ആലപ്പുഴ: കൈതവനയിൽ 2010 ഒക്ടോബർ 17ന് നടന്ന ക്യാമ്പിനിടെ പതിമൂന്ന് വയസുകാരി ശ്രേയ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലെ പ്രചാരണം വ്യാജമെന്ന് കെസിബിസി ജാഗ്രത സമിതി. സംഭവം നടന്ന് പത്തുവർഷങ്ങൾക്കിപ്പുറം മൂന്നാമത്തെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതോടെ വേണ്ടത്ര അന്വേഷണം പോലും കൂടാതെ വാസ്തവവിരുദ്ധമായ കാര്യങ്ങൾ ഓൺലൈൻ മാധ്യമങ്ങൾ വാർത്തകളായി നൽകുന്നത്. കുറ്റാരോപിതർക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യ, അശ്രദ്ധ തുടങ്ങിയ കുറ്റങ്ങൾ മാത്രമാണ് സിബിഐ ആരോപിച്ചിരിക്കുന്നതെന്ന് കെസിബിസി ജാഗ്രത സമിതി ഫേസ് ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
സംഭവത്തിൽ ലോക്കൽ പോലീസിനും ക്രൈംബ്രാഞ്ചിനും സംശയകരമായി ഒന്നും കണ്ടെത്താൻ കഴിയാതിരുന്നിട്ടും കൈതവനയിലെ ശ്രേയ എന്ന പെൺകുട്ടിയുടെ മരണം വിവാദമാക്കുന്നത് അഭയ കേസിലെ വിവാദ സാക്ഷിയായ വേണുഗോപാലിന്റെ ഇടപെടലാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് കേസുമായി ബന്ധപ്പെട്ട് വേണുഗോപാൽ ഉയർത്തുന്നത്. തെളിവുകളും സാക്ഷിമൊഴികളും എല്ലാം എതിരായിട്ടും കത്തോലിക്കാ വിരുദ്ധ മാധ്യമങ്ങളുടെയും സഭാവിരുദ്ധരുടെയും പിന്തുണയോടെയാണ് വേണുഗോപാൽ പ്രവർത്തിക്കുന്നത്.
സ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളും കെട്ടുകഥകളും പ്രചരിക്കുകയും ക്യാമ്പുമായി ബന്ധപ്പെട്ട് ഉത്തരവാദിത്തങ്ങളിലുണ്ടായിരുന്നവർ പ്രതിക്കൂട്ടിലാവുകയും ചെയ്തിരുന്നു. എന്നാൽ പോലീസ് അന്വേഷണത്തിൽ മരണത്തിൽ ദുരൂഹമായതൊന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഒന്നുകിൽ അപകടം അല്ലെങ്കിൽ ആത്മഹത്യ എന്ന കണക്കുകൂട്ടലിലേക്കാണ് അന്വേഷണോദ്യോഗസ്ഥർ എത്തിച്ചേർന്നത്. കുട്ടിയുടെ മരണത്തിൽ ആർക്കെങ്കിലും പങ്കുണ്ടെന്ന് സ്ഥാപിക്കാനുതകുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ല.
അതേസമയം ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തു. ചില മുൻധാരണകളുമായി അന്വേഷിക്കാനിറങ്ങിയ ആദ്യ ക്രൈംബ്രാഞ്ച് സംഘത്തിനും വൈദികനെയും കന്യാസ്ത്രീയെയും പ്രതിചേർക്കാൻ തെളിവുകളോ സൂചനകളോ ലഭിച്ചില്ല. ആദ്യ അന്വേഷണ സംഘത്തിന്റെ കേസന്വേഷണം ശരിയായ ദിശയിലൂടെയല്ല നീങ്ങുന്നതെന്ന് വ്യക്തമായതോടെ രണ്ടാമത്തെ അന്വേഷണ സംഘമെത്തി. 2016ൽ അവർ റിപ്പോർട്ട് സമർപ്പിച്ചു. പെൺകുട്ടിയുടെ മരണത്തിൽ പ്രത്യക്ഷത്തിൽ ആരെയും കുറ്റക്കാരായി കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിരുന്നില്ല. അപകടമരണം അഥവാ ആത്മഹത്യ എന്ന നിഗമനത്തിലേക്കാണ് എത്തിയത്. എന്നാൽ, മനഃപൂർവമല്ലാത്ത നരഹത്യയിലേക്ക് നയിച്ച അശ്രദ്ധ അവർ ആരോപിച്ചിരുന്നു.
അതിനിടയിലാണ് കളർകോട് വേണുഗോപാൽ വ്യാജ പ്രചരണങ്ങൾ നടത്തുന്നത്. ഡിവൈൻ ധ്യാന കേന്ദ്രത്തിനെതിരെ തുടർച്ചയായി കേസുകൾ കൊടുത്ത് സുപ്രീം കോടതിയുടെ ശാസന ഏറ്റുവാങ്ങിയ ആളാണ് വേണുഗോപാൽ. ഇയാൾ തന്നെയാണ് ഫാ. തോമസ് കോട്ടൂർ തന്നോട് കുറ്റസമ്മതം നടത്തി എന്ന വ്യാജ മൊഴി പറഞ്ഞ് അഭയ കേസിൽ സാക്ഷിപ്പട്ടികയിൽ ഇടം നേടിയത്. തനിക്ക് നേരിട്ട് ഒരു ബന്ധവുമില്ലാത്ത കേസുകളിൽ കളർകോട് വേണുഗോപാൽ ഇടപെട്ടിരുന്നു.
ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്ന സിബിഐ ഉൾപ്പെടെ ഇതുവരെയുള്ള അന്വേഷണ സംഘങ്ങൾക്കൊന്നും പെൺകുട്ടിയുടെ മരണ സമയത്ത് സെന്ററിൽ ഉണ്ടായിരുന്ന വൈദികർക്കും കന്യാസ്‌ത്രീയ്‌ക്കും എതിരെ കൂടുതൽ കുറ്റാരോപണങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല. പെൺകുട്ടി കിടന്നിരുന്ന റൂം ഉള്ളിൽനിന്ന് പൂട്ടാനുള്ള സൗകര്യമുണ്ടായിരുന്നില്ല, അപകടം സംഭവിച്ച സ്ഥലത്ത് ആൾമറയുണ്ടായിരുന്നില്ല എന്നീ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് അശ്രദ്ധ സംഭവിച്ചിട്ടുണ്ട് എന്നത് മാത്രമാണ് ആരോപണങ്ങൾ. എന്നാൽ വാസ്തവം തിരിച്ചറിയാൻ ശ്രമിക്കാതെ മാധ്യമങ്ങളും സഭാവിരുദ്ധരും പ്രചരിപ്പിക്കുന്നത് സത്യമാണെന്ന് കരുതും മുൻപ് സംഭവത്തിന് മറുവശംകൂടിയുണ്ടെന്ന് മനസിലാക്കണമെന്ന് ഏവരോടും ഓർമ്മിപ്പിക്കുന്നവെന്നും കെസിബിസി ജാഗ്രത സമിതി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.