കെ.മുരളീധരനെ ഇറക്കി നേമം പിടിക്കാന്‍ കോണ്‍ഗ്രസ്; തീരുമാനം നാളെ

കെ.മുരളീധരനെ ഇറക്കി നേമം പിടിക്കാന്‍ കോണ്‍ഗ്രസ്; തീരുമാനം നാളെ

തിരുവനന്തപുരം: ബിജെപിയുടെ ഏക നിയമസഭ മണ്ഡലമായ നേമം തിരിച്ചു പിടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കെ.കരുണാകരന്റെ പഴയ തട്ടകമായ നേമത്ത് മകന്‍ കെ.മുരളീധരനെ തന്നെ ഇറക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം. നേമവുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് കെ.മുരളീധരന്‍ പറയുമ്പോഴും നേമത്ത് ഒരുകൈ നോക്കാന്‍ തയ്യാറാണന്ന്  മുരളീധരന്‍ അറിയിച്ചതായി അദ്ദേഹത്തോട് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.

തന്നോട് ആരും മത്സരിക്കുന്ന കാര്യം പറഞ്ഞിട്ടില്ല. ഏതായാലും എല്ലാ കാര്യങ്ങളും കേന്ദ്ര നേതൃത്വം ചര്‍ച്ച ചെയ്തത് തീരുമാനിക്കുമെന്നാണ് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ മത്സര സന്നദ്ധത അറിയിക്കാന്‍ അദ്ദേഹം ഹൈക്കമാന്‍ഡിനെ ഉടന്‍ കാണുമെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്നും മുരളീധരന്‍ രണ്ടു തവണ നിയമസഭയിലെത്തിയിട്ടുണ്ട്.


നേമത്തും വട്ടിയൂര്‍ക്കാവിലും കരുത്തര്‍ സ്ഥാനാര്‍ത്ഥികളാവണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവിടങ്ങളില്‍ മത്സരിക്കാന്‍ തയ്യാറുണ്ടോ എന്ന് ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ഹൈക്കമാന്‍ഡ് ആരാഞ്ഞിട്ടുമുണ്ട്. എന്നാല്‍ ഇരുവരുടെയും നിലപാട് ഇപ്പോഴും വ്യക്തമല്ല. നേരത്തേ നേമത്തോ വട്ടിയൂര്‍ക്കാവിലോ ഉമ്മന്‍ ചാണ്ടി സ്ഥാനാര്‍ത്ഥിയാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

കഴിഞ്ഞ തവണ കെ.സുരേന്ദ്രന്‍ പിള്ളയായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. തിരഞ്ഞെടുപ്പില്‍ യു ഡി എഫ് മൂന്നാം സ്ഥാനത്തായിരുന്നു. 8,671 വോട്ടുകള്‍ക്കാണ് ഒ.രാജഗോപാല്‍ സിപിഎമ്മിലെ വി.ശിവന്‍കുട്ടിയ പരാജയപ്പെടുത്തിയത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജെ.ഡി.യുവിലെ വി.സുരേന്ദ്രന്‍ പിള്ളക്ക് 13,860 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

കരുത്തനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ഇത്തവണ മണ്ഡലം കൈപ്പിടിയിലൊതുക്കാമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. വി.ശിവന്‍ കുട്ടി തന്നെയാണ്് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കുമ്മനം രാജശേഖരനായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.