തമിഴ്നാട്ടിൽ കോൺഗ്രസ്, ഡിഎംകെ സീറ്റ് ധാരണ

തമിഴ്നാട്ടിൽ കോൺഗ്രസ്, ഡിഎംകെ സീറ്റ് ധാരണ

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തില്‍ സീറ്റ് ചര്‍ച്ചകള്‍ അന്തിമമാകുന്നു. കോണ്‍ഗ്രസുമായി ദിവസങ്ങളായി നടത്തി വന്ന ചര്‍ച്ചകള്‍ അവസാനിച്ചു. മുന്നണിയിലെ മറ്റു ചെറുകക്ഷികള്‍ക്കുള്ള സീറ്റുകളും വീതംവച്ചു. മുസ്ലിം ലീഗിന് മൂന്ന് സീറ്റാണ് അനുവദിച്ചിരിക്കുന്നത്. എംഎംകെയ്ക്ക് രണ്ടു സീറ്റും വിസികെക്ക് ആറ് സീറ്റുകളും അനുവദിച്ചു.

അതേസമയം കോണ്‍ഗ്രസ് 30 സീറ്റുകളാണ് ചോദിച്ചിരുന്നത്. എന്നാൽ 25 സീറ്റ് കോണ്‍ഗ്രസിന് അനുവദിച്ചുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.   2016ല്‍ തമിഴ്‌നാട്ടിലെ 41 നിയമസഭാ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മല്‍സരിച്ചിരുന്നത്. ഇത്തവണയും അത്ര തന്നെ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. നല്‍കില്ലെന്ന് ഡിഎംകെയും അറിയിച്ചു. 30 സീറ്റുകള്‍ വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ ഒടുവിലെ ആവശ്യം. അതും ഡിഎംകെ അംഗീകരിച്ചില്ല. 20 സീറ്റില്‍ കൂടുതല്‍ നല്‍കില്ല എന്നായിരുന്നു ഡിഎംകെ നിലപാട്.  

അതേസമയം കമല്‍ഹാസന്‍ നേതൃത്വം നല്‍കുന്ന മൂന്നാംമുന്നണി കോണ്‍ഗ്രസിനെ ക്ഷണിച്ചു. ഇതോടെ ഡിഎംകെ വേഗത്തില്‍ ചുവട് മാറ്റി. 25 സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നാണ് ഏറ്റവും ഒടുവിലെ തീരുമാനം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും.

കോണ്‍ഗ്രസിന് കന്യാകുമാരി ലോക്‌സഭാ സീറ്റ് വിട്ടുനല്‍കാമെന്ന് ഡിഎംകെ അറിയിച്ചു. കൂടാതെ ഒഴിവ് വരുന്ന വേളയില്‍ ഒരു രാജ്യസഭാ സീറ്റും നല്‍കും. ഇതാണ് കോണ്‍ഗ്രസ്-ഡിഎംകെ ധാരണ. കൂടുതല്‍ നിയമസഭാ സീറ്റുകള്‍ കോണ്‍ഗ്രസിന് അനുവദിക്കില്ലെന്ന് പറയാന്‍ ഡിഎംകെക്ക് കാരണങ്ങളേറെയുണ്ട്.  

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 41 സീറ്റുകളിലാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്. ജയിച്ചത് വെറും എട്ട് സീറ്റുകളില്‍ മാത്രം. അതുകൊണ്ടുതന്നെ ഇത്തവണയും കോണ്‍ഗ്രസിന് അത്ര സീറ്റുകള്‍ നല്‍കില്ലെന്ന് ഡിഎംകെ അറിയിച്ചു. കൂടുതല്‍ സീറ്റുകള്‍ ഡിഎംകെ ഏറ്റെടുക്കും. മാത്രമല്ല സഖ്യത്തില്‍ കൂടുതല്‍ ചെറുകക്ഷികള്‍ എത്തിയിട്ടുണ്ട് എന്നും ഡിഎംകെ ചൂണ്ടിക്കാട്ടുന്നു. 

മുസ്ലിം ലീഗിന് മൂന്ന് സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. മനിതനേയ മക്കള്‍ കക്ഷിക്ക് രണ്ടു സീറ്റുകളും വിടുതലൈ ചിരുതൈങ്കള്‍ കക്ഷിക്ക് ആറ് സീറ്റുകളും അനുവദിച്ചു. ഇടത് പാര്‍ട്ടികളുമായുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഇടതുകക്ഷികള്‍ക്ക് അഞ്ച് സീറ്റ് നല്‍കാമെന്ന് ഡിഎംകെ പറയുന്നു. പോരെന്ന് ഇടതുപാര്‍ട്ടികളും. അന്തിമ തീരുമാനം ശനിയാഴ്ച രാത്രി ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്റെ വീട്ടില്‍ നടത്തിയ ചര്‍ച്ചയിലാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.