തണുത്തുറഞ്ഞ തടാകത്തില്‍ അഞ്ച് വയസുകാരിക്ക് കാവലായി 30 മിനിറ്റ്! ഇന്ത്യന്‍ തൊഴിലാളിക്ക് റൊമാനിയയുടെ പരമോന്നത ആദരം

തണുത്തുറഞ്ഞ തടാകത്തില്‍ അഞ്ച് വയസുകാരിക്ക് കാവലായി 30 മിനിറ്റ്! ഇന്ത്യന്‍ തൊഴിലാളിക്ക് റൊമാനിയയുടെ പരമോന്നത ആദരം

ബുക്കാറസ്റ്റ്: സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി തണുത്തുറഞ്ഞ തടാകത്തില്‍ വീണ അഞ്ച് വയസുകാരിയെ രക്ഷിച്ച ഇന്ത്യന്‍ നിര്‍മാണ തൊഴിലാളി വിപിന്‍ കുമാറിന് റൊമാനിയന്‍ നഗരമായ ക്രായോവയുടെ പരമോന്നത ആദരം. വിപിന്റെ സമാനതകളില്ലാത്ത ധീരതയെ മാനിച്ച് നഗരം അദേഹത്തിന് 'ഓണററി സിറ്റിസണ്‍' പദവി നല്‍കി ആദരിച്ചു.

ജൂണ്‍ നാലിന് നടന്ന ചടങ്ങില്‍ റൊമാനിയയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മനോജ് കുമാര്‍ മൊഹപത്രയുടെ സാന്നിധ്യത്തിലാണ് ക്രായോവ നഗരസഭ ഈ അപൂര്‍വ ബഹുമതി വിപിന് കൈമാറിയത്. കഴിഞ്ഞ ജനുവരിയില്‍ ക്രായോവയിലെ പ്രസിദ്ധമായ നിക്കോളായ് റൊമാനസ്‌കു പാര്‍ക്കിലായിരുന്നു സിനിമാക്കഥകളെ വെല്ലുന്ന ഈ രക്ഷാ പ്രവര്‍ത്തനം നടന്നത്. പാര്‍ക്കിലെ തടാകത്തിന് മുകളിലെ കട്ടി കുറഞ്ഞ മഞ്ഞുപാളി തകര്‍ന്ന് അഞ്ച് വയസുകാരി പൂജ്യം ഡിഗ്രിയിലും താഴെയുള്ള വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

കുട്ടി മുങ്ങിത്താഴുന്നത് കണ്ട്, സുഹൃത്തിനൊപ്പം നടക്കുകയായിരുന്ന വിപിന്‍ കുമാര്‍ ഒട്ടും മടിച്ചില്ല. തടാകക്കരയിലുണ്ടായിരുന്ന ഒരു സ്ലെഡ്ജ് (മഞ്ഞിലൂടെ സഞ്ചരിക്കുന്ന വാഹനം) ഉപയോഗിച്ച് കുട്ടിയുടെ അടുത്തേക്ക് നീങ്ങി. എന്നാല്‍ മഞ്ഞുപാളി വീണ്ടും തകര്‍ന്ന് വിപിനും തണുത്തുറഞ്ഞ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. വെള്ളത്തിന്റെ അതികഠിനമായ തണുപ്പിലും സ്വന്തം ജീവനേക്കാള്‍ വിപിന്‍ പ്രാധാന്യം നല്‍കിയത് ആ കുരുന്നിന്റെ ജീവനായിരുന്നു. അഗ്‌നി ശമനസേനയും രക്ഷാപ്രവര്‍ത്തകരും എത്തുന്നതുവരെ ഏകദേശം 30 മിനിറ്റോളം വിപിന്‍ കുട്ടിയെ വെള്ളത്തിന് മുകളില്‍ സുരക്ഷിതമായി ഉയര്‍ത്തിപ്പിടിച്ചു നിന്നു.

അതിശൈത്യം മൂലം ശരീരത്തിന്റെ താപനില അപകടകരമാംവിധം താഴുന്ന ഹൈപ്പോതെര്‍മിക് ഷോക്ക് ബാധിച്ച വിപിന്‍ കുമാറിനെയും പെണ്‍കുട്ടിയെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കി. മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുട്ടിയുടെ പിതാവും മഞ്ഞുപാളികള്‍ക്കിടയില്‍ കുടുങ്ങിപ്പോയിരുന്നു.



വിപിന്‍ കുമാറിന്റെ ഈ നിസ്വാര്‍ത്ഥമായ ധീരതയില്‍ ഹൃദയം നിറഞ്ഞ ക്രായോവ മേയര്‍ ലിയ ഓള്‍ഗുട്ട വാസിലെയസ്‌കുവാണ് അദേഹത്തിന് ഓണററി സിറ്റിസണ്‍ പദവി നല്‍കാന്‍ ശുപാര്‍ശ ചെയ്തത്. ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. മനോജ് കുമാര്‍ മൊഹപത്രയും പങ്കെടുത്തു.

വിപിന്‍ കുമാര്‍ ചെയ്തത് ഇന്ത്യയുടെ യഥാര്‍ത്ഥ മൂല്യങ്ങളുടെ പ്രതീകമാണ്. ലോകം ഒരു കുടുംബമാണെന്ന പുരാതന തത്ത്വചിന്തയാണ് ഈ പ്രവര്‍ത്തിയിലൂടെ അദേഹം ലോകത്തിന് കാണിച്ചു കൊടുത്തത്. മറ്റുള്ളവര്‍ക്ക് അഭയവും സുരക്ഷിതത്വവും നല്‍കുന്നവരാണ് യഥാര്‍ത്ഥ ഹീറോകളെന്ന് ഡോ. മനോജ് കുമാര്‍ മൊഹപത്ര ചടങ്ങില്‍ സംസാരിക്കവെ വ്യക്തമാക്കി.

ആ സമയത്ത് അവളെ വെള്ളത്തില്‍ നിന്ന് പുറത്തെടുക്കുക എന്നതല്ലാതെ മറ്റൊരു ചിന്തയും മനസില്‍ ഉണ്ടായിരുന്നില്ല. ആ കൊച്ചു പെണ്‍കുട്ടി വളരെ ധീരയായിരുന്നുവെന്ന് ആദരം ഏറ്റുവാങ്ങിക്കൊണ്ട് വിപിന്‍ പ്രതികരിച്ചു.

രക്ഷാ പ്രവര്‍ത്തനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, ആഗോളതലത്തില്‍ വലിയ രീതിയിലുള്ള പ്രശംസയാണ് ഈ ഇന്ത്യന്‍ തൊഴിലാളിയെ തേടിയെത്തുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.