഷേധിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരെ ആമസോണ്‍ പ്രൈം കൊമേഴ്സ്യല്‍ മേധാവി അപര്‍ണ പുരോഹിത് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ഇത്തരം പരിപാടികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഒരു സംവിധാനം വേണം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ നിയന്ത്രിക്കുന്നതിനായി അടുത്തിടെ തയാറാക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജിയില്‍ വാദം തുടരും. കേസില്‍ അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന അപര്‍ണയുടെ ഹര്‍ജിയാണ് ഫെബ്രുവരി 25ന് അലഹബാദ് ഹൈക്കോടതി തള്ളിയത്. തുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ആമസോണിലെ വെറുമൊരു ജീവനക്കാരി മാത്രമായ അപര്‍ണക്കെതിരെ മാത്രം കേസ് നല്‍കിയത് ഞെട്ടിച്ചുവെന്നായിരുന്നു അവര്‍ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ രോഹ്തഗി കോടതിയെ അറിയിച്ചത്. പരമ്പരാഗത സിനിമാകാഴ്ച സങ്കല്‍പങ്ങള്‍ കാലഹരണപ്പെട്ടിരിക്കുന്നു. ആളുകള്‍ ഇന്റര്‍നെറ്റില്‍ സിനിമ കാണുന്നത് സര്‍വസാധാരണമായിരിക്കുന്നു. അതിനാല്‍ ഇവയെല്ലാം പരിശോധിക്കപ്പെടേണ്ടേ? എന്നതായിരുന്നു കോടതിയുടെ മറുപടി.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗം മുതിര്‍ന്ന അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂത്ര കോടതിയെ അറിയിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതിനായി ഒരു ബോര്‍ഡും രൂപീകരിക്കുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
അതോടെ, പുതിയ നിയമങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ ബെഞ്ച് സോളിസിറ്റര്‍ ജനറലിനോട് നിര്‍ദേശിച്ചു. ഒടിടി റിലീസുകളുടെ ഉള്ളടക്കം പരിശോധിക്കണമെന്ന കാഴ്ചപ്പാട് തന്നെയാണ് തങ്ങള്‍ക്കുള്ളതെന്നും കോടതി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.