കുമളി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്നും ജലനിരപ്പ് ഉയര്‍ത്തുമെന്നുമുള്ള തമിഴ്നാടിന്റെ പ്രഖ്യാപനത്തിനെതിരെ ഇടുക്കിയില്‍ പ്രതിഷേധം. വിജയ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ അണക്കെട്ടിന്റെ സുരക്ഷയും ജനങ്ങളുടെ ആശങ്കകളും വീണ്ടും ചര്‍ച്ചയാകുകയാണ്.
മാത്രമല്ല, ഒരു ഇടവേളക്കു ശേഷം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം മറ നീക്കി പുറത്തു വരുന്നതിനാണ് തമിഴ്നാടിന്റെ നയപ്രഖ്യാപനം വഴിവെച്ചത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെച്ചൊല്ലി കേരളവും തമിഴ്‌നാടും തമ്മിലുള്ള തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
2014 ല്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് സുപ്രീം കോടതി അനുമതി നല്‍കിയെങ്കിലും മാറിവരുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും പ്രളയ സാധ്യതകളും ചൂണ്ടിക്കാട്ടി പുതിയ അണക്കെട്ട് വേണമെന്ന ഉറച്ച നിലപാടിലാണ് കേരളം. എന്നാല്‍ പുതിയ ഡാം അനുവദിക്കില്ലെന്ന തമിഴ്‌നാടിന്റെ പ്രഖ്യാപനം സമവായ നീക്കങ്ങള്‍ക്കേറ്റ കനത്ത പ്രഹരമാണ്.
അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ത്തിയാല്‍ പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉണ്ടാകുന്നതെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി ചെയര്‍മാന്‍ ഷാജി ജോസഫ് പറഞ്ഞു. വിഷയത്തില്‍ കേരള സര്‍ക്കാര്‍ കര്‍ശന നിലപാട് എടുക്കണമെന്നാണ് മുല്ലപ്പെരിയാര്‍ സമര സമിതിയുടെ നിലപാട്.
തമിഴ്നാട് നടത്തുന്നത് ആസൂത്രിത നീക്കമാണെന്നാണ് സമര സമിതിയുടെ വിലയിരുത്തല്‍. നിയമപരവും രാഷ്ട്രീയവുമായ പ്രതിരോധം ഉണ്ടായില്ലെങ്കില്‍ പെരിയാറിന്റെ തീരങ്ങള്‍ വീണ്ടും കലുഷിതമാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.