വാസ്കോ: ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോൽപ്പിച്ച് എ.ടി.കെ മോഹൻ ബഗാന് വിജയം. ഇതോടെ ഇരുപാദങ്ങളിലുമായി 4-3 എന്ന സ്കോറിന് മോഹൻ ബഗാൻ ഫൈനലുറപ്പിച്ചു.
മോഹൻ ബഗാന് വേണ്ടി ഡേവിഡ് വില്യംസും മൻവീർ സിങ്ങും ഗോൾ നേടിയപ്പോൾ നോർത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോൾ മലയാളി താരം വി.പി.സുഹൈർ നേടി. ആദ്യ പാദ മത്സരത്തിൽ ഇരുടീമുകളും 2-2 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞിരുന്നു.
കളിയുടെ 38-ാം മിനിട്ടിൽ മോഹൻ ബഗാൻ നോർത്ത് ഈസ്റ്റിനെ ഞെട്ടിച്ചുകൊണ്ട് ഗോൾ നേടി. ഡേവിഡ് വില്യംസാണ് ടീമിനായി സ്കോർ ചെയ്തത്.ആദ്യ പാദ മത്സരത്തിലും ഡേവിഡ് വില്യംസ് തന്നെയായിരുന്നു മോഹൻ ബഗാന് വേണ്ടി സ്കോർ ചെയ്തത്. ഇതോടെ മോഹൻ ബഗാൻ 1-0 ന് മുന്നിലെത്തി.
രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നോർത്ത് ഈസ്റ്റ് ആക്രമിച്ച് കളിച്ചു. 46-ാം മിനിട്ടിൽ മലയാളി താരം വി.പി.സുഹൈർ ബോക്സിനുള്ളിൽ നിന്നെടുത്ത കിക്ക് മോഹൻ ബഗാന്റെ പോസ്റ്റിലിടിച്ച് തെറിച്ചു. 67-ാം മിനിട്ടിൽ മൻവീർ സിങ്ങിലൂടെ എ.ടി.കെ മോഹൻ ബഗാൻ ലീഡ് രണ്ടാക്കി ഉയർത്തി. ഇതോടെ മോഹൻ ബഗാൻ 2-0 എന്ന സ്കോറിന് മുന്നിലെത്തി.
എന്നാൽ 73-ാം മിനിട്ടിൽ നോർത്ത് ഈസ്റ്റ് മോഹൻ ബഗാനെ ഞെട്ടിച്ചുകൊണ്ട് ഒരു ഗോൾ തിരിച്ചടിച്ചു. 74-ാം മിനിട്ടിൽ മലയാളി താരം വി.പി.സുഹൈറാണ് ഗോൾ നേടിയത്. കോർണറിൽ നിന്നാണ് ഗോൾ പിറന്നത്. കോർണർ കിക്ക് സ്വീകരിച്ച ബെഞ്ചമിൻ ലാംപർട്ട് ഹെഡ്ഡ് ചെയ്തു. പന്ത് ക്രോസ്ബാറിൽ തട്ടിത്തെറിച്ചു. ഇത് സ്വീകരിച്ച സുഹൈർ അനായാസം പന്ത് വലയിലെത്തിച്ച് നോർത്ത് ഈസ്റ്റിന് ആശ്വാസം പകർന്നു. ഇതോടെ സ്കോർ 2-1 എന്ന നിലയിലായി. പിന്നീട് മികച്ച അവസരങ്ങൾ സൃഷ്ടിക്കാൻ നോർത്ത് ഈസ്റ്റിന് സാധിച്ചില്ല.
ഇതോടെ മോഹൻ ബഗാൻ കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. മോഹൻ ബഗാന്റെ മൻവീർ സിങ് മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ചായി തെരെഞ്ഞെടുക്കപ്പെട്ടു. മാർച്ച് 13 ന് നടക്കുന്ന ഫൈനലിൽ എ.ടി.കെ മോഹൻ ബഗാൻ മുംബൈ സിറ്റി എഫ്.സിയെ നേരിടും. പോയന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ തന്നെ ഇത്തവണ ഫൈനലിൽ പ്രവേശിച്ചു എന്നത് കൗതുകകരമായ കാര്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.