യാത്രാ സമയം വെറും രണ്ട് മണിക്കൂര്‍; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ആദ്യ ഘട്ടം 2027 ല്‍ യാഥാര്‍ഥ്യമാകും

യാത്രാ സമയം വെറും രണ്ട് മണിക്കൂര്‍; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ആദ്യ ഘട്ടം 2027 ല്‍ യാഥാര്‍ഥ്യമാകും

മുംബൈ: ഇന്ത്യയുടെ അതിവേഗ റെയില്‍ സ്വപ്നങ്ങള്‍ക്ക് ചിറകേകി മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ആദ്യ ഘട്ടം 2027 ല്‍ യാഥാര്‍ഥ്യമാകുന്നു. സൂറത്തിനെയും ബിലിമോറയെയും ബന്ധിപ്പിക്കുന്ന ആദ്യ പാതയുടെ ഉല്‍ഘാടനം 2027 ല്‍ നടക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാജ്യത്തെ ആദ്യത്തെ അതിവേഗ റെയില്‍ ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. നിലവില്‍ പദ്ധതിയുടെ 80 ശതമാനത്തോളം പണികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള ഭാഗങ്ങള്‍ ഘട്ടങ്ങളായി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനാണ് റെയില്‍വേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തിന് ശേഷം വാപി-സൂറത്ത് സെക്ഷന്‍ പ്രവര്‍ത്തന സജ്ജമാക്കും. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ വാപി-അഹമ്മദാബാദ്, അഹമ്മദാബാദ്-താനെ, അഹമ്മദാബാദ്-മുംബൈ എന്നി റൂട്ടുകളിലെ നിര്‍മാണവും പൂര്‍ത്തിയാക്കും.

നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ തന്നെ പദ്ധതി മുഴുവനായും ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് റെയില്‍വേ. ഇതിനൊപ്പം അഹമ്മദാബാദിലെ ഗതാഗത, റെയില്‍വേ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 350 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ തക്കവണ്ണമാണ് ഈ ബുള്ളറ്റ് ട്രെയിനുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. എങ്കിലും ഇവയുടെ സര്‍വീസ് വേഗം മണിക്കൂറില്‍ 320 കിലോമീറ്റര്‍ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുന്നതോടെ, മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള 508 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വെറും ഒരു മണിക്കൂറും 58 മിനിറ്റും മാത്രം മതിയാകും. ഇത് ഇരു നഗരങ്ങള്‍ക്കിടയിലെ യാത്രാ സമയത്തില്‍ വന്‍ കുറവ് വരുത്തും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.