യേശുവിന്റെ ഭരണനൈപുണ്യ മാഹാത്മ്യം - 2
ഒരു മികച്ച നേതാവാകാൻ എന്ത് ചെയ്യണം ? ഗുരുവിനോട് ശിഷ്യന്മാർ ഒരേ സ്വരത്തിലാണ് ചോദിച്ചത്. അൽപ സമയത്തെ മൗനത്തിനു ശേഷം ഗുരു പറഞ്ഞു, "ജനങ്ങളുടെ ഓർമയിൽ കയറിപ്പറ്റുക. നിന്റെ വാക്കുകളും പ്രവർത്തിയും സ്വന്തം ജീവിതത്തിനുവേണ്ടി മറ്റൊരാൾ ഓർമയിൽ സൂക്ഷിച്ചു തുടങ്ങുമ്പോഴാണ് നീ ഒരു നേതാവാകുക. കൂടുതൽ ആളുകൾ നിന്നെ ഓർത്തുതുടങ്ങുമ്പോഴാകട്ടെ നീ ഒരു വലിയ നേതാവാകും. എന്നാൽ അനേകം ആളുകൾ കൂടുതൽ നാളുകൾ നിന്റെ വാക്കും പ്രവർത്തിയും ഓർമയിൽ സൂക്ഷിക്കുമ്പോഴാണ് നീ മികച്ച ഒരു നേതാവാകുന്നത്".
ഇതുകേട്ട് ഒരു ശിഷ്യൻ തന്റേതായി ഒരു സ്തംഭം ഉണ്ടാക്കി കുറെ നല്ല വാക്കുകൾ അതിൽ കൊത്തിവച്ചു. രണ്ടാമതൊരാൾ രാഷ്ട്രീയത്തിൽ ചേർന്നു. മറ്റൊരു ശിഷ്യൻ ഒരു ബിസിനസ് തുടങ്ങി. എന്നാൽ വേറൊരാൾ ആകട്ടെ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനായി തീർന്നു. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ അനുകരിക്കുന്നതിനുവേണ്ടി ദീർഘനാൾ ഓർമയിൽ സൂക്ഷിക്കുന്നത് അവരെയാണത്രെ! യേശുവിനെ പിന്തുടരുന്നവർ ഈ ലോകത്തെ നയിക്കുന്ന ദീപങ്ങളാകുന്നതിനെപ്പറ്റി പഠിപ്പിക്കുന്ന ഒരു കഥയാണിത്.
തിരുത്തൽവാദികൾക്കിടയിൽ പരുക്ക് പറ്റാതെ !
ചരിത്രം തിരുത്തിയെഴുതുന്നവരെക്കുറിച്ചു ഇന്നും നമ്മൾ ചർച്ച ചെയ്യാറുണ്ട്. പ്രൈമറി തലത്തിൽ സ്കൂളിൽ പഠിച്ച ചരിത്രമോ, ഐതീഹ്യമോ ഓർത്തു വച്ച് ഇന്ന് പ്രസംഗിച്ചാൽ ചിലപ്പോൾ പോലീസ് സ്റ്റേഷനിൽ കയറേണ്ട അവസ്ഥ മലയാളിക്ക് അപരിചിതമല്ല. പഠിച്ചത് ഓർത്തു പറഞ്ഞാൽ മാപ്പു പറയണ്ട അവസ്ഥയെക്കുറിച്ചു നമുക്കാരും പറഞ്ഞു തരേണ്ട.
എന്തിനാണ് ഇതൊക്കെ ഇവിടെ പറയുന്നത്? കൈയ്യൂക്ക് കൊണ്ട് ചരിത്രം മാറ്റിയെഴുതാൻ ഇന്ന് സാധിക്കുമെങ്കിൽ രണ്ടു സഹസ്രാബ്ദങ്ങൾക്കു മുൻപുള്ള കാര്യം എന്താണെന്ന് ഊഹിക്കാമല്ലോ എന്ന് സൂചിപ്പിക്കാൻ വേണ്ടി മാത്രം. ഒരു ചരിത്ര വിദ്യാർത്ഥിക്ക് കൗതുകത്തോടെ പഠിക്കാനുള്ളത് പലതും ക്രിസ്തുവിന്റെ ചരിത്ര വഴികളിലുണ്ട്. ഒരു തച്ചൻ, അതും വളരെ കുറച്ചു മാത്രം ആളുകളുള്ള ഒരു വംശത്തിൽ നിന്നുള്ളയാൾ തുടങ്ങിയ ഒരു ആശയ പ്രചാരണം മൂല്യ ശോഷണം സംഭവിക്കാതെ രണ്ടായിരം വര്ഷം കടക്കുക എന്നത് ഒരു അതിശയം തന്നെയാണ്.
സാർവത്രിക ദർശനവും ഇസ്രായലിന്റെ ഇട്ടാവട്ടവും
ഒരു തച്ചന്റെ സ്വപ്നത്തിൽ നാട്ടിൻപുറത്തെ ഏറ്റവും വലിയ കെട്ടിടം പണിയുക എന്നതിലപ്പുറം മറ്റെന്തു ഉണ്ടാകാനാണ്! എന്നാൽ നസ്രായനായ തച്ചൻ കണ്ടത് ഒരു ആഗോള സ്വപ്നമായിരുന്നു. തന്റെ ചുറ്റുമിരിക്കുന്ന മത്സ്യത്തൊഴിലാളികളും സാധാരണക്കാരുമായ മനുഷ്യരോട് എന്റെ സന്ദേശവുമായി ലോകമെങ്ങും പോകണമെന്ന് പറയുമ്പോൾ ലോക പരിചയമുള്ള ആരെങ്കിലും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്തൊക്കെ പറഞ്ഞേനെ ? ഇന്നും അനേകരുടെ സ്വപ്നം തല്ലിക്കെടുത്തുന്ന അതെ ചോദ്യം യേശുവിനോടു അവർ നിശ്ചയമായും ചോദിച്ചേനെ! "ഇസ്രയേലിന്റെ ഇട്ടാവട്ടമല്ല ലോകം എന്ന് താങ്കൾക്കറിയാമോ" ? എന്തായിരുന്നു അന്നത്തെ ലോകത്തിന്റെ അവസ്ഥ?
പ്രതിരോധം തീർക്കുന്ന സാംസ്കാരികാധിപത്യങ്ങൾ
മെഡിറ്ററേനിയൻ നാഗരികതയുടെ മടിത്തട്ടിൽ പിറന്നു വീണ ക്രൈസ്തവാദർശങ്ങൾക്ക് വളരുവാനുള്ള സാഹചര്യമായിരുന്നില്ല അന്നുണ്ടായിരുന്നത്. വിശാലമായ മെഡിറ്ററേനിയൻ നാഗരികത തന്നെ ഈജിപ്ത്, എത്തിയോപ്യ,ഗ്രീക്ക്, ജൂത, മെസപ്പൊട്ടാമിയ, പേർഷ്യ, റോമാ സംസ്കാരങ്ങളുടെ വിഹാര ഭൂമികയായിരുന്നു. പോരാട്ടങ്ങളുടെയും തേരോട്ടങ്ങളുടെയും വാണിജ്യ കിടമത്സരങ്ങളുടെയും ഇടയിൽ ജീവിക്കാൻ തത്രപ്പെടുന്ന സാധാരണക്കാരുടെ ഭൂരിപക്ഷം. അവരെ ഭരിക്കുന്ന മുട്ടാളന്മാർ. അതായിരുന്നു യേശു തന്റെ കർമ്മ പദ്ധതികൾക്ക് രൂപം നൽകിയ പ്രദേശത്തിന്റെ ചുറ്റുവട്ടം. സാധാരണക്കാരന്റെ സ്വാധീനശേഷിക്ക് അപ്രാപ്യമായ ഒരു ലോകം.
യൂഫ്രട്ടീസ് നദി മുതൽ ഹിമാലയം വരെ നീളുന്ന പേർഷ്യൻ സ്വാധീനമാണ് അന്നത്തെ ഒരു പ്രധാന കാഴ്ച. യേശുവിന്റെ നാളുകളിൽ ഉത്തര ഇറാനിൽ നിന്നുള്ള പാർത്തിയൻ രാജവംശമായിരുന്നു പേർഷ്യൻ സാമ്രാജ്യം ഭരിച്ചിരുന്നത്. സൊരാഷ്ട്രിയൻ മതമായിരുന്നു അവിടെ ഏറ്റവും സ്വാധീനം ചെലുത്തിയിരുന്നതും. അതിനിപ്പുറത്തു ശ്രേഷ്ഠ സൂക്ഷിപ്പുകൾ സ്വന്തമായുള്ള ആര്യ ദ്രാവിഡ സമ്മിശ്രമായ ഭാരത സംസ്കാരം.മൗര്യ രാജവംശജനും ബുദ്ധമത പ്രചാരകനുമായ അശോക ചക്രവർത്തിയുടെ സ്വാധീനം ദേശമാകെ നിറഞ്ഞു നിൽക്കുന്ന കാലം. ഹിമാലയത്തിനും അപ്പുറത്തേക്ക് നീളുന്ന ചൈനീസ് സംസ്കാരമാണ് അടുത്തത്. യേശുവിന്റെ നാളുകളിൽ, ല്യൂ ബാങ്ങ് (ജയൂസൂ ചക്രവർത്തി ) തുടക്കമിട്ട ഹാൻ രാജവംശത്തിന്റെ കീഴിൽ കൺഫ്യുഷനിസം സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവരുടെ ഇടയിൽ പോലും പ്രചരിക്കുന്ന സമയമായിരുന്നു.
കഥാവശേഷന്മാർക്കിടയിൽ ഒരു കഥാനായകൻ
പാർത്തിയൻ രാജവംശം കഥാവശേഷമായി. ഹാൻ രാജവംശത്തിനും കാലഘട്ടങ്ങളെ അതിജീവിക്കാനായില്ല. അശോക ചക്രവർത്തി ഭാരതീയ ചരിത്രവിദ്യാര്ഥികളുടെ ഉള്ളിൽ നന്മ നിറഞ്ഞ ഒരു ഓർമയായി. അശോക സ്തംഭം അദ്ദേഹത്തിന്റെ കഥപറയുന്നു. റോമാ സാമ്രാജ്യമാകട്ടെ ലോകത്തിന്റെ സ്മരണകളിൽ ജ്വലിക്കുന്ന ക്രിസ്ത്യാനികളിലൂടെ ഓര്മിക്കപ്പെടുന്നു. റോമിന്റെ ആസ്ഥാനമാകട്ടെ തങ്ങൾ നിഷ്കരുണം വധിച്ച ഒരു തച്ചന്റെ പാദസേവ ചെയ്യുന്നു. സാമ്രാജ്യങ്ങളും പോരാട്ടവീരന്മാരും മണ്മറഞ്ഞുപോയപ്പോൾ ജല്പനങ്ങളെന്നു പറഞ്ഞു പുച്ഛിക്കാൻ മാത്രം പോന്ന ഒരു തച്ചന്റെ വാക്കുകൾ ഇന്നും ജീവിക്കുന്നു. അവനെ തൊട്ടു ചരിത്രം രണ്ടായി തിരിയുന്നു. എങ്ങനെ ?
പുതിയവ ചെയ്യുന്നവൻ
ഒന്നാം നൂറ്റാണ്ടിൽ ഒരു കടൽക്കരയിലിരുന്നു മനുഷ്യവംശത്തെ മുഴുവൻ രക്ഷിക്കുന്നതിന്റെ മാസ്റ്റർ പ്ലാൻ ഒരുകൂട്ടം സാധാരണ മനുഷ്യർക്ക് വിവരിക്കുന്ന യേശു ഒരു അത്ഭുതമാണ് . അതുവരെ ആരും പറയാത്ത രണ്ടു സത്യങ്ങൾ ലോകത്തോട് വെളിപ്പെടുത്തുന്നു. സന്ദേശത്തിനു അനിതരസാധാരണമായ മൂല്യമുണ്ട്. പക്ഷെ ഇത് എത്തിക്കേണ്ടത് സാമ്രാജ്യാധിപന്മാരുടെ മാർക്കടമുഷ്ടിയെ അതിജീവിച്ചുകൊണ്ടും ദൈവത്തെക്കുറിച്ചുള്ള മനുഷ്യരുടെ മുൻധാരണകളോട് ഒപ്പം തുഴഞ്ഞുകൊണ്ടും. എന്തായിരുന്നു അതി നൂതനമായ ആ രണ്ടു ആശയങ്ങൾ?
1 . ലോകം മുഴുവൻ ദൈവത്തെ തേടുമ്പോൾ മനുഷ്യനെ തേടി വരുന്ന സ്നേഹപിതാവാണ് ദൈവം എന്ന ഉൾക്കാഴ്ച നൽകുന്ന ദൈവ പുത്രനായ യേശു.
2 . രക്ഷ നേടാനുള്ള വഴികൾ വിവരിക്കുന്ന മഹാരഥന്മാർക്കു മുന്നിൽ ഇതാ നിന്നെ ഞാൻ രക്ഷിക്കാം എന്ന് പറയുന്ന ഒരു ദൈവം
ഇത് രണ്ടും വിശ്വസിച്ചവരായിരുന്നു ക്രിസ്തുവിന്റെ അനുയായികൾ ആയി തീർന്നത് . എന്നാൽ തന്റെ സന്ദേശത്തിന്റെ ഓർമ സഹസ്രാബ്ദങ്ങൾ നിലനിർത്താൻ യേശു ഉപദേശിച്ച മാർഗമായിരുന്നു അത്ഭുതകരം !
ഓർമ സൂക്ഷിക്കാൻ ഇത് മതി
എന്റെ ഓർമ ലോകാവസാനം വരെ നിലനിർത്താൻ നിങ്ങൾ എന്തുചെയ്യണം. ഞാൻ അർപ്പിക്കുന്ന ഏക ബലിയിൽ, പരിശുദ്ധമായ ദിവ്യ ബലിയിൽ നിരന്തരമായി നിങ്ങൾ പങ്കു ചേരണം. അത്രമാത്രം. വിശുദ്ധ കുർബാനയിലൂടെ തന്റെ സഭ വളരുകയും നില നിൽക്കുകയും ചെയ്യും എന്ന് യേശു അന്ന് പറഞ്ഞപ്പോൾ എന്തായിരുന്നു പ്രതികരണം?
പാളിപ്പോയ ആമുഖവും കൂസാത്ത മുന്നോട്ടുപോകും
യേശുവിന്റെ ജീവിതത്തിലെ പാളിപ്പോയ പ്രസംഗമെന്നു എല്ലാവരും കരുതിയ ഒരു സന്ദർഭം ഉണ്ടായിട്ടുണ്ട്. അതുവരെ മൂന്നു ദിവസം തുടരെ പ്രസംഗിച്ചാലും വിട്ടുപോകാതെ ജനങ്ങൾ കൂട്ടം കൂടി നിന്ന മാസ്മരിക പ്രഭാഷകനായി ശത്രുക്കളുടെ ഉറക്കം കെടുത്തിയ യേശു, അന്നാണ് അത് ആദ്യമായി പറഞ്ഞത്. നിങ്ങൾ എന്നെ ഭക്ഷിക്കും, അങ്ങനെ നിങ്ങൾ ജീവിക്കും. അന്നേവരെ സംഭവിക്കാത്ത കോലാഹലമാണ് അവിടെ നടന്നത്. വലിയൊരു ആൾക്കൂട്ടം യേശുവിനെ വിട്ടുപോയി. പാളിപ്പോയ പരസ്യവാചകം മാറ്റി എഴുതിയാലോ എന്ന് ചോദിയ്ക്കാൻ യൂദാസ് പോലും തയ്യാറായില്ല . ആകെ ഒരു ഇച്ഛാഭംഗം. പക്ഷെ യേശുവിനു കൂസൽ ഇല്ലായിരുന്നു. വേണമെങ്കിൽ നിങ്ങൾക്കും പോകാം എന്ന ശക്തമായ നിർദേശം ശിഷ്യന്മാരോട് പറയാനും മടിച്ചില്ല.
പത്രോസിന്റെ ഇടപെടൽ
പത്രോസാണ് അപ്പോഴും ക്രിയാത്മകമായി പ്രതികരിച്ചത്. ജീവന്റെ വചനം അഥവാ തുടർച്ചയുടെ, നിലനില്പിന്റെ ശക്തി നിന്റെ പക്കലാണല്ലോ എന്ന് ഒറ്റ പ്രഖ്യാപനം. ഈ സംഭവം പെസഹാ തിരുനാളും യേശു ആവർത്തിച്ചു. ഒരു അപ്പക്കഷണത്തെ എടുത്തുയർത്തി ഇതെന്റെ ശരീരമാണെന്നു പറഞ്ഞു. ആരും എതിർത്തില്ല. ആർക്കും മനസിലായില്ല. എന്നാൽ രണ്ടായിരം വർഷങ്ങൾക്കിപ്പുറം കത്തോലിക്കാ സഭയുടെ സർവത്രികവും കാലാതീതവുമായ നിലനില്പിന്റെ അടിസ്ഥാനമന്വേഷിക്കുന്നവർ കുർബാനയിൽ ചെന്ന് നിൽക്കുന്നു.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇങ്ങനെ പറഞ്ഞു, "സഭ കുർബാന നൽകുന്നു; കുർബാന സഭയെ പണിതുയർത്തുന്നു". സഭയുടെ ജീവന്റെ സ്രോതസ്സ് പരിശുദ്ധ കുര്ബാനയാണെന്നു രണ്ടാം വത്തിക്കാൻ കൗൺസിലും വെളിപ്പെടുത്തുന്നു. ലോകത്തിൽ എവിടെപ്പോയാലും കത്തോലിക്കന്റെ കുടുംബ സംഗമം കൂടിയാകുന്നു വിശുദ്ധകുർബാന. സമ്മേളനങ്ങളുടെ ആവർത്തനം എന്നതിലുപരി ജീവൻ പകരുന്ന എന്തോ ഒന്ന് വിശുദ്ധകുര്ബാനയിൽ സംഭവിക്കുന്നു എന്ന് സൂക്ഷ്മ നിരീക്ഷണം കൂടാതെ തന്നെ പറയാൻ സാധിക്കും.
സഭയെ വളർത്തുവാൻ, മുന്നോട്ടു നയിക്കുവാൻ യേശു സ്ഥാപിച്ച വിശുദ്ധ ബലി ക്രൈസ്തവ ദൈവ ശാസ്ത്രജ്ഞന്മാർ ആദരവോടെ നിരീക്ഷിക്കുന്ന സത്യമാണ്. വിശുദ്ധ കുർബാനയിൽ ജനം സജീവമാകുന്ന ഇടങ്ങൾ ശക്തമായ ക്രൈസ്തവ സാക്ഷ്യത്തിന്റെ വിളനിലങ്ങളാകും. അതായതു ഒരു ദേശത്തെ ആത്മീയതയുടെ അളവുകോലാണ് വിശുദ്ധ കുർബാനയിൽ ഭാഗഭാഗിത്വം. ഒരു ഭരണ നിപുണൻറെ ദീർഘ വീക്ഷണവും ഒരു ഉത്തമ നേതാവിന്റെ സ്വയം ദാനവും അതിലുണ്ട്. (തുടരും )
(ജോസഫ് ദാസൻ)
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.