ടെനറൈഫ്: സ്‌പെയിനിലെ അപ്പസ്തോലിക പര്യടനം പൂർത്തിയാക്കി മടങ്ങുകയായിരുന്ന ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് നേരിടേണ്ടി വന്നത് അപ്രതീക്ഷിത പ്രതിസന്ധി. സാങ്കേതിക തകരാറിനെത്തുടർന്ന് വിമാനം അസാധുവായതോടെ സ്പാനിഷ് രാജാവ് ഫിലിപ്പ് ആറാമൻ മുൻകൈയെടുത്ത് പ്രത്യേക വിമാനത്തിൽ മാർപാപ്പയെ വത്തിക്കാനിലേക്ക് യാത്രയാക്കി.
മാർപാപ്പയും സംഘവും സഞ്ചരിക്കാൻ നിശ്ചയിച്ചിരുന്ന ഐബീരിയ എയർബസ് A320 വിമാനം പുറപ്പെടാൻ തയ്യാറെടുക്കുമ്പോൾ വൈകുന്നേരം 4:15 ഓടെയാണ് എഞ്ചിനിൽ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടത്. യാത്ര പാതിവഴിയിൽ മുടങ്ങിയതോടെ മാർപാപ്പയ്ക്ക് വിമാനത്തിൽ നിന്ന് പുറത്തിറങ്ങേണ്ടി വന്നു.
ഈ ഘട്ടത്തിൽ യാത്രയയപ്പ് നൽകാൻ വിമാനത്താവളത്തിലെത്തിയ സ്പാനിഷ് രാജാവ് ഫിലിപ്പ് ആറാമൻ തൽക്ഷണം ഇടപെടുകയായിരുന്നു. മാർപാപ്പയെയും കർദിനാൾ പിയാട്രോ പരോളിൻ അടക്കമുള്ള ഉന്നത സഭാ പ്രതിനിധികളെയും രാജാവ് തന്നെ നേരിട്ട് വിമാനത്താവളത്തിലെ വിഐപി ലോഞ്ചിലേക്ക് ആനയിച്ചു.
തുടർന്ന് മാർപാപ്പയുടെ സുരക്ഷിതമായ മടക്കയാത്രയ്ക്കായി രാജാവ് തന്റെ പ്രത്യേക വിമാനം സദയം വിട്ടുനൽകി. പ്രാദേശിക സമയം വൈകുന്നേരം ആറു മണിയോടെ മാർപാപ്പ ഈ വിമാനത്തിൽ റോമിലേക്ക് യാത്ര തിരിച്ചു. മാർപാപ്പയുടെ കൂടെയുണ്ടായിരുന്ന മാധ്യമ പ്രവർത്തകരും മറ്റ് ഉദ്യോഗസ്ഥരും ഐബീരിയ എയർലൈൻസിന്റെ മറ്റൊരു വിമാനത്തിൽ വത്തിക്കാനിലേക്ക് മടങ്ങും.
മാഡ്രിഡ്, ബാഴ്സലോണ, ലാസ് പൽമാസ് ഡി ഗ്രാൻ കനാരിയ, ടെനറൈഫ് എന്നിവിടങ്ങളിലായി ഒരാഴ്ച നീണ്ടുനിന്ന മാർപാപ്പയുടെ നാലാമത് അന്താരാഷ്ട്ര അപ്പോസ്തോലിക പര്യടനത്തിന് ഇതിലൂടെ അവിസ്മരണീയമായ സമാപനം കുറിച്ചു. ഉച്ചകഴിഞ്ഞ് 3:45-ഓടെ ടെനറൈഫ് നോർത്ത് വിമാനത്താവളത്തിലെത്തിയ മാർപാപ്പയ്ക്ക് രാജകീയ വരവേൽപ്പാണ് ലഭിച്ചത്.
ഇരു രാജ്യങ്ങളുടെയും ദേശീയഗാനാലാപനത്തിനും പതാകവന്ദനത്തിനും ശേഷം ഗാർഡ് ഓഫ് ഓണർ പരിശോധിച്ചായിരുന്നു അദേഹത്തെ യാത്രയാക്കിയത്. സാങ്കേതിക തകരാർ ഉണ്ടായെങ്കിലും രാജാവിന്റെയും ഉദ്യോഗസ്ഥരുടെയും കൃത്യമായ ഇടപെടലിലൂടെ മാർപാപ്പയുടെ മടക്കയാത്ര സുഗമമാക്കാൻ കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.