തിരുവനന്തപുരം : ഇന്നു മുതല്‍ തുടര്‍ച്ചയായ നാലു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ടാം ശനി, ഞായര്‍ അവധികളും തുടര്‍ന്ന് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജീവനക്കാരുടെ പണിമുടക്കുമാണ്. ഇതേത്തുടര്‍ന്ന് തുടര്‍ച്ചയായ നാലുദിവസം ബാങ്കിങ് ഇടപാടുകള്‍ തടസപ്പെടും.
പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ 15, 16 ദിവസങ്ങളില്‍ പണിമുടക്കുന്നത്.ജീവനക്കാരുടെ സംഘടനകളെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. നാലുദിവസം തുടര്‍ച്ചയായി മുടങ്ങുന്നതിനാല്‍ എടിഎമ്മുകളില്‍ പണം തീര്‍ന്നുപോകുന്ന സാഹചര്യം ഉണ്ടാകുമോ എന്ന് ആശങ്കയുണ്ട്.
എന്നാല്‍ അങ്ങനെ ഉണ്ടായേക്കില്ലെന്നാണ് ബാങ്ക് അധികൃതര്‍ സൂചിപ്പിക്കുന്നത്.
ബാങ്ക് ശാഖകളില്‍ നിന്നും അകലെയുള്ള ഓഫ്‌സെറ്റ് എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നത് ഏജന്‍സികളാണ്. അവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നില്ല. മാത്രമല്ല, ബാങ്ക് ശാഖകളോട് ചേര്‍ന്നുള്ള ഓണ്‍സെറ്റ് എടിഎമ്മുകളില്‍ ഭൂരിഭാഗത്തിലും പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കുന്നതാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
അഖിലേന്ത്യാ പണിമുടക്കില്‍ പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും വിദേശ, ഗ്രാമീണ ബാങ്കുകളില്‍ നിന്നുമുളള പത്ത് ലക്ഷത്തോളം ജീവനക്കാര്‍ രണ്ട് ദിവസത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.