നജാഫ്: യുദ്ധങ്ങൾ തകർത്തെറിഞ്ഞ ഇറാഖിൽ വിഭാഗീയതയും അക്രമവും വെടിഞ്ഞ് സഹവർത്തിത്വത്തിനുള്ള ശക്തമായ അഭ്യർത്ഥനയോടെ ഫ്രാൻസിസ് മാർപാപ്പ ഇറാഖിലെ ഉന്നത ഷിയാ പുരോഹിതൻ ഗ്രാൻഡ് അയത്തൊള്ള അലി അൽ സിസ്താനിയുമായി ശനിയാഴ്ച ചരിത്രപരമായ കൂടിക്കാഴ്ച നടത്തി.സിസ്താനിയുമായുള്ള കൂടിക്കാഴ്ച 55 മിനിറ്റ് നേരം നീണ്ടു നിന്നു.
ലോകമെമ്പാടുമുള്ള കത്തോലിക്കരുടെ നേതാവായ പോപ്പ് ഫ്രാൻസിസ് പ്രധാനമായും മുസ്ലീം രാജ്യങ്ങളായ തുർക്കി, ജോർദാൻ, ഈജിപ്ത്, ബംഗ്ലാദേശ്, അസർബൈജാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പലസ്തീൻ പ്രദേശങ്ങൾ എന്നിവ സന്ദർശിച്ചിട്ടുണ്ട്.
ഇറാഖിനകത്തും പുറത്തും ഷിയ ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തികളിൽ ഒരാളാണ് സിസ്താനി. ഇറാഖിന്റെ നിർണായക ഘട്ടങ്ങളിൽ സിസ്താനി ഇടപെടലുകൾ നടത്താറുണ്ട്. രാഷ്ട്രീയത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നു. അദ്ദേഹത്തിന്റെ ഉത്തരവുകൾ 2005 ൽ ആദ്യമായി ഇറാഖികളെ സ്വതന്ത്ര വോട്ടെടുപ്പിലേക്ക് അയ്ക്കുന്നതിൽ സഹായിച്ചു. 2014 ൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പോരാടുന്നതിന് ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി. 2019 ൽ ബഹുജന പ്രകടനങ്ങളുടെ സമ്മർദ്ദത്തിൽ ഒരു ഇറാഖ് സർക്കാരിനെ അട്ടിമറിക്കുകയും ചെയ്തു. 90 കാരനായ സിസ്താനി വളരെ അപൂർവമായി മാത്രമേ മീറ്റിംഗുകൾ നടത്തുകയുള്ളൂ, ഇറാഖിന്റെ ഭരണാധികാരികളുമായി പ്പോലുമുള്ള ചർച്ചകൾ അദ്ദേഹം നിരസിക്കാറാണ് പതിവ് . ഇറാഖ് ഉദ്യോഗസ്ഥരാരും ഹാജരാകില്ലെന്ന വ്യവസ്ഥയിൽ ആണ് മാർപ്പാപ്പയെ കാണാൻ സിസ്താനി സമ്മതിച്ചതെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു.
പോപ്പ് ഫ്രാൻസിസുമായുള്ള കൂടിക്കാഴ്ച നടക്കുന്നത് പതിറ്റാണ്ടുകളായി വാടകയ്‌ക്കെടുത്തിട്ടുള്ള സിസ്താനിയുടെ ചെറിയ ഭവനത്തിലാണ്. നജാഫിലെ ഇടുങ്ങിയ ഇടവഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദശലക്ഷക്കണക്കിന് ഷിയാ അനുയായികൾക്കിടയിൽ സ്വാധീനമുള്ള പഴമയിൽ ജീവിക്കുന്ന സന്ന്യാസി പുരോഹിതനായിട്ടാണ് സിസ്താനി അറിയപ്പെടുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ ഏറ്റവും അപകടകരമായ വിദേശ യാത്രയായിട്ടാണ് ഇറാഖ് യാത്രയെ കണക്കാക്കുന്നത്. അതിനാൽ തന്നെ ഏറ്റവും കർശനമായ സുരക്ഷ യാണ് ഒരുക്കിയിട്ടുള്ളത്. സന്ദർശനത്തിനിടെ അദ്ദേഹത്തെ സംരക്ഷിക്കാൻ രാജ്യം ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. റോക്കറ്റ്, ചാവേർ ബോംബ് ആക്രമണങ്ങൾ, കോവിഡ് -19 കേസുകൾ എന്നിവയൊക്കെ വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
84 കാരനായ പോപ്പ് , തന്റെ രോഗങ്ങൾ ഒക്കെ മാറ്റിവച്ച് സുസ്മര വദനനായിട്ടാണ് ഇറാഖ് സന്ദർശനത്തിൽ പ്രത്യക്ഷപ്പെടുന്നത്. തീവ്ര ഇസ്ലാമിന്റെ പ്രേരണയാൽ കൊല്ലപ്പെട്ട ആളുകൾക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. 2010 ൽ ഇസ്ലാമിക തീവ്രവാദികൾ 50 ഓളം ക്രിസ്ത്യാനികളെ കൊന്ന ബാഗ്ദാദ് പള്ളിയും അദ്ദേഹം സന്ദർശിച്ചു.
2017 ൽ ഇസ്ലാമിക് സ്റ്റേറ്റിനെ പരാജയപ്പെടുത്തിയതിനുശേഷം ഇറാഖിന്റെ സുരക്ഷ മെച്ചപ്പെട്ടു, പക്ഷേ ആഗോളവും പ്രാദേശികവുമായ ശക്തികൾ അധികാരം പിടിച്ചെടുക്കുന്നതിനായി നടത്തുന്ന പോരാട്ടങ്ങൾ ഇറാഖിനെ വീണ്ടും അസ്ഥിരമാക്കുന്നു. വർഷങ്ങൾ നീണ്ട അന്താരാഷ്ട്ര ഉപരോധങ്ങൾക്കും ഇറാനുമായുള്ള യുദ്ധത്തിനു ശേഷമുള്ള 2003 ലെ യുഎസ് ആക്രമണവും ഇറാഖിനെ വിഭാഗീയ സംഘട്ടനത്തിലേക്കും വിട്ടുമാറാത്ത ദുരിതത്തിലേക്കും നയിച്ചു.
സിസ്താനിയുമായുള്ള കൂടിക്കാഴ്ചയെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പ യഹൂദമതത്തിന്റെയും ക്രിസ്തുമതത്തിന്റെയും ഇസ്ലാമിന്റെയും പിതാവായ അബ്രഹാമിന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന തെക്കൻ ഇറാഖിലെ പുരാതന ഉറിൽ സന്ദർശനം നടത്തും.
മാർപ്പാപ്പയുടെ ഇറാഖ് സന്ദർശനത്തിൽ സുന്നി ഷിയാ സമതുലനവും ലക്‌ഷ്യം
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.