നത്തോലിയും ചെറിയ മീനല്ല; കലക്കവെള്ളത്തില്‍ വലയെറിഞ്ഞ് ബിജെപി

നത്തോലിയും ചെറിയ മീനല്ല; കലക്കവെള്ളത്തില്‍ വലയെറിഞ്ഞ് ബിജെപി

കൊച്ചി: സീറ്റ് തര്‍ക്കങ്ങളില്‍ കേരള രാഷ്ട്രീയം കലങ്ങി മറിയുമ്പോള്‍ നത്തോലിയും ചെറിയ മീനല്ലെന്ന തിരിച്ചറിവില്‍ കലക്കവെള്ളത്തില്‍ വലയെറിയുകയാണ് ബിജെപി. നോര്‍ത്ത് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരിക്ഷിച്ച് വിജയിച്ച അതേ രാഷ്ട്രീയ ചാണക്യതന്ത്രം. സീറ്റ് വിഭജനത്തില്‍ അസംതൃപ്തരായ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കന്‍മാരെയും അവര്‍ക്കൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തകരെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്യുകയാണ് നേതാക്കള്‍. ഒപ്പം വമ്പന്‍ ഓഫറും.

സ്വന്തം പാര്‍ട്ടി വിട്ടാല്‍ ബിജെപി എന്ന നിലയിലേക്ക് മാറുകയാണോ കേരളവും? കഴിഞ്ഞ ദിവസങ്ങളിലെ സംഭവ വികാസങ്ങള്‍ നല്‍കുന്ന സൂചന അതാണ്. സീറ്റ് വിഭജനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച് കോണ്‍ഗ്രസ് വിട്ട പി.സി ചാക്കോ ബിജെപിയിലേക്ക് എന്ന സൂചന ഇന്നലെ നല്‍കിക്കഴിഞ്ഞു. ബിജെപി അഖിലേന്ത്യാ നേതൃത്വവുമായി ചാക്കോ പലവട്ടം സംസാരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കും എന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

കഴിഞ്ഞ ഇരുപത് വര്‍ഷമായി കേരളത്തില്‍ നടന്ന നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിത്വത്തിനായി ശ്രമിക്കുകയും അവസാന നിമിഷം പിന്തള്ളപ്പെടുകയും ചെയ്യുന്ന, ഇപ്പോള്‍ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായ ലതികാ സുഭാഷും ബിജെപിയിലേക്ക് എന്ന വാര്‍ത്ത പുറത്തു വരുന്നുണ്ട്. ഇതിനിടെ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കെപിസിസി സെക്രട്ടറി ആയിരുന്ന മോഹന്‍ തോമസ് വെള്ളിയാഴ്ച ബിജെപിയില്‍ ചേര്‍ന്നിരുന്നു.

സീറ്റ് തര്‍ക്കങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ ഇടഞ്ഞു നില്‍ക്കുന്ന കാസര്‍കോഡ്, വയനാട്, മലപ്പുറം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ ഡിസിസി, കെപിസിസി നേതാക്കന്‍മാരുമായി ബിജെപി സംസ്ഥാന നേതൃത്വം നിരന്തരം ബന്ധപ്പെടുന്നുണ്ട്. ബിജെപിയുടെ സീറ്റ് പ്രഖ്യാപനം നീട്ടിക്കൊണ്ടു പോകുന്നതിന്റെ കാരണവും മറ്റൊന്നല്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കു കൂട്ടുന്നു. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവരെക്കൂടി ഉള്‍പ്പെടുത്തി സ്ഥാനാര്‍ഥി ലിസ്റ്റ് എന്നതാണ് ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പിക്കല്‍ തന്ത്രത്തിനു പിന്നില്‍.

തിരുവല്ലയില്‍ ജോസഫ് എം പുതുശേരിക്കൊപ്പം സീറ്റ് നിക്ഷേധിക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് വിക്ടര്‍ തോമസും കാവി രാഷ്ട്രിയത്തിലേക്ക് ചേക്കേറാനുള്ള ശ്രമത്തിലാണ്. ആറന്മുളയിലോ തിരുവല്ലയിലോ വിക്ടര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നുള്ള പ്രചാരണങ്ങളും ഉണ്ട്. ഇത് സംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.

പാര്‍ട്ടി ലീഡര്‍ പി.ജെ ജോസഫുമായി തുടര്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം നിലപാട് അറിയിക്കുമെന്നാണ് വിക്ടര്‍ തോമസ് വ്യക്തമാക്കിയത്. കഴിഞ്ഞ തവണ തിരുവല്ലയില്‍ ജോസഫ് എം പുതുശേരിക്ക് സീറ്റ് നല്‍കിയപ്പോള്‍ 2021 ല്‍ തനിക്ക് സീറ്റ് നല്‍കാമെന്ന് മാണി സാര്‍ വാഗ്ദാനം നല്‍കിയിരുന്നതാണെന്നും ഇപ്പോള്‍ തന്നോട് നീതികേടാണ് കാണിച്ചതെന്നുമാണ് വിക്ടറിന്റെ പരാതി.

ഇതിനിടെ ആര്‍എസ്പി നേതാവും ആര്‍എസ്പി യുവജന വിഭാഗം സംസ്ഥാന അധ്യക്ഷനുമായിരുന്ന മുഹമ്മദ് നഹാസ് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ തവണ തൃശൂര്‍ കയ്പ്പമംഗലം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുഹമ്മദ് നഹാസ് മത്സരിച്ചിരുന്നു. സിപിഐയിലെ ഇ.ടി ടൈസനോട് പരാജയപ്പെടുകയായിരുന്നു. സീറ്റ് വിഭജന ചര്‍ച്ചയില്‍ കയ്പ്പമംഗലം വേണ്ടെന്നും പകരം സീറ്റ് വേണമെന്നുമായിരുന്നു ആര്‍എസ്പി നിലപാട്. മട്ടന്നൂര്‍ സീറ്റ് ലഭിച്ചതോടെയാണ് ആര്‍എസ്പി കയ്പ്പമംഗലം സീറ്റ് ഉപേക്ഷിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നഹാസ് പാര്‍ട്ടി വിട്ടത്.

ഇത്തരത്തില്‍ പാര്‍ട്ടിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങി നില്‍ക്കുന്നവര്‍ നിരവധിയുണ്ടെന്നാണ് ബിജെപി നേതാക്കളുടെ അവകാശവാദം. അക്കരപ്പച്ച കണ്ട് പോകാനൊരുങ്ങുന്നവര്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസില്‍ നിന്ന് പിണങ്ങി ബിജെപിയിലെത്തിയ ദേശീയ നേതാവ് ടോം വടക്കന്‍ ഇപ്പോള്‍ എവിടെയുണ്ട് എന്നന്വേഷിക്കുക... പൊടിപോലുമില്ല കണ്ടു പിടിക്കാന്‍.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.