അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ പദ്ധതിയില്‍ സര്‍ക്കാര്‍ ഉപസമിതിക്ക് സംതൃപ്തി; റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ പദ്ധതിയില്‍ സര്‍ക്കാര്‍ ഉപസമിതിക്ക് സംതൃപ്തി; റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം

തിരുവനന്തപുരം: മുന്‍ സര്‍ക്കാരിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദലായി മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച അതിവേഗ റെയില്‍ പദ്ധതിയുടെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ ഉപസമിതി.

പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തല്‍. ശ്രീധരന്റെ നിര്‍ദ്ദേശം നടപ്പാക്കാന്‍ സാധിക്കുന്നതാണെന്ന് വിലയിരുത്തിയ ഉപസമിതി പദ്ധതിയുമായി മുന്നോട്ടു പോകാമെന്നും വ്യക്തമാക്കി.

ഉപസമിതി ഉന്നയിച്ച സംശയങ്ങളില്‍ ശ്രീധരന്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. പദ്ധതിയുടെ പ്രൊപ്പോസല്‍ ഇ. ശ്രീധരന്‍ മുഖ്യമന്ത്രിക്ക് മുമ്പാകെ സമര്‍പ്പിച്ചതിന് പിന്നാലെ ഇതേപ്പറ്റി പഠിക്കാന്‍ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു.

ഗതാഗത സെക്രട്ടറി ടി.വി അനുപമ, ദക്ഷിണ റെയില്‍വേ പ്രിന്‍സിപ്പല്‍ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ ജെ. വിനയന്‍, സാമ്പത്തിക വിദഗ്ധന്‍ ഡോ. ടി. വീരമണി, പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീധര്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഉപമിതി അംഗങ്ങള്‍.

ഇ. ശ്രീധരന്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ ഉപസമിതിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. ഇതിന് പുറമേ തുക എന്തിനൊക്കെ ചെലവഴിക്കും എന്നത് സംബന്ധിച്ചും ഉപസമിതിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു.

ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന ഉപസമിതിയുടെ ആവശ്യം മുന്‍നിര്‍ത്തിയായിരുന്നു ഇ. ശ്രീധരന്റെ നിര്‍ദ്ദേശ പ്രകാരം ഉദ്യോഗസ്ഥര്‍ എത്തി വിശദീകണം നല്‍കിയത്. ഇക്കാര്യങ്ങള്‍ അടക്കം ഉപസമിതി വീണ്ടും പരിശോധിക്കും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.