'വി ആര്‍ ഫെയ്മസ് കപ്പിള്‍': മോഡിയെ കണ്ടപ്പോള്‍ മെലോണിയുടെ തമാശ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

'വി ആര്‍ ഫെയ്മസ് കപ്പിള്‍': മോഡിയെ കണ്ടപ്പോള്‍ മെലോണിയുടെ തമാശ; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പാരിസ്: ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടപ്പോള്‍ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പറഞ്ഞ തമാശ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു.

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനായി ലോക നേതാക്കള്‍ ഒത്തുകൂടിയപ്പോഴായിരുന്നു മെലോണിയുടെ തമാശ. ലോക നേതാക്കളുടെ നിരയിലേക്ക് എത്തിയ പ്രധാനമന്ത്രി മോഡിയെ 'വീണ്ടും കണ്ടതില്‍ സന്തോഷം' എന്ന് പറഞ്ഞാണ് മെലോനി സ്വീകരിച്ചത്. തുടര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ ജനപ്രീതിയെക്കുറിച്ച് മോഡി സൂചിപ്പിച്ചപ്പോള്‍, ചിരിച്ചുകൊണ്ട് 'അതെ, നമ്മള്‍ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും പ്രശസ്തമായ ജോഡിയാണ്' എന്നായിരുന്നു മെലോണിയുടെ സഡന്‍ കൗണ്ടര്‍.

ഇരു നേതാക്കളുടെയും പേരുകള്‍ ചേര്‍ത്തുവെച്ച് സോഷ്യല്‍ മീഡിയ രൂപം നല്‍കിയ  '#Melodi' എന്ന ഹാഷ്ടാഗ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റാണ്. 2023 നവംബറില്‍ ദുബായില്‍ നടന്ന കോപ് 28 ഉച്ചകോടിക്കിടെ മോഡിക്കൊപ്പമുള്ള സെല്‍ഫി "Good friends at COP28 #Melodi" എന്ന അടിക്കുറിപ്പോടെ മെലോണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് ഈ ട്രെന്‍ഡ് ആരംഭിച്ചത്.

കഴിഞ്ഞ മാസം മോഡി റോം സന്ദര്‍ശിച്ചപ്പോള്‍ ഈ സോഷ്യല്‍ മീഡിയ ട്രെന്‍ഡിനെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ 'പാര്‍ലെയുടെ മെലഡി' ചോക്ലേറ്റ് പാക്കറ്റ് മെലോണിക്ക് സമ്മാനമായി നല്‍കിയിരുന്നു. ഈ വീഡിയോ പുറത്തു വന്ന് ആറ് മണിക്കൂറിനുള്ളില്‍ 10 കോടിയിലധികം ആളുകളാണ് കണ്ടത്.

ജി 7 ഉച്ചകോടിയുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുമായി പ്രധാനമന്ത്രി മോഡി കൂടിക്കാഴ്ച നടത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.