പിറവത്തെ ഇടത് സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കി; പുറത്താക്കല്‍ നാടകമെന്ന് ജില്‍സ് പെരിയപ്പുറം

പിറവത്തെ ഇടത് സ്ഥാനാര്‍ഥി  സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കി; പുറത്താക്കല്‍ നാടകമെന്ന് ജില്‍സ് പെരിയപ്പുറം

കൊച്ചി: പിറവത്തെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കി. സിപിഎം ബ്രാഞ്ച് അംഗമായിരുന്ന സിന്ധുമോള്‍ ജേക്കബ് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

സിന്ധുമോള്‍ ജേക്കബിനെ സിപിഎം പുറത്താക്കിയ നടപടി വെറും നാടകമാണന്ന് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്റും പിറവം നഗരസഭാ കൗണ്‍സിലറുമായ ജില്‍സ് പെരിയപ്പുറം പറഞ്ഞു. ജില്‍സിനെ പിറവം സീറ്റിലേക്ക് പരിഗണിച്ചിരുന്നു. രാജിവെച്ച ശേഷം പാര്‍ട്ടിക്കെതിരേ രൂക്ഷവിമര്‍ശനമാണ് ജില്‍സ് ഉന്നയിച്ചത്. ജോസ് കെ മാണി പണം വാങ്ങിയാണ് പുതിയ സ്ഥാനാര്‍ഥിയെ മണ്ഡലത്തില്‍ ഇറക്കുമതി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജില്‍സിന്റെ ആരോപണത്തോട് പ്രതികരിക്കാന്‍ പാര്‍ട്ടി നാതാവ് ജോസ് കെ മാണി വിസമ്മതിച്ചു. ഇത്തരം കമന്റുകളോട് പ്രതികരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് ഇതു സംബന്ധിച്ച ചോദ്യത്തിന് ജോസ് കെ മാണി മറുപടി പറഞ്ഞത്.

അതിനിടെ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് താന്‍ സ്ഥാനാര്‍ഥിയായതെന്ന് സിന്ധുമോള്‍ വ്യക്തമാക്കി. പ്രതിഷേധങ്ങള്‍ സ്വാഭാവികമാണെന്നും രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്നും അവര്‍ പറഞ്ഞു. സിന്ധുമോള്‍ ജേക്കബിനെ സ്ഥാനാര്‍ഥിയാക്കി കഴിഞ്ഞ ദിവസമാണ് കേരള കോണ്‍ഗ്രസ് എം പ്രഖ്യാപനം നടത്തിയത്. സാമുദായിക പരിഗണനയാണ് സിന്ധുമോള്‍ ജേക്കബിന്റെ സ്ഥാനാര്‍ഥിത്വത്തിലേക്ക് നയിച്ചത്.

പാലക്കുഴ പഞ്ചായത്തില്‍ സി.പി.ഐ പ്രതിനിധിയായിരുന്ന പാലക്കുഴ ഓലിക്കല്‍ ജേക്കബ് ജോണിന്റെയും ചിന്നമ്മ ജേക്കബ്ബിന്റെയും മകളാണ് സിന്ധുമോള്‍ ജേക്കബ്. പ്രീഡിഗ്രി പഠനകാലത്ത് മൂവാറ്റുപുഴ നിര്‍മല കോളേജില്‍നിന്ന് എ.ഐ.എസ്.എഫ്. വിദ്യാര്‍ഥിരാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങി. കുറിച്ചി ഹോമിയോ കോളേജില്‍നിന്ന് ബി.എച്ച്.എം.എസ്. ബിരുദം നേടി. ഹോമിയോ ഡോക്ടറായി സ്വകാര്യ പ്രാക്ടീസ് തുടങ്ങി.

ഹോമിയോ ഡോക്ടറായ ഉഴവൂര്‍ സ്വദേശി ഡോ. ജയ്‌സ് പി. ചെമ്മനാട്ടിന്റെ ഭാര്യയാണ്. 2005-ല്‍ ഇടതു സ്വതന്ത്രയായി മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായി. ഇടതുമുന്നണിക്കൊപ്പം ഉണ്ടായിരുന്ന ഡി.ഐ.സി പ്രതിനിധിയായി ജയിച്ച മോളി ലൂക്കാ കേരള കോണ്‍ഗ്രസ് എമ്മിനൊപ്പം എത്തുകയും കേരള കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ 2009-ല്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താവുകയും ചെയ്തു.

2010-ലും 2015-ലും ഉഴവൂര്‍ ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിച്ച് ജയിച്ചു. നിലവില്‍ ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റും മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവുമാണ്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.