കെഎസ്ആർടിസിയിൽ ഇനി സ്ത്രീകൾക്ക് സൗജന്യ യാത്ര; 'പ്രിയദർശിനി' പദ്ധതിക്ക് തുടക്കമായി; യാത്ര ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി

കെഎസ്ആർടിസിയിൽ ഇനി സ്ത്രീകൾക്ക് സൗജന്യ യാത്ര; 'പ്രിയദർശിനി' പദ്ധതിക്ക് തുടക്കമായി; യാത്ര ഔദാര്യമല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി സതീശൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.

ഇത് അഭിമാന നിമിഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസം കഴിയും മുമ്പേ വാഗ്ദാനം പാലിക്കാനായി. സൗജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനം ഉണ്ടാക്കുന്ന പദ്ധതിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സ്ത്രീകൾക്ക് അഭിമാനത്തോടെ യാത്ര ചെയ്യാം. ഞങ്ങളുടെ സർക്കാരിന്റെ വണ്ടി എന്ന് സ്ത്രീകള്‍ക്ക് പറയാം. മിച്ചം കിട്ടുന്ന തുക എന്ത് ചെയ്യണമെന്ന് ഒരു സ്ത്രീ എന്നോട് ചോദിച്ചുവെന്നും ചിട്ടി ചേരാൻ ഉപദേശിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂരിൽ നിന്ന് സെക്രട്ടറിയേറ്റിലേക്കായിരുന്നു ഉദ്ഘാടന യാത്ര. കെഎസ്ആർടിസിയുടെ ചരിത്രത്തിലാദ്യമായി ഒരു വനിതാ ഡ്രൈവർ – പെരുമ്പാവൂർ ഡിപ്പോയിലെ ഷീല – ആണ് ഉദ്ഘാടന സർവീസ് നിയന്ത്രിച്ചത്. വനിതാ കണ്ടക്ടറുടെ സേവനവും ഈ ബസിൽ ലഭ്യമായിരുന്നു. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.

പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. സൗജന്യ യാത്രയ്ക്കായി പ്രത്യേക രജിസ്ട്രേഷനോ തിരിച്ചറിയൽ രേഖകളോ ഹാജരാക്കേണ്ടതില്ല. സൗജന്യ യാത്ര ഏർപ്പെടുത്തിയതോടെ ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികൾക്ക് ഇനി പ്രത്യേക കൺസെഷൻ ടിക്കറ്റ് ആവശ്യമില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.