'തൊപ്പി ഗ്യാങ്ങി'നെതിരെ വലവിരിച്ച് പൊലീസ്: അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി; കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

'തൊപ്പി ഗ്യാങ്ങി'നെതിരെ വലവിരിച്ച് പൊലീസ്: അന്വേഷണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി; കര്‍ശന നടപടിയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ ലഹരി ഉപയോഗവും അശ്ലീല പ്രചാരണവും വഴി ഭാവി തലമുറയെ തെറ്റായ വഴിയിലേക്ക് നയിക്കുന്ന ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. വിവാദ യൂട്യൂബര്‍ 'തൊപ്പി' എന്ന നിഹാദിനും സുഹൃത്തുക്കള്‍ക്കുമെതിരെ ഉയര്‍ന്ന പരാതികളില്‍ സമഗ്രമായ അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

കേരളത്തെ മയക്കുമരുന്ന് വിമുക്തമാക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും ലഹരി ഉപയോഗിക്കുന്നവരെയും വില്‍ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ലഹരിയുടെ വഴിയില്‍ നിന്നും പലരും ഇപ്പോള്‍ പിന്മാറുന്നുണ്ടെന്നും നാടിന്റെ നന്മയ്ക്കായുള്ള ഈ പോരാട്ടത്തില്‍ രാഷ്ട്രീയമില്ലെന്നും മന്ത്രി വ്യക്തമാക്കി. ലക്ഷക്കണക്കിന് നിരോധിത പുകയില ഉല്‍പന്നങ്ങളും മയക്കുമരുന്നുമാണ് സംസ്ഥാനത്ത് പിടികൂടിക്കൊണ്ടിരിക്കുന്നത്. ഇതെല്ലാം നമ്മുടെ കുട്ടികളുടെ ഭാവി തകര്‍ക്കുന്നതാണ്. ഇതിനെതിരെ സമൂഹം ഒന്നടങ്കം രംഗത്തിറങ്ങണമെന്നും ആഭ്യന്തരമന്ത്രി അഭ്യര്‍ത്ഥിച്ചു.

കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കള്‍ സൂക്ഷിച്ചതിന്റെ ദൃശ്യങ്ങള്‍ തൊപ്പി ഗ്യാങ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ വിഷയത്തില്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അഡ്വ. ശ്രീജിത്ത് പെരുമന നല്‍കിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കേരള സംസ്ഥാന സൈബര്‍ ഓപ്പറേഷന്‍സ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകന്റെ നേതൃത്വത്തിലാണ് കേസില്‍ നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. എംഡിഎംഎ ഉള്‍പ്പെടെയുള്ള മാരക മയക്കുമരുന്നുകളുടെ ഉപയോഗവും അതിന്റെ ഡിജിറ്റല്‍ പ്രചാരണവും, പോക്സോ പരിധിയില്‍ വരുന്ന കുറ്റങ്ങള്‍, പരസ്യമായ അശ്ലീല പ്രദര്‍ശനം, സ്ത്രീവിരുദ്ധത തുടങ്ങിയ ഗുരുതരമായ സൈബര്‍ കുറ്റകൃത്യങ്ങളും ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരും. കൂടാതെ സോഷ്യല്‍ മീഡിയ വഴിയുള്ള അതിക്രമങ്ങള്‍, സൈബര്‍ ഭീഷണികള്‍, മാനസിക-ശാരീരിക പീഡനങ്ങള്‍ തുടങ്ങിയ ഗുരുതരമായ മറ്റ് ആരോപണങ്ങളെക്കുറിച്ചും പൊലീസ് സംഘം വിശദമായി അന്വേഷിക്കും.

പരസ്യമായി അശ്ലീലവും സ്ത്രീവിരുദ്ധതയും ക്രിമിനല്‍ കുറ്റങ്ങളും വിളിച്ച് പറയുന്ന ഇത്തരം സംഘങ്ങള്‍ വരും തലമുറയുടെ ഭാവി തകര്‍ക്കുകയാണെന്നും ഇവര്‍ക്കെതിരെ മാതൃകാപരമായ നിയമനടപടികള്‍ ഉണ്ടാകണമെന്നും പരാതിക്കാരനായ അഡ്വ. ശ്രീജിത്ത് പെരുമന ആവശ്യപ്പെട്ടു.

ലക്ഷക്കണക്കിന് സ്‌കൂള്‍ കുട്ടികളാണ് തൊപ്പിയുടെ യൂട്യൂബ് ചാനല്‍ പിന്തുടരുന്നത്. തത്സമയ സ്ട്രീമിങ്ങുകളില്‍ ഇയാള്‍ ഉപയോഗിക്കുന്ന തെറിവിളികളും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും കുട്ടികള്‍ അനുകരിക്കുന്നത് മുന്‍പ് തന്നെ വലിയ സാമൂഹിക ആശങ്കയ്ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പോക്‌സോ, ലഹരി മരുന്ന് തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ കൂടി ഇയാള്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. ലഹരി മാഫിയകള്‍ക്കും സൈബര്‍ കുറ്റവാളികള്‍ക്കുമെതിരെയുള്ള പൊലീസിന്റെ ശക്തമായ മുന്നറിയിപ്പായിട്ടാണ് അന്വേഷണത്തെ പൊതുസമൂഹം വിലയിരുത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.