ബി.കോം ഉപേക്ഷിച്ച് പറന്നു: ഇപ്പോള്‍ ഇന്ത്യയിലെ ഏക ആംഫിബിയന്‍ പൈലറ്റ്; വിസ്മയമായി കോട്ടയംകാരന്‍ അരുണ്‍

ബി.കോം ഉപേക്ഷിച്ച് പറന്നു: ഇപ്പോള്‍ ഇന്ത്യയിലെ ഏക ആംഫിബിയന്‍ പൈലറ്റ്; വിസ്മയമായി കോട്ടയംകാരന്‍ അരുണ്‍

കോട്ടയം: കൊച്ചിയേയും ലക്ഷദ്വീപിനെയും ബന്ധിപ്പിച്ച് കൊണ്ടുള്ള രാജ്യത്തെ ആദ്യത്തെ ഷെഡ്യൂള്‍ഡ് സീപ്ലെയിന്‍ സര്‍വീസ് (വെള്ളത്തിലും കരയിലും ഇറങ്ങാന്‍ കഴിയുന്ന വിമാനം) ചരിത്രക്കുതിപ്പിനൊരുങ്ങുമ്പോള്‍, അതിന്റെ കോക്പിറ്റിലിരുന്ന് ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ പുതിയ അധ്യായമെഴുതുകയാണ് ഒരു മലയാളി യുവാവ്. കോട്ടയം നെടുംകുന്നം സ്വദേശിയായ ക്യാപ്റ്റന്‍ അരുണ്‍ ഗോപ് (33) ആണ് ഈ അഭിമാന നേട്ടത്തോടെ വിമാനത്തിന്റെ അമരക്കാരാകുന്നത്.

നിലവില്‍ ഇന്ത്യയില്‍ ഇത്തരം ആംഫിബിയന്‍ വിമാനങ്ങള്‍ പറത്താന്‍ ലൈസന്‍സുള്ള ഏക ഇന്ത്യന്‍ പൈലറ്റാണ് അരുണ്‍. ഹരിയാന ആസ്ഥാനമായുള്ള സ്‌കൈ ഹോപ് ഏവിയേഷന്‍ കമ്പനിയാണ് സീപ്ലെയിന്‍ സര്‍വീസ് നടത്തുന്നത്. കനേഡിയന്‍ നിര്‍മിതമായ വൈക്കിങ് ഡിഎച്ച്‌സി-6-400 ട്വിന്‍ ഓട്ടര്‍മ(Viking DHC-6-400 Twin Otter) എന്ന ഇരട്ട എന്‍ജിന്‍ വിമാനമാണ് സര്‍വീസിനായി ഉപയോഗിക്കുന്നത്. ഫിജി സ്വദേശിയായ പൈലറ്റ് മിന്റേഷ് പ്രസാദും അരുണിനൊപ്പമുണ്ടാകും.

വ്യോമസേനാ മുന്‍ എന്‍ജിനീയറും ജൂനിയര്‍ വാറന്റ് ഓഫീസറുമായിരുന്ന നെടുംകുന്നം ഗോകുലത്തില്‍ ഗോപകുമാരന്‍ നായരുടെയും പ്രീതയുടെയും മകനാണ് അരുണ്‍. അച്ഛന്‍ പറഞ്ഞ് നല്‍കിയ വിമാനങ്ങളുടെ കഥകളാണ് അരുണിന്റെ മനസില്‍ പൈലറ്റ് ആകണമെന്ന മോഹം വളര്‍ത്തിയത്. ചങ്ങനാശേരി എസ്.ബി കോളജില്‍ ബി.കോം രണ്ടാം വര്‍ഷം പഠിക്കുമ്പോഴാണ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് അരുണ്‍ പൈലറ്റ് പരിശീലനത്തിനായി അമേരിക്കയിലേക്ക് പോകുന്നത്.

അമേരിക്കയിലെ മയാമിയില്‍ നിന്ന് 11 മാസം കൊണ്ട് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സും സീപ്ലെയിന്‍ റേറ്റിങും സ്വന്തമാക്കി. തുടര്‍ന്ന് വിവിധ വിദേശ രാജ്യങ്ങളിലായി 6500 മണിക്കൂറിലധികം സീപ്ലെയിന്‍ പറത്തിയുള്ള വലിയ അനുഭവ സമ്പത്ത് അരുണ്‍ നേടിയെടുത്തു. മയാമിയിലെ പരിശീലനത്തിന് ശേഷം സൗദി രാജകുമാരന്റെ വ്യക്തിഗത സീപ്ലെയിന്‍ പൈലറ്റായി സേവനമനുഷ്ഠിച്ചു. പിന്നീട് ഇന്തോനേഷ്യയിലെ പ്രമുഖ ഏവിയേഷന്‍ കമ്പനിയിലും ജോലി ചെയ്തു.

വിദേശത്ത് മാത്രം വിമാനം പറത്തി പരിചയമുള്ള അരുണിന്, രാജ്യത്ത് സീപ്ലെയിന്‍ പറത്താനായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ കേന്ദ്രത്തിന്റെ പ്രത്യേക അനുമതി ലഭിക്കുന്ന ആദ്യത്തെ പൈലറ്റ് കൂടിയാണ് ഇദേഹം. കഴിഞ്ഞ മാസം വിജയകരമായി പൂര്‍ത്തിയാക്കിയ പരീക്ഷണപ്പറക്കലുകളിലും അരുണ്‍ തന്നെയായിരുന്നു പൈലറ്റ്. സാധാരണ വിമാനങ്ങള്‍ പറത്തുന്നതിനേക്കാള്‍ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് കടലിലും തടാകങ്ങളിലും സീപ്ലെയിന്‍ ഇറക്കുന്നതെന്ന് ക്യാപ്റ്റന്‍ അരുണ്‍ പറയുന്നു. ജലപ്പരപ്പിലെ കാറ്റിന്റെ ഗതിയും ഓളങ്ങളും കൃത്യമായി മനസിലാക്കി വേണം ലാന്‍ഡിങ് നടത്താന്‍.

കേരളത്തിലും ലക്ഷദ്വീപിലും സീപ്ലെയിന്‍ സര്‍വീസുകള്‍ക്ക് വലിയ സാധ്യതകളുണ്ടെന്നും ഇത് ടൂറിസം മേഖലയുടെ മുഖച്ഛായ മാറ്റുമെന്നും അരുണ്‍ കൂട്ടിച്ചേര്‍ത്തു. കാഞ്ഞിരപ്പള്ളി ഹിന്ദുസ്ഥാന്‍ കോളജ് ഓഫ് ഫാര്‍മസി വൈസ് ചെയര്‍പേഴ്‌സണ്‍ കീര്‍ത്തി ഗോപ് സഹോദരിയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.