കർഷക പ്രക്ഷോഭം: ചരിത്ര സമരത്തിന് നാളെ നൂറ് ദിവസം

കർഷക പ്രക്ഷോഭം: ചരിത്ര സമരത്തിന് നാളെ നൂറ് ദിവസം

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ കര്‍ഷക സമരം തുടങ്ങിയിട്ട് നാളെക്ക് നൂറ് ദിവസം. കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ കര്‍ഷക നിയമയങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരമെന്ന കര്‍ഷകരുടെ പോരാട്ട വീര്യത്തിന് ഇപ്പോഴും ഒരു കുറവുമില്ല. കഴിഞ്ഞ മൂന്ന് മാസത്തെ ഡല്‍ഹിലെ കൊടും തണുപ്പിനെ അതിജീവിച്ച സമരം പുതിയ തലത്തിലേക്ക് കടക്കുകയാണ്.

108 കര്‍ഷകര്‍ക്ക് ഇതിനകം സമരപന്തലില്‍ ജീവന്‍ വെടിഞ്ഞു. ജനുവരി 26 ട്രാക്ടർ റാലിക്ക് ശേഷം 14 കര്‍ഷകരെ കാണാതായി. എന്തെല്ലാം തിരിച്ചടികളുണ്ടായാലും നിയമം പിന്‍വിക്കാതെ മടങ്ങില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. ഡല്‍ഹിയില്‍ കിടന്ന് മരിക്കാനും തയ്യാറാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച പറയുന്നു.

നവംബര്‍ 27 നാണ് ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സമരം തുടങ്ങിയത്. ഇതിനകം 11 തവണ കേന്ദ്രവുമായി ചര്‍ച്ച നടന്നെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല. സ്ത്രീകളടക്കം സമരപന്തലില്‍ ആയിരങ്ങള്‍ ഇപ്പോഴും നിലയുറപ്പിച്ചിരിക്കുന്നു. പോലീസ് നടപടിയും ടൂള്‍ക്കിറ്റ് വിവാദവുമൊന്നും കര്‍ഷകരുടെ സമരത്തെ ബാധിച്ചിട്ടില്ല. മഹാപഞ്ചായത്തുകള്‍ വിളിച്ച്‌ എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണ് കര്‍ഷകരിപ്പോള്‍.

സമരത്തിന്റെ നൂറാം ദിനമായ നാളെ മനേസര്‍ എക്‌സ്പ്രസ് പാത ഉപരോധവും എട്ടിന് മഹിള മഹാപഞ്ചായത്തും നടക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇവിടങ്ങളിലെത്തി കേന്ദ്ര സര്‍ക്കാറിന് എതിരെ പ്രചാരണം നടത്താനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.