'ഭീകരവാദ പ്രവര്‍ത്തനങ്ങളോട് വിട്ടുവീഴ്ചയില്ല; ധനസഹായ വാര്‍ത്തകള്‍ തെറ്റ്'; സമാധാന കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ജെ.ഡി വാന്‍സ്

'ഭീകരവാദ പ്രവര്‍ത്തനങ്ങളോട് വിട്ടുവീഴ്ചയില്ല; ധനസഹായ വാര്‍ത്തകള്‍ തെറ്റ്'; സമാധാന കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ട് ജെ.ഡി വാന്‍സ്

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്ക് വിരാമമിട്ടുള്ള യു.എസ്-ഇറാന്‍ സമാധാന കരാറിന്റെ ഘടന വെളിപ്പെടുത്തി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്. കരാറിന്റെ ഭാഗമായി അമേരിക്ക ഇറാന് 300 മില്യണ്‍ ഡോളര്‍ കൈമാറുന്നുണ്ടെന്ന വാര്‍ത്തകള്‍ വാന്‍സ് പൂര്‍ണമായും തള്ളി.

കരാറുമായി ബന്ധപ്പെട്ട് ഒരുപാട് തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട്. അമേരിക്ക ഇറാന് 24 ബില്യണ്‍ ഡോളര്‍ നല്‍കുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഞാന്‍ കണ്ടു. ഇത് പൂര്‍ണമായും വ്യാജവും കെട്ടിച്ചമച്ചതുമാണെന്ന് വാന്‍സ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് വാന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതും ആഗോള വിപണിയില്‍ എണ്ണവില കുറയുന്നതും ഉള്‍പ്പെടെ കരാറിന്റെ പ്രധാന നേട്ടങ്ങള്‍ അദേഹം ആവര്‍ത്തിച്ചു. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് തടയുക എന്നതിനൊപ്പം, രാജ്യം സമാധാനത്തിന്റെ പാതയിലേക്ക് വന്നാല്‍ ബന്ധം മെച്ചപ്പെടുത്താന്‍ അമേരിക്ക തയാറാണെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.

പശ്ചിമേഷ്യയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നത് ഇറാന്‍ നിര്‍ത്തലാക്കണമെന്നാണ് അമേരിക്കയുടെ പ്രധാന ആവശ്യം. നിലവില്‍ സമ്പുഷ്ടീകരിച്ച് സൂക്ഷിച്ചിരിക്കുന്ന ആണവ സാമഗ്രികളുടെ ശേഖരം പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇറാന്‍ സമ്മതിച്ചിട്ടുണ്ട്.

എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം അവര്‍ പൂര്‍ണമായി നിര്‍ത്തി വെച്ചാല്‍ മാത്രമേ കരാറിലെ മറ്റ് ആനുകൂല്യങ്ങള്‍ ഇറാന് ലഭിക്കൂ എന്ന് വാന്‍സ് മുന്നറിയിപ്പ് നല്‍കി. അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ഇറാന്റെ ആണവ ശേഖരം നശിപ്പിക്കുന്നത് അമേരിക്ക ഉറപ്പുവരുത്തും.

മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ കാലത്തുണ്ടാക്കിയ ആണവ കരാറില്‍ നിന്നും പുതിയ കരാറിനുള്ള വ്യത്യാസവും വാന്‍സ് ചൂണ്ടിക്കാട്ടി. ഒബാമയുടെ കരാറിനെ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ കടുത്ത രീതിയില്‍ എതിര്‍ത്തിരുന്നു. കാരണം ആ കരാര്‍ ഇറാന് കൂടുതല്‍ കരുത്ത് നല്‍കുന്നതായിരുന്നു.

കൂടാതെ പരിശോധനാ സംവിധാനങ്ങളിലെ പോരായ്മകളും വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ പുതിയ കരാറിനെ ഗള്‍ഫ് അറബ് രാജ്യങ്ങള്‍ പൂര്‍ണമായും പിന്തുണക്കുന്നുണ്ടെന്നും പശ്ചിമേഷ്യയുടെ ഭാവി മാറ്റിയെഴുതാന്‍ ഈ സമാധാന കരാറിന് സാധിക്കുമെന്നും വാന്‍സ് പ്രത്യാശ പ്രകടിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.