ആഫ്രിക്കയില്‍ നിന്ന് നാളെ നാട്ടിലെത്തും: പി.വി അന്‍വറിന്റെ വീഡിയോ പോസ്റ്റ്

 ആഫ്രിക്കയില്‍ നിന്ന് നാളെ നാട്ടിലെത്തും:  പി.വി അന്‍വറിന്റെ വീഡിയോ പോസ്റ്റ്

നിലമ്പൂര്‍: ആഫ്രിക്കയില്‍ നിന്ന് നാളെ നാട്ടില്‍ തിരികെ എത്തുമെന്ന് വ്യക്തമാക്കി നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വര്‍ സമൂഹ മാധ്യമത്തില്‍ പുതിയ വിഡിയോ പോസ്റ്റ് ചെയ്തു. വ്യാപാര ആവശ്യത്തിന് ആഫ്രിക്കയില്‍ പോയതാണ്. 25,000 കോടിയുടെ രത്‌നഖനന പദ്ധതിയുമായിട്ടാണ് തിരിച്ചെത്തുന്നത്. 20,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നും അന്‍വര്‍ വിഡിയോ സംഭാഷണത്തില്‍ അവകാശപ്പെടുന്നു.

ഖനനം, കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ 6000 മലയാളികള്‍ക്ക് ജോലി നല്‍കാനാകും. ഹജ് യാത്രയ്ക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് പങ്കാളി. തന്റെ നാട്ടിലെ കഷ്ട്ടപ്പാടുകളില്‍നിന്നുള്ള മോചനമാണ് പുതിയ സംരംഭമെന്നും അന്‍വര്‍ പറയുന്നു.

നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി സിപിഎം നിശ്ചയിച്ചിരിക്കുന്നത് അന്‍വറിനെയാണ്. എന്നാല്‍ എംഎല്‍എ മാസങ്ങളായി നാട്ടില്‍ ഇല്ലാത്തത് ചര്‍ച്ചയായിരുന്നു. സ്ഥലത്തില്ലെങ്കിലും പ്രചാരണ ബോര്‍ഡുകളിലൂടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു അന്‍വര്‍ തുടക്കമിട്ടു. എംഎല്‍എയുടെ വികസന നേട്ടങ്ങള്‍ വ്യക്തമാക്കുന്ന കൂറ്റന്‍ ബോര്‍ഡാണു കഴിഞ്ഞ ദിവസം നിലമ്പൂര്‍ നഗരത്തില്‍ ഉയര്‍ന്നത്.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 600 കോടി രൂപയുടെ വികസനം മണ്ഡലത്തില്‍ നടപ്പാക്കിയെന്നാണ് ഫ്‌ളക്‌സില്‍ അവകാശപ്പെടുന്നത്. നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിനെ കാണാനില്ലെന്ന് കാണിച്ച് പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.