"മൂല്യാധിഷ്ഠിത രാഷ്ട്രീയ പരിശീലനം അനിവാര്യം. രാഷ്ട്രീയ രംഗത്ത് പുതു തലമുറയെ വാർത്തെടുക്കാൻ സാധിക്കണം": മാർ റാഫേൽ തട്ടിൽ


കൊച്ചി: രാഷ്ട്രീയ രംഗത്ത് മൂല്യബോധവും സാമൂഹിക ബോധവും വളർത്തുന്നതിന് ആവശ്യമായ പഠന, പരിശീലന പദ്ധതികൾ അനിവാര്യമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പൊളിറ്റിക്കൽ അക്കാദമി എറണാകുളം പി.ഒ.സിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.

രാഷ്ട്രീയ രംഗത്തേക്ക് പുതിയ തലമുറയെ വാർത്തെടുക്കാനും രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്കുവഹിക്കാനും പൊളിറ്റിക്കൽ അക്കാദമിയിലെ പരിശീലനത്തിന് സാധിക്കുമെന്ന് മാർ റാഫേൽ തട്ടിൽ പറഞ്ഞു. എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളാൻ കഴിയുന്ന രാഷ്ട്രീയ സംസ്കാരം വളർത്തിയെടുക്കാൻ കത്തോലിക്ക കോൺഗ്രസിന്റെ ഈ സംരംഭത്തിന് സാധിക്കട്ടെ എന്നും മാർ റാഫേൽ തട്ടിൽ ആശംസിച്ചു. ഓഗസ്റ്റ് ഒന്നിന് മുംബൈയിൽ വെച്ച് സംഘടിപ്പിക്കുന്ന കത്തോലിക്ക കോൺഗ്രസ് നാഷണൽ കോൺഫറൻസിന്റെ പോസ്റ്റർ പ്രകാശനവും അദേഹം നിർവ്വഹിച്ചു.

സമൂഹത്തിന്റെ അവകാശ നിഷേധങ്ങൾക്കും അധിനിവേശങ്ങൾക്കുമെതിരെ പ്രതികരിക്കാൻ കത്തോലിക്ക കോൺഗ്രസ് പ്രാപ്തമാണെന്ന് ബിഷപ്പ് ലാലേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കർഷകരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു. എഫ്.സി.ആർ.എ നിയമ ഭേദഗതി പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

സെക്രട്ടറി ജനറൽ ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ റിപ്പോർട്ടും, ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ കണക്കും അവതരിപ്പിച്ചു. പൊളിറ്റിക്കൽ അക്കാദമി ചീഫ് കോർഡിനേറ്റർ ഷെവലിയർ പ്രൊഫ. കെ.എം. ഫ്രാൻസിസ് ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മപദ്ധതികൾ വിശദീകരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.