വിടവാങ്ങിയത് ആയിരത്തോളം ഭക്തി ഗാനങ്ങളുടെ സ്രഷ്ടാവ്
കോട്ടയം: 'തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ...' എന്ന അനശ്വര വരികളിലൂടെ മലയാളികളുടെ പ്രാര്‍ത്ഥനാ മുറികളെയും ദേവാലയങ്ങളെയും ഭക്തി സാന്ദ്രമാക്കിയ പ്രശസ്ത ഗാനരചയിതാവും വചന പ്രഘോഷകനുമായ ഫാ. മൈക്കിള്‍ പനച്ചിക്കല്‍ വി.സി (77) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കോട്ടയം അടിച്ചിറയിലുള്ള പരിത്രാണ ധ്യാന കേന്ദ്രത്തില്‍ നടക്കും.
വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ഫാ. പനച്ചിക്കല്‍ അഞ്ച് പതിറ്റാണ്ടിലേറെക്കാലം ആത്മീയ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായിരുന്നു. 1974 ല്‍ പൗരോഹിത്യം സ്വീകരിച്ച അദേഹം പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങളുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയാണ് ആദ്യമായി ഗാനമെഴുതുന്നത്. കെ.ജെ യേശുദാസ് ആലപിച്ച 'നിത്യത തീര്‍ക്കുന്ന നിമിഷങ്ങളെ, സ്വര്‍ഗം തുറക്കുന്ന നിമിഷങ്ങളെ' എന്ന ആ ആദ്യ ഗാനം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
തുടര്‍ന്ന് 1993 ല്‍ പുറത്തിറങ്ങിയ തിരുനാമകീര്‍ത്തനം എന്ന ഗാനം മലയാള ക്രൈസ്തവ ഭക്തിഗാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറി. ഈ ഗാനത്തിന് കെ.സി.ബി.സി അവാര്‍ഡും അദേഹത്തിന് ലഭിക്കുകയുണ്ടായി.
ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം, പിതാവേ അനന്ത നന്മയായ്, തന്നാലും നാഥാ ആത്മാവിനെ, തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍ തുടങ്ങി എഴുന്നൂറിലധികം ഭക്തി ഗാനങ്ങള്‍ അദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറന്നു. കേവലം പാട്ടുകള്‍ എന്നതിനപ്പുറം ആത്മീയമായ ഒരു വലിയ അനുഭവം വിശ്വാസികളിലേക്ക് പകര്‍ന്ന് നല്‍കാന്‍ അദേഹത്തിന്റെ വരികള്‍ക്ക് കഴിഞ്ഞു.
ഗാന രചയിതാവ് എന്നതിനൊപ്പം പ്രശസ്ത ധ്യാന ഗുരു, നാടക കൃത്ത്, നോവലിസ്റ്റ്, മാധ്യമ പ്രവര്‍ത്തകന്‍ എന്നി നിലകളിലും അദേഹം തിളങ്ങി. പ്രശസ്ത ആത്മീയ മാസികയായ വചനോത്സവത്തിന്റെ സ്ഥാപക പത്രാധിപരായിരുന്നു. അടിച്ചിറ പരിത്രാണ ധ്യാന കേന്ദ്രം ഡയറക്ടര്‍, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍, അസിസ്റ്റന്റ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ എന്നി നിലകളില്‍ അദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശാലോം മീഡിയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നല്‍കി നാടും അദേഹത്തെ ആദരിച്ചിട്ടുണ്ട്.
1948 സെപ്റ്റംബര്‍ ആറിന് ദേവസ്യയുടെയും ഏലിയുടെയും മകനായാണ് ജനനം.
സഹോദരങ്ങള്‍: സിസ്റ്റര്‍ ജിസെല്ല (മുംബൈ), പരേതനായ ജോസഫ്, സിസ്റ്റര്‍ ഫ്രാന്‍സിന (കോഴിക്കോട്), സിസ്റ്റര്‍ മാത്യൂസ് മേരി സിഎംസി (വെട്ടിമറ്റം), റൂബി ലോപ്പസ്, അച്ചാമ്മ സേവ്യര്‍, പരേതനായ സെബാസ്റ്റ്യന്‍, സിസ്റ്റര്‍ കുഞ്ഞമ്മ (എറണാകുളം), ആനി സൈഫി.
ഫാ. മൈക്കിള്‍ പനച്ചിക്കല്‍ ഭൗതികമായി വിട പറഞ്ഞെങ്കിലും അദേഹം അവശേഷിപ്പിച്ച് പോയ വചന സാക്ഷ്യവും വിശുദ്ധ വരികളും ഇനിയും തലമുറകളോളം വിശ്വാസികളുടെ ഹൃദയങ്ങളില്‍ ജീവിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.