"വിശുദ്ധ തോമാശ്ലീഹ അർപ്പണബോധത്തിന്റെ പ്രതീകം; യേശുവിന്റെ ശിഷ്യന്മാരില്‍ ഏറ്റവും ഇഷ്ടം തോമാശ്ലീഹായെ": മുഖ്യമന്ത്രി


തിരുവനന്തപുരം: യേശുവിന്റെ ശിഷ്യന്മാരിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് തോമാശ്ലീഹായെയാണെന്ന് മുഖ്യമന്ത്രി വി.ഡി  സതീശൻ പറഞ്ഞു. തിരുവനന്തപുരം ലൂർദ് ഫൊറോന എപിജെഎം ഹാളിൽ ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ദുക്റാന സ്നേഹസംഗമത്തിൽ' സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിശ്വസിക്കുന്ന കാര്യങ്ങൾക്കായി ഉറച്ചു നിൽക്കുകയും ആ സന്ദേശം ലോകമെങ്ങും എത്തിക്കുന്നതിനായി തന്റെ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്ത തോമാശ്ലീഹ അർപ്പണബോധത്തിന്റെ പ്രതീകമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

എം.പി ജോസഫ് എഴുതിയ ഒരു പുസ്തകത്തിൻ്റെ പ്രകാശന വേളയിൽ സ്വാഗതം പറഞ്ഞ ഒരാൾ തോമാശ്ലീഹായെ ഡൗട്ടിങ്ങ് തോമസ് എന്നു പറഞ്ഞു. എനിക്ക് അത് ഉൾക്കൊള്ളാൻ പറ്റില്ല. ഞാൻ അങ്ങനെയല്ല അതിനെ കാണുന്നത്. പുറത്തു നിന്നും വന്ന ഒരു പേരാണത്. സംശയാലുവായ തോമസ് എന്ന് തോമാശ്ലീഹായെ വിളിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ക്രിസ്തു പ്രത്യക്ഷപ്പെട്ടപ്പോൾ തോമാശ്ലീഹായുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ല. മറ്റു ശിഷ്യന്മാർ പറഞ്ഞപ്പോഴാണ് അദേഹം അത് അറിയുന്നത്. പക്ഷേ ഞാൻ വിശ്വസിക്കില്ല, ആ മുറിപ്പാട് കാണാതെ അതിൽ വിരൽ തൊട്ടു നോക്കാതെ ആ വിലാപ്പുറത്ത് കൈ വെക്കാതെ ഞാൻ അത് വിശ്വസിക്കില്ല എന്നാണ് പറഞ്ഞത്.

പിന്നീട് തോമാശ്ലീഹ ക്രിസ്തുവിനെ നേരിട്ട് കണ്ടു. അപ്പോൾ ക്രിസ്തു പറഞ്ഞത് നീ നിൻ്റെ വിരലൊന്നു നീട്ടി എന്നെ തൊടുക , ആ കൈ എൻ്റെ വിലാപ്പുറത്തു വെക്കുക എന്നിട്ട് വിശ്വസിക്കുക. അപ്പോൾ തോമാശ്ലീഹാ പറഞ്ഞത് എൻ്റെ ദൈവമേ എൻ്റെ കർത്താവേ എന്നാണ്. കേരളത്തിലെ ക്രൈസ്തവരിൽ ഒരു വലയ വിഭാഗത്തിത്തെ തൊട്ടു വിശ്വാസികൾ എന്നു വിളിക്കാറുണ്ട്. അതിന് കാരണം തൊട്ടു നോക്കിയാലേ വിശ്വസിക്കൂ എന്നുള്ളത് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരു വലിയ സർവകലാശാലയിലെ ഗവേഷകൻ പറഞ്ഞത് തോമാശ്ലീഹാ സയിൻ്റിസ്റ്റുകളുടെ മധ്യസ്ഥനാണ് എന്നാണ്. സയിൻ്റിസ്റ്റുകൾ ഒരു തീരുമാനത്തിൽ എത്തുന്നത് നിരന്തരമായ പരീക്ഷണങ്ങളിലൂടെയാണ്. പിന്നെ വിശ്വാസത്തെക്കുറിച്ച് എങ്ങനെയാ ണ് സംശയാലുവാകുന്നത്. അവനോട് കൂടി മരിപ്പാൻ നമ്മൾ പോവുക എന്നു പറഞ്ഞതിനേക്കാൾ വലിയ വിശ്വാസ തീക്ഷ്ണത എന്താണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നമ്മൾ വിശ്വസിക്കുന്ന ഒരു കാര്യത്തിനു വേണ്ടി മരിക്കാൻ വരെ തയാറാവുക എന്നതിനേക്കൾ വലയ വിശ്വാസം വേറെ ഏതാണ്. നമ്മൾ ഒരു കാര്യം ചെയ്യുമ്പോൾ അതിനു വേണ്ടി അർപ്പണ ബോധത്തോടെ നിൽക്കുക എന്നുള്ളതാണ്. ആ സന്ദേശം പ്രചരിപ്പിക്കാൻ വേണ്ടിയാണ് അദേഹം ഇത്ര മാത്രം യാത്ര ചെയ്തു ഭാരതത്തിൽ എത്തയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ അധ്യക്ഷത വഹിച്ച സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ വിശുദ്ധ തോമാശ്ലീഹ ഭാരതത്തിന് പകർന്നു നൽകിയത് നന്മയുടെ സന്ദേശമായിരുന്നുവെന്ന് വ്യക്തമാക്കി.

മന്ത്രിമാരായ രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, അനൂപ് ജേക്കബ്, റോജി എം. ജോൺ, കെ. മുരളീധരൻ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, ജോൺ ബ്രിട്ടാസ് എംപി, കെസിബിസി പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ, ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ, ബിഷപ്പുമാരായ മാർ ജോസ് പുളിക്കൻ, ഡോ. ആന്റണി മാർ സിൽവാനോസ്, ഡോ. യൂഹാനോൻ മാർ അലക്സിയോസ്, മാർത്തോമാ സഭാ തിരുവനന്തപുരം-കൊല്ലം ഭദ്രാസന അധ്യക്ഷൻ ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ്‌കോപ്പ, മോൺ. വർക്കി ആറ്റുപുറത്ത് കോർഎപ്പിസ്‌കോപ്പ, ലൂഥറൻ സഭ ബിഷപ് റോബിൻസൺ ഡേവിഡ്, ബിലീവേഴ്സ് ചർച്ച് ബിഷപ്പ് റവ. മാത്യൂസ് മാർ സിൽവാനോസ്, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരു രത്നം ജ്ഞാന തപസ്വി തുടങ്ങിയ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.