ലോകകപ്പിൽ പങ്കെടുക്കുന്ന 14 രാജ്യങ്ങളിൽ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു; റിപ്പോർട്ട്

ലോകകപ്പിൽ പങ്കെടുക്കുന്ന 14 രാജ്യങ്ങളിൽ മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു; റിപ്പോർട്ട്

ന്യൂയോർക്ക്: ഫുട്ബോൾ ലോകകപ്പിൽ മാറ്റുരയ്ക്കുന്ന 48 ദേശീയ ടീമുകളിൽ 14 രാജ്യങ്ങളും മത സ്വാതന്ത്ര്യം കടുത്ത രീതിയിൽ നിഷേധിക്കപ്പെടുന്നവരുടെ പട്ടികയിലാണെന്ന് റിപ്പോർട്ട്. പൊന്തിഫിക്കൽ ഫൗണ്ടേഷനായ ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ സ്പെയിൻ ശാഖ പുറത്തുവിട്ട പുതിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്.

ഇറാൻ, സൗദി അറേബ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ എന്നീ രാജ്യങ്ങളിലാണ് മതപീഡനങ്ങൾ ഏറ്റവും ഗുരുതരമായി തുടരുന്നത്. മതപരമായ നിയമങ്ങളുടെ കർശന വ്യാഖ്യാനം നടപ്പിലാക്കുന്ന ഇറാനിലും സൗദിയിലും മതം മാറുന്നവർക്കും അംഗീകാരമില്ലാത്ത മതവിഭാഗക്കാർക്കും നേരെ വധശിക്ഷ ഉൾപ്പെടെയുള്ള ക്രൂരമായ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്. കോംഗോയുടെ കിഴക്കൻ മേഖലയിൽ സജീവമായ ജിഹാദി ഗ്രൂപ്പുകൾ നടത്തുന്ന അക്രമങ്ങൾ ക്രൈസ്തവർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന മെക്സിക്കോയിൽ മയക്കുമരുന്ന് മാഫിയകളും ക്രിമിനൽ സംഘങ്ങളും വൈദികരെയും മതനേതാക്കളെയും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. ഹെയ്തിയിൽ സായുധ ഗുണ്ടാസംഘങ്ങൾ മതനേതാക്കളെ തട്ടിക്കൊണ്ടുപോകുന്നതും വധിക്കുന്നതും പതിവായതോടെ ആരാധനാലയങ്ങളുടെ പ്രവർത്തനം തന്നെ സ്തംഭനാവസ്ഥയിലാണ്.

മൊറോക്കോ, ടുണീഷ്യ, അൾജീരിയ, ജോർദാൻ, ഖത്തർ, ഈജിപ്ത്, തുർക്കി, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലും മതന്യൂനപക്ഷങ്ങൾ വിവേചനങ്ങളുടെയും നിയന്ത്രണങ്ങളുടെയും ഇരകളാണ്. ആരാധനാ സ്വാതന്ത്ര്യത്തിന് മുകളിൽ ഈ രാജ്യങ്ങൾ കർശനമായ ചട്ടങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ ഇറാഖ് ഇപ്പോൾ മതസൗഹാർദത്തിന്റെ മാതൃകയായി മാറുകയാണ്. ഫുട്ബോൾ ടീമിലെ വിവിധ മത-വംശീയ വിഭാഗങ്ങളുടെ സാന്നിധ്യം രാജ്യത്തിന്റെ ഐക്യത്തിന്റെ പ്രതീകമായി മാറിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരു ശതമാനത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ക്രൈസ്തവരിൽ നിന്ന് നാല് താരങ്ങൾ ദേശീയ ടീമിൽ ഇടംപിടിച്ചത് മതന്യൂനപക്ഷങ്ങൾക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.