കൊച്ചി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി.സി ചാക്കോ എന്‍ഡിഎയിലേക്കെന്ന് സൂചന. കേരളത്തില്‍ കോണ്‍ഗ്രസ് ജയിക്കാന്‍ പോകുന്നില്ലെന്ന് പറഞ്ഞ ചാക്കോ രണ്ട് ദിവസത്തിനുള്ളില്‍ തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി.
എന്‍സിപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളെയും ചാക്കോ തള്ളിയില്ല. ശരത് പവാര്‍ തന്നെ വിളിച്ചിരുന്നു. അദ്ദേഹവുമായി വളരെകാലത്തെ ബന്ധമുണ്ട്. ഗുലാം നബി ആസാദും ആനന്ദ് ശര്‍മയും വിളിച്ചു. എന്‍സിപിയിലെ പഴയ സഹപ്രവര്‍ത്തകരും വിളിക്കുന്നുണ്ട്. എന്‍ഡിഎയുടെ ഭാഗമാകുമെന്ന അഭ്യൂഹം തള്ളുന്നില്ല. ആര്‍ക്കൊപ്പം പോകുമെന്നത് ഉടന്‍ തന്നെ പ്രഖ്യാപിക്കും. പല ചര്‍ച്ചകളും നടക്കുന്നുണ്ട്.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നയിക്കുന്ന ഗ്രൂപ്പുകളിലെ ഏജന്റുമാരാണ് കോണ്‍ഗ്രസ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. വി.എം സുധീരനും കെ.മുരളീധരനും അടക്കമുള്ളവര്‍ ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ അസംതൃപ്തരാണ്. അവര്‍ തന്നെ ഇതിനെതിരെ രംഗത്ത് വരും. കേരളത്തില്‍ കോണ്‍ഗ്രസുകാരനായി ഇരിക്കുക അസാധ്യമാണ്.
ഗ്രൂപ്പ് വീതം വെപ്പ് മാത്രമാണ് ഇവിടെ നടക്കുന്നത്. രാജിവെക്കാനുള്ള തീരുമാനമൊന്നും പെട്ടെന്നുണ്ടായതല്ല. മാസങ്ങളോളം ആലോചിച്ചു. പാര്‍ട്ടിയില്‍ ആകെ പ്രശ്നങ്ങളാണ്. തന്റെ രാജി കൊണ്ട് നേതൃത്വത്തിന്റെ കണ്ണ് തുറന്നാല്‍ അത് നല്ല കാര്യമെന്നും പി.സി ചാക്കോ പറഞ്ഞു.
ഞാന്‍ ഇത്തവണ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. അത്തരം പ്രചാരണങ്ങളുണ്ട്. എന്നാല്‍ സ്ഥാനാര്‍ത്ഥി പട്ടികയാണ് പ്രശ്നമായത്. ഇക്കാര്യം താരിഖ് അന്‍വറിനോടും പറഞ്ഞിരുന്നു. അവരൊന്നും ഇക്കാര്യം പരിഗണിച്ചില്ല. പ്രാദേശിക തലത്തിലൊന്നും ആലോചിക്കാതെ, കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി പോലും കാണാതെയാണ് ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറായത്.
കെപിസിസി പ്രസിഡന്റ് പോലും അറിയാതെയാണ് കാര്യങ്ങള്‍ നടന്നത്. നാല്‍പ്പത് അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി ഇതുവരെ യോഗം പോലും ചേര്‍ന്നിട്ടില്ല. എല്ലാം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ചേര്‍ന്നാണ് തീരുമാനിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ. ബാബുവിനും കെസി ജോസഫിനും സീറ്റ് നല്‍കരുതെന്ന് തന്നെയാണ് തനിക്കും പറയാനുള്ളതെന്നും പി.സി ചാക്കോ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.