വത്തിക്കാനിൽ അസാധാരണ കൺസിസ്റ്ററിക്ക് തുടക്കം; ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്ത് ലിയോ മാർപാപ്പ

വത്തിക്കാനിൽ അസാധാരണ കൺസിസ്റ്ററിക്ക് തുടക്കം; ഐക്യത്തിനും സമാധാനത്തിനും ആഹ്വാനം ചെയ്ത് ലിയോ മാർപാപ്പ

വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള നൂറ്റിയമ്പതിലധികം കർദിനാൾമാരുടെ സാന്നിധ്യത്തിൽ വത്തിക്കാനിൽ അസാധാരണ കൺസിസ്റ്ററിക്ക് തുടക്കമായി. ജൂൺ 26 ന് ആരംഭിച്ച രണ്ടു ദിവസത്തെ സമ്മേളനത്തിൽ കർദിനാൾമാരോട് സഭയുടെ ഐക്യത്തിനും ഒത്തൊരുമയ്ക്കും വേണ്ടി പ്രവർത്തിക്കാൻ ലിയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു.

കൺസിസ്റ്ററിയുടെ ഭാഗമായി കർദിനാൾമാർക്കൊപ്പം ദിവ്യബലി അർപ്പിച്ച മാർപാപ്പ ലോകത്ത് തുടരുന്ന യുദ്ധങ്ങളെയും സംഘർഷങ്ങളെയും ശക്തമായി അപലപിച്ചു. യുദ്ധം മനുഷ്യന്റെ അന്തസിന് ചേർന്നതല്ലെന്നും സ്രഷ്ടാവ് നൽകിയ ബുദ്ധിയും വിവേകവും ഉപയോഗിച്ച് ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അദേഹം ഓർമ്മിപ്പിച്ചു.

പത്രോസിന്റെ ശുശ്രൂഷയിൽ കർദിനാൾമാർക്കുള്ള സുപ്രധാന പങ്കിനെക്കുറിച്ച് പാപ്പ പരാമർശിച്ചു. സഭയിലെ കൂട്ടായ്മ എന്നത് ദിവസേന പ്രാർത്ഥനയിലൂടെയും പരസ്പരം കേൾക്കാനുള്ള മനസ്സ് കാണിക്കുന്നതിലൂടെയും പുതുക്കിയെടുക്കേണ്ട ഒന്നാണെന്ന് പാപ്പ വ്യക്തമാക്കി. തന്റെ ദൗത്യനിർവ്വഹണത്തിൽ കർദിനാൾമാരുടെ അനുഭവസമ്പത്തും ജ്ഞാനവും തനിക്ക് വലിയ കരുത്താണെന്നും, ഒരു സഹോദരനെപ്പോലെ അവർ തന്നെ താങ്ങിനിർത്തണമെന്നും പാപ്പ ആവശ്യപ്പെട്ടു.

മാർപാപ്പ അടുത്തിടെ പുറത്തിറക്കിയ 'മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്' എന്ന ചാക്രിക ലേഖനത്തെ അടിസ്ഥാനമാക്കിയാണ് സമ്മേളനത്തിലെ ചർച്ചകൾ ക്രമീകരിച്ചിരിക്കുന്നത്. മനുഷ്യ അന്തസ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചെലുത്തുന്ന സ്വാധീനം, ആഗോള സമാധാനം, സിനഡല്‍ പ്രക്രിയയുടെ പ്രായോഗികത എന്നീ നാല് മേഖലകളിലാണ് കണ്‍സിസ്റ്ററി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.