റാവലകോട്ട്: പാക് അധിനിവേശ കാശ്മീരില്‍ പാകിസ്ഥാന്‍ ഭരണകൂടത്തിന്റെ ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം വന്‍ സംഘര്‍ഷത്തിലേക്ക് വഴിമാറി. മേഖലയിലെ സാമ്പത്തിക-ആശയവിനിമയ ഉപരോധങ്ങള്‍ അവസാനിപ്പിക്കുക, തടവിലാക്കപ്പെട്ട നേതാക്കളെ മോചിപ്പിക്കുക, അവശ്യ വസ്തുക്കളുടെ വിതരണം പുനസ്ഥാപിക്കുക, 38 ഇന കരാര്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആയിരക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയത്.
ജമ്മു കാശ്മീര്‍ ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റിയുടെ (ജെ.എ.എ.സി) ആഹ്വാന പ്രകാരം മുസാഫറാബാദ്, റാവലകോട്ട്, മിര്‍പൂര്‍ എന്നിവിടങ്ങളില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടി. പ്രതിഷേധം അടിച്ചമര്‍ത്താന്‍ അന്‍ബ് മേഖലയില്‍ പൊലീസും പാക് റേഞ്ചേഴ്‌സും ചേര്‍ന്ന് കണ്ണീര്‍ വാതക പ്രയോഗവും വെടിവെയ്പ്പും നടത്തിയതോടെയാണ് സ്ഥിതിഗതികള്‍ ഗുരുതരമായത്. സുരക്ഷാ സേന നടത്തിയ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവിധ ഇടങ്ങളില്‍ ഉണ്ടായ അക്രമങ്ങളില്‍ നാല് യുവാക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അതേസമയം ദഡ്യാലില്‍ പ്രകോപിതരായ ജനക്കൂട്ടം സുരക്ഷാ ഉദ്യോഗസ്ഥരെ തുരത്തി പ്രദേശത്തിന്റെ പൂര്‍ണ നിയന്ത്രണം കൈക്കലാക്കി. ഇതോടെ പാക് സുരക്ഷാ സേനയ്ക്ക് അവിടെ നിന്ന് പിന്‍വാങ്ങേണ്ടി വന്നു. എന്നാല്‍ ഈ മരണ വിവരങ്ങളെക്കുറിച്ചോ സംഘര്‍ഷങ്ങളെക്കുറിച്ചോ ഔദ്യോഗിക പ്രതികരണം നടത്താന്‍ പാകിസ്ഥാന്‍ ഭരണകൂടം ഇതുവരെ തയ്യാറായിട്ടില്ല. ഭീകരവിരുദ്ധ നിയമ പ്രകാരം ജെ.എ.എ.സിയെ നിരോധിച്ചതിന് പിന്നാലെ പാക് ഭരണകൂടം വലിയ രീതിയിലുള്ള മനുഷ്യാവകാശ ലംഘനങ്ങളാണ് മേഖലയില്‍ നടത്തുന്നത്.
പ്രമുഖ നേതാവ് ഷൗക്കത്ത് നവാസ് മിര്‍ ഉള്‍പ്പെടെ അറൂറോളം പ്രവര്‍ത്തകരെയാണ് ഇതിനകം സുരക്ഷാ സേന തടവിലാക്കിയിരിക്കുന്നത്. ജനകീയ മുന്നേറ്റത്തെ ഭയന്ന് പല ജില്ലകളിലും ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങള്‍ ഭരണകൂടം പൂര്‍ണമായി റദ്ദാക്കിയിരിക്കുകയാണ്. വിവരങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ നടത്തുന്ന ഈ നീക്കങ്ങള്‍ക്കൊപ്പം, ജനങ്ങള്‍ക്ക് ഭക്ഷണമോ മരുന്നോ ലഭിക്കാത്ത വണ്ണം കടുത്ത സാമ്പത്തിക ഉപരോധവും പാകിസ്ഥാന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സമരക്കാര്‍ ആരോപിക്കുന്നു. ഭരണകൂട ഭീകരതയ്‌ക്കെതിരെ പാക് അധിനിവേശ കശ്മീരില്‍ ഉടനീളം പാകിസ്ഥാന്‍ വിരുദ്ധ വികാരം ഇപ്പോള്‍ ആളിപ്പടരുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.