ഇനി വിദേശത്തും യുപിഐ മാജിക്; എച്ച്എസ്ബിസി, ജെപി മോര്‍ഗന്‍ ബാങ്കുകളുമായി കൈകോര്‍ത്ത് എന്‍പിസിഐ: ഗ്രീസും പട്ടികയിലേക്ക്

ഇനി വിദേശത്തും യുപിഐ മാജിക്; എച്ച്എസ്ബിസി, ജെപി മോര്‍ഗന്‍ ബാങ്കുകളുമായി കൈകോര്‍ത്ത് എന്‍പിസിഐ: ഗ്രീസും പട്ടികയിലേക്ക്

മുംബൈ: ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യയില്‍ വിപ്ലവം സൃഷ്ടിച്ച യുപിഐ ഇനി അന്താരാഷ്ട്ര തലത്തിലും കൂടുതല്‍ കരുത്താര്‍ജിക്കുന്നു. വിദേശ രാജ്യങ്ങളിലേക്കുള്ള പണമിടപാടുകള്‍ തത്സമയം സുതാര്യമായി തീര്‍പ്പാക്കുന്നതിനായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (NPCI) ആഗോള ബാങ്കിങ് ഭീമന്മാരായ എച്ച്എസ്ബിസി ഇന്ത്യ, ജെപി മോര്‍ഗന്‍ പേയ്‌മെന്റ്‌സ് എന്നിവരുമായി തന്ത്രപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു.

വിദേശത്ത് യാത്ര ചെയ്യുന്ന ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ കറന്‍സി വിനിമയ നിരക്കുകളിലെ ആശങ്കകളില്ലാതെ, വളരെ വേഗത്തില്‍ പണമിടപാടുകള്‍ നടത്താന്‍ ഈ പങ്കാളിത്തം വഴി തുറക്കും. നേരിട്ടുള്ള എപിഐ ഇന്റഗ്രേഷന്‍ സാങ്കേതിക വിദ്യ വഴിയാണ് ഈ ബാങ്കുകള്‍ യുപിഐ പ്ലാറ്റ്ഫോമിന് തത്സമയ വിനിമയ നിരക്കുകള്‍ ലഭ്യമാക്കുക. ഇതിലൂടെ വിദേശത്ത് വെച്ച് യുപിഐ വഴി സാധനങ്ങള്‍ വാങ്ങുമ്പോഴോ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോഴോ, തങ്ങളുടെ ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കൃത്യമായി എത്ര രൂപ കുറയുമെന്ന് ഉപഭോക്താക്കള്‍ക്ക് പണം അയക്കുന്നതിന് തൊട്ടുമുമ്പ് തന്നെ സ്‌ക്രീനില്‍ കാണാന്‍ സാധിക്കും.

അന്താരാഷ്ട്ര വ്യാപാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തടസങ്ങളില്ലാതെ അവരുടെ പ്രാദേശിക കറന്‍സിയില്‍ തന്നെ പണം ലഭിക്കുകയും ചെയ്യും. എച്ച്എസ്ബിസിയുമായുള്ള സഹകരണത്തിലൂടെ 24 മണിക്കൂറും സുരക്ഷിതമായ വിദേശ ഇടപാടുകള്‍ സാധ്യമാകുമെന്ന വലിയൊരു പ്രത്യേകതയും ഇതിനുണ്ട്. ഈ സുപ്രധാന ചുവടുവെപ്പിനൊപ്പം യുപിഐയുടെ ആഗോള സാന്നിധ്യം കൂടുതല്‍ വിസ്തൃതമാക്കുകയാണ് എന്‍പിസിഐ.

യൂറോപ്യന്‍ രാജ്യമായ ഗ്രീസിലാണ് പുതുതായി യുപിഐ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഗ്രീസിലെ പ്രമുഖ ബാങ്കിങ് ഗ്രൂപ്പായ യൂറോ ബാങ്കുമായി കൈകോര്‍ത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതോടെ യുപിഐ ഔദ്യോഗികമായി സ്വീകരിക്കുന്ന വിദേശ രാജ്യങ്ങളുടെ എണ്ണം പത്തായി. സിങ്കപ്പൂര്‍, യുഎഇ, ഫ്രാന്‍സ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍, ശ്രീലങ്ക, ഖത്തര്‍, കംബോഡിയ എന്നി രാജ്യങ്ങള്‍ക്ക് പിന്നാലെയാണ് ഇപ്പോള്‍ ഗ്രീസും ഈ ഡിജിറ്റല്‍ ശൃംഖലയുടെ ഭാഗമാകുന്നത്. ഇനി മുതല്‍ ഈ രാജ്യങ്ങളിലെല്ലാം ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് തങ്ങളുടെ ഫോണിലെ യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് നേരിട്ട് രൂപയില്‍ പണമിടപാടുകള്‍ നടത്താം.

പരമ്പരാഗത കാര്‍ഡുകളെയോ വിദേശ കറന്‍സികളെയോ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിലും സുരക്ഷിതമായും അന്താരാഷ്ട്ര യാത്രകള്‍ ആസ്വദിക്കാന്‍ ഇത് ഇന്ത്യക്കാര്‍ക്ക് വലിയ സഹായമാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.