വെനിസ്വേലയില്‍ 125 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനം: കാരക്കാസില്‍ വന്‍ നാശനഷ്ടം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വെനിസ്വേലയില്‍ 125 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനം: കാരക്കാസില്‍ വന്‍ നാശനഷ്ടം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കാരക്കാസ്: വടക്കന്‍ വെനിസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂചലനങ്ങളില്‍ തലസ്ഥാന നഗരമായ കാരക്കാസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വന്‍ നാശനഷ്ടം. 125 വര്‍ഷത്തിനിടയില്‍ രാജ്യത്തുണ്ടാകുന്ന ഏറ്റവും ശക്തമായ ഈ ഭൂചലനത്തെ തുടര്‍ന്ന് വെനിസ്വേലന്‍ താല്‍കാലിക പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം യഥാക്രമം 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് മിനിറ്റുകളുടെ വ്യത്യാസത്തില്‍ രാജ്യത്തുണ്ടായത്.

വെനിസ്വേല സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ വാര്‍ഷികാഘോഷങ്ങളുടെ പൊതു അവധിയിലായിരുന്ന ജനങ്ങള്‍ ഭൂചലനത്തെ തുടര്‍ന്ന് പരിഭ്രാന്തരായി തെരുവുകളിലേക്ക് ഓടിയിറങ്ങി. യാരാകൂയ് സംസ്ഥാനത്തിലെ സാന്‍ ഫെലിപ്പെ, യുമാരെ പ്രദേശങ്ങള്‍ക്ക് സമീപം 10 കിലോമീറ്റര്‍ ആഴത്തിലാണ് പ്രഭവകേന്ദ്രം. കാരക്കാസിലെ അല്‍താമിറ, ചാക്കാവോ മേഖലകളില്‍ നിരവധി ബഹുനില മന്ദിരങ്ങളും ഒരു ബാങ്കും പൂര്‍ണമായി തകര്‍ന്നു. കിഴക്കന്‍ കാരക്കാസിലെ ഭൂരിഭാഗം ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

കാരക്കാസിലെ പ്രധാന വിമാനത്താവളമായ സിമോണ്‍ ബൊളിവര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് കനത്ത നാശനഷ്ടമുണ്ടായതിനെ തുടര്‍ന്ന് സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി. തകര്‍ന്ന കെട്ടിടങ്ങളില്‍ കൂടുതല്‍ സ്‌ഫോടനങ്ങള്‍ ഒഴിവാക്കാന്‍ കാരക്കാസ് നഗരത്തിലുടനീളം പാചകവാതക വിതരണം ഭരണകൂടം താല്‍കാലികമായി നിര്‍ത്തിവെച്ചു. യു.എസ് ജിയോളജിക്കല്‍ സര്‍വേയുടെ പേജര്‍ സംവിധാനത്തിന്റെ പ്രാഥമിക വിലയിരുത്തല്‍ അനുസരിച്ച്, ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണെന്നും മരണസംഖ്യ പതിനായിരങ്ങള്‍ കടക്കാനുള്ള സാധ്യത 40 ശതമാനത്തോളമാണെന്നും മുന്നറിയിപ്പ് നല്‍കുന്നു.

അയല്‍ രാജ്യങ്ങളായ കൊളംബിയ, കരീബിയന്‍ ദ്വീപുകളായ അരൂബ, ബോണയര്‍, കുറകാവോ, കൂടാതെ വടക്കന്‍ ബ്രസീല്‍ എന്നിവിടങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. പ്യൂര്‍ട്ടോ റിക്കോ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, വിര്‍ജിന്‍ ഐലന്‍ഡ്‌സ് എന്നിവിടങ്ങളില്‍ ആദ്യം പുറപ്പെടുവിച്ച സുനാമി ജാഗ്രതാ നിര്‍ദേശം പിന്നീട് പിന്‍വലിച്ചു.

സിവിലിയന്‍ ഡിഫന്‍സ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.