പുതുയുഗ കേരളം: മിഷന്‍ സമുദ്രയ്ക്ക് 400 കോടി, കിഫ്ബിയില്‍ വന്‍ പൊളിച്ചെഴുത്ത്; വെല്ലുവിളികള്‍ക്കിടയിലും വികസന കുതിപ്പുമായി യുഡിഎഫ് ബജറ്റ്

പുതുയുഗ കേരളം: മിഷന്‍ സമുദ്രയ്ക്ക് 400 കോടി, കിഫ്ബിയില്‍ വന്‍ പൊളിച്ചെഴുത്ത്; വെല്ലുവിളികള്‍ക്കിടയിലും വികസന കുതിപ്പുമായി യുഡിഎഫ് ബജറ്റ്

തിരുവനന്തപുരം: കടുത്ത സാമ്പത്തിക വെല്ലുവിളികള്‍ക്കും കേന്ദ്ര വിഹിതത്തിലെ കുറവുകള്‍ക്കുമിടയില്‍, സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള യുഡിഎഫ് സര്‍ക്കാരിന്റെ കന്നി ബജറ്റ് അവതരണം തുടങ്ങി. ധന വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി.ഡി സതീശന്‍ രാവിലെ ഒന്‍പതോടെയാണ് നിയമസഭയില്‍ ബജറ്റ് പ്രസംഗം ആരംഭിച്ചത്.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനുവരി 29 ന് അവതരിപ്പിച്ച ബജറ്റില്‍ ആവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും മാറ്റങ്ങളും വരുത്തിയുള്ള പുതുക്കിയ ബജറ്റാണ് മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിക്കുന്നത്. ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്‍ ജ്യോതിലാലില്‍ നിന്ന് കന്റോണ്‍മെന്റ് ഹൗസില്‍ വെച്ച് ബജറ്റ് രേഖകള്‍ സ്വീകരിച്ച ശേഷമാണ് മുഖ്യമന്ത്രി സഭയിലെത്തിയത്. സംസ്ഥാനത്തിന്റെ യഥാര്‍ത്ഥ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രത്തിലെ കണക്കുകള്‍ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ തുടക്കം.

വ്യക്തമായ ജനവിധിയോടെ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ വരും വര്‍ഷങ്ങളിലെ വികസനങ്ങളുടെ ദിശാ സൂചികയായിരിക്കും ഈ ബജറ്റിലൂടെ മുന്നോട്ട് വെക്കുകയെന്നും പുതുയുഗ കേരളം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്നും അദേഹം പ്രഖ്യാപിച്ചു.
കേരളത്തെ ആഗോള മാരിടൈം ഭൂപടത്തില്‍ മുന്‍നിരയില്‍ എത്തിക്കാനുള്ള വന്‍ പദ്ധതികളാണ് ബജറ്റിലുള്ളത്. 600 കിലോമീറ്റര്‍ നീളുന്ന കേരളത്തിന്റെ തീരദേശത്തെയും ജലസ്രോതസുകളെയും കോര്‍ത്തിണക്കി സമുദ്രശക്തിയായി സംസ്ഥാനത്തെ മാറ്റും.

പ്രധാനപ്പെട്ട ചില പ്രഖ്യാപനങ്ങള്‍

മിഷന്‍ സമുദ്ര: തീരദേശ-സമുദ്ര മേഖലയുടെ വികസനത്തിനായി 400 കോടി രൂപ വകയിരുത്തി മിഷന്‍ സമുദ്ര പദ്ധതി പ്രഖ്യാപിച്ചു.
മാരിടൈം ഹബ്: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ കേന്ദ്രീകരിച്ച് സതേണ്‍ കേരള എക്കിഡോറും രാജ്യാന്തര മാരിടൈം മ്യൂസിയവും സ്ഥാപിക്കും.

തൊഴില്‍ സംവരണം: മദര്‍ഷിപ്പ് നിര്‍മാണം ലക്ഷ്യമിട്ട് പുതിയ കപ്പല്‍ നിര്‍മാണ കേന്ദ്രം ആരംഭിക്കും. ഇത്തരം തൊഴില്‍ കേന്ദ്രങ്ങളില്‍ തീരദേശവാസികള്‍ക്ക് പ്രത്യേക തൊഴില്‍ സംവരണം ഉറപ്പാക്കും. പുതിയ കേരള മാരിടൈം പോളിസി ഉടന്‍ രൂപീകരിക്കും.

വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍: ഏറെ നാളായി കാത്തിരിക്കുന്ന ബാലരാമപുരം വിഴിഞ്ഞം ഭൂഗര്‍ഭ റെയില്‍പാത നിര്‍മാണം വേഗത്തിലാക്കും.

കിഫ്ബിയില്‍ പൊളിച്ചെഴുത്ത്: മുന്‍ സര്‍ക്കാരിന്റെ പ്രധാന പദ്ധതിയായ കിഫ്ബിയുടെ നിലവിലെ ഘടന സമഗ്രമായി പരിഷ്‌കരിക്കും. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കും.

കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട റവന്യു കമ്മി ഗ്രാന്റ് ഉള്‍പ്പെടെയുള്ള വിഹിതത്തില്‍ വലിയ കുറവുണ്ടാകുമെന്ന സൂചനയുള്ളതിനാല്‍, സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനം വര്‍ധിപ്പിക്കാനുള്ള ശക്തമായ നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകാനാണ് സാധ്യത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.