ഡോളര്‍ കടത്ത് കേസ്: 12ന് ഹാജരാകാന്‍ സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസ്

ഡോളര്‍ കടത്ത് കേസ്: 12ന്  ഹാജരാകാന്‍ സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടീസ്

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി 12ന് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് കസ്റ്റംസ് നോട്ടീസ്.

ഹൈക്കോടതിയില്‍ കസ്റ്റംസ് ഹൈക്കമ്മീഷണര്‍ ഇന്നലെ നല്‍കിയ സത്യവാങ്മൂലത്തില്‍ ഡോളര്‍ക്കടത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കമ്മീഷണര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.

ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറോട് നേരിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുന്നത്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്നു മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും ഡോളര്‍ ഇടപാടില്‍ പങ്കുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു. ഇടപാടുകള്‍ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും നിര്‍ദേശപ്രകാരമാണ്. പല ഉന്നതര്‍ക്കും കമ്മീഷന്‍ കിട്ടിയെന്നും സ്വപ്ന പറയുന്നു.

മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും അറബി അറിയില്ല. അതിനാല്‍ ഇവര്‍ക്കും കോണ്‍സുലാര്‍ ജനറലിനും ഇടയില്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനാണ്. എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് വ്യക്തിപരമായി അറിയാമെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ലൈഫ് മിഷനില്‍ അടക്കം നിരവധി പ്രമുഖര്‍ക്ക് കമ്മീഷന്‍ ലഭിച്ചിട്ടുണ്ട്.

ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ തന്നെ ജയിലില്‍ വെച്ച് ഭീഷണിപ്പെടുത്തി. തന്റെ കുടുംബവും ഭീഷണി നേരിടുന്നതായും സ്വപ്ന മൊഴി നല്‍കിയതായി കസ്റ്റംസ് പറയുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയും മൊഴി നല്‍കിയിട്ടുണ്ട്. ശിശങ്കര്‍ സര്‍ക്കാര്‍-കോണ്‍സുലേറ്റ് ഇടപാടിലെ കണ്ണിയാണ്.

സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്നും സ്വപ്ന വെളിപ്പെടുത്തിയതായി കസ്റ്റംസ് സത്യവാങ്മൂലത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.