ബിലാസ്പൂര്‍: സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹൈന്ദവ വിശ്വാസ പ്രകാരമുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് ഹൈക്കോടതി. സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരുമന്ത്രം, മറ്റ് ഹിന്ദു പ്രാര്‍ത്ഥനകള്‍ എന്നിവ നിര്‍ബന്ധമാക്കിയ ഛത്തീസ്ഗഡിലെ ബിജെപി സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ഹൈക്കോടതി നിര്‍ദേശം. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതി വിധി.
ജൂലൈയില്‍ ആരംഭിക്കുന്ന അധ്യയന വര്‍ഷം മുതല്‍ ഹിന്ദുമത വിഭാഗത്തിലെ പ്രാര്‍ത്ഥനകള്‍ നടത്തണം എന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ്. വിദ്യാഭ്യാസ ബോര്‍ഡും സര്‍ക്കുലര്‍ പുറപ്പെടുവച്ചിരുന്നു.
ഇത് ചോദ്യം ചെയ്ത് ഛത്തീസ്ഗഡ് മുന്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുസലാം റിസ്വി, മുന്‍ ന്യൂനപക്ഷ വകുപ്പ് ചെയര്‍മാന്‍ മഹേന്ദ്ര ഛബ്ദ, ബിലാസ്പൂര്‍ ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകന്‍ ഷഫീഖ് അഹമ്മദ് എന്നിവര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ഹിന്ദു പ്രാര്‍ഥന ചൊല്ലാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുതെന്ന് കോടതി വ്യക്തമാക്കി. കുട്ടികളെ ഏതെങ്കിലും തരത്തില്‍ സ്‌കൂള്‍ അധികത നിര്‍ബന്ധിച്ചാല്‍ കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. ജസ്റ്റിസ് അമിതേന്ദ്ര കിഷോര്‍ പ്രസാദ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ണായക ഉത്തരവ്.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ദേശീയഗാനം, ദീപമന്ത്രം, സരസ്വതി വന്ദനം, ഗുരുമന്ത്രം എന്നിവ ചൊല്ലണമെന്ന് സംസ്ഥാനം പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. മഹാന്മാരുടെ ജീവ ചരിത്രങ്ങള്‍, ഉച്ചഭക്ഷണ സമയത്ത് ഭോജന്‍ മന്ത്രം, ഗായത്രി മന്ത്രം, ശാന്തി മന്ത്രം എന്നിവ വായിക്കണമെന്നും നിര്‍ബന്ധമാക്കിയിരുന്നു.
സര്‍ക്കാര്‍ ഉത്തരവ് സമൂഹത്തില്‍ വലിയ തോതില്‍ വിഭാഗീയത ഉണ്ടാക്കുമെന്ന് ചൂണ്ടികാണിച്ചാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി എത്തിയത്. ഭരണഘടനാ തത്വങ്ങളെയും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളെയും സര്‍ക്കുലര്‍ ലംഘിച്ചുവെന്ന് ഹര്‍ജിയില്‍ വാദിച്ചു.
'സരസ്വതി വന്ദനം, ഗായത്രി മന്ത്രം, ഗുരുമന്ത്രം, ശാന്തി മന്ത്രം എന്നിവ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കുന്നത് ഒരു പ്രത്യേക മതത്തിന്റെ പ്രബോധനത്തിനും പ്രോത്സാഹനത്തിനും തുല്യമാണ്. അതിനാല്‍ ഭരണഘടനാ വിരുദ്ധമാണ്. ഇത്തരം മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കാത്ത വിദ്യാര്‍ഥികളുടെ സ്വാതന്ത്ര്യം സംരക്ഷിക്കുകയോ ഇളവ് നല്‍കുകയോ ചെയ്യുന്നില്ല.
മതപരമായ നിഷ്പക്ഷത നിലനിര്‍ത്താനുള്ള സംസ്ഥാനത്തിന്റെ ബാധ്യതയാണ് സര്‍ക്കുലര്‍ ലംഘിച്ചത്. മറ്റുള്ള മതങ്ങളെയെല്ലാം ഒഴിവാക്കി ഒരു മതവുമായി ബന്ധപ്പെട്ട പ്രാര്‍ത്ഥനകളും മന്ത്രങ്ങളും മാത്രം നിര്‍ദേശിക്കുന്നതിലൂടെ കുട്ടികളില്‍ വിഭാഗീയത സൃഷ്ടിക്കും. പൊതുവിദ്യാഭ്യാസത്തിന്റെ മതേതര സ്വഭാവവുമായി സര്‍ക്കുലര്‍ പൊരുത്തപ്പെടുന്നില്ല' - ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ ആമിര്‍ ഖാനും സിതാര ഖാനും ഹാജരായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.